മാസം തികയാതെയുള്ള പ്രസവം ഒഴിവാക്കാനും ഗർഭകാലത്തെ രോഗങ്ങൾ അകറ്റാനും ഈ ഭക്ഷണങ്ങള്‍ കഴിക്കാം
Mail This Article
ഗര്‍ഭിണിയാകാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് അയണ്‍, ഫോളിക് ആസിഡ് സപ്ലിമെന്റുകള്‍ നിര്‍ദ്ദേശിക്കപ്പെടാറുണ്ട്. ഗര്‍ഭകാലത്തിന് വേണ്ടി ശരീരത്തെ ഒരുക്കിയെടുക്കാന്‍ ഇവ സഹായിക്കും. ഗര്‍ഭിണികളില്‍ അയണ്‍ അഭാവം മൂലമുള്ള വിളര്‍ച്ചയുടെ സാധ്യത കൂടി കണക്കിലെടുത്താണ് ഇത്.
ഗര്‍ഭിണികള്‍ക്കു പ്രതിദിനം 27 മില്ലിഗ്രാം അയണ്‍ ആവശ്യമാണെന്നു ഡോക്ടര്‍മാര്‍ പറയുന്നു. ഗര്‍ഭകാലത്തെ അയണ്‍ അഭാവം മാസം തികയാതെയുള്ള പ്രസവത്തിനും നവജാതശിശുവിന്റെ ഭാരക്കുറവിനും ഗര്‍ഭകാല വിഷാദരോഗത്തിനുമൊക്കെ കാരണമാകാം. ഗര്‍ഭകാലത്ത് കഴിക്കാവുന്ന അഞ്ച് അയണ്‍ സമ്പുഷ്ടമായ ഭക്ഷണവിഭവങ്ങള്‍ പരിചയപ്പെടുത്തുകയാണ് പ്രമുഖ ന്യൂട്രീഷനിസ്റ്റായ ലവ്നീത് ബത്ര തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ.
1. മുള്ളഞ്ചീര
അയണിന് പുറമേ ഫൈബറും പ്രോട്ടീനും മഗ്നീഷ്യവും ഫോസ്ഫറസും അടങ്ങിയ പോഷകസമ്പുഷ്ടമായ വിഭവമാണ് മുള്ളഞ്ചീര. ഇത് ശരീരത്തിലെ നീര്‍ക്കെട്ടും കുറയ്ക്കുന്നു. ഗ്ലൂട്ടന്‍ രഹിതമായ ഈ പച്ചില സാലഡായും സൂപ്പായും സ്മൂത്തിയായുമെല്ലാം ഉപയോഗിക്കാം.
2. മോത്ത് ബീന്‍സ്
ഇന്ത്യയില്‍ മട്കി ദാല്‍ എന്നറിയപ്പെടുന്ന മോത്ത് ബീന്‍സും പ്രോട്ടീനും മറ്റ് അവശ്യ പോഷണങ്ങളും അടങ്ങിയ പയര്‍ വിഭവമാണ്. ഇത് അയണിന്റെ ആവശ്യകത നിറവേറ്റുക മാത്രമല്ല പ്രതിരോധ സംവിധാനത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യും. ഗര്‍ഭകാലത്തെ രോഗങ്ങള്‍ അകറ്റാന്‍ ഇവയുടെ ഉപയോഗം സഹായിക്കും.
3. ബീറ്റ്റൂട്ട്
അയണും ആന്റി ഓക്സിഡന്റുകളും നിറയെ അടങ്ങിയ പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ഇത് ഗര്‍ഭിണികളിലെ വിളര്‍ച്ചാ സാധ്യത കുറയ്ക്കും. ബീറ്റ് റൂട്ടിലെ ഫൈബര്‍ തോത് മലബന്ധവും ഇല്ലാതാക്കും. പ്രതിരോധശേഷിക്കും ഇത് നല്ലതാണ്.
4. മാതളനാരങ്ങ
ഗര്‍ഭകാലത്തെ പല സങ്കീര്‍ണ്ണതകളും കുറയ്ക്കുന്ന ഫോളേറ്റ് അഥവാ ഫോളിക് ആസിഡ് മാതളനാരങ്ങയില്‍ അടങ്ങിയിരിക്കുന്നു. മികച്ചൊരു ഊര്‍ജ്ജ സ്രോതസ്സു കൂടിയായ മാതളനാരങ്ങ വൈറ്റമിന്‍ കെ, കാല്‍സ്യം, പ്രോട്ടീന്‍, ഫൈബര്‍ തുടങ്ങിയ പോഷണങ്ങളും ഗര്‍ഭിണികള്‍ക്ക് നല്കുന്നു.
5. പുളി
ഗര്‍ഭകാലത്തിന്റെ ആദ്യ മൂന്ന് മാസം പല സ്ത്രീകള്‍ക്കും പുളി കഴിക്കാനുള്ള ആഗ്രഹമുണ്ടാകാറുണ്ട്. പുളി അയണ്‍, വൈറ്റമിന്‍ എ, പൊട്ടാസിയം തുടങ്ങിയ അവശ്യ പോഷണങ്ങളുടെ കലവറയാണ്. ഗര്‍ഭിണികള്‍ക്ക് രാവിലെ ഉണ്ടാകുന്ന ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയവയില്‍ നിന്ന് ആശ്വാസം നല്‍കാനും പുളി സഹായിക്കും.
അയണ്‍ ശരീരത്തിലേക്ക് ശരിയായി ആഗീരണം ചെയ്യുന്നതിന് വൈറ്റമിന്‍ സിയും ആവശ്യമാണ്. ഇതിനാല്‍ വൈറ്റമിന്‍ സി അടങ്ങിയ സിട്രസ് പഴങ്ങളും തക്കാളിയും ബ്രോക്കളിയും കാപ്സിക്കവുമൊക്കെ കഴിക്കാനും ഗര്‍ഭിണികള്‍ മറക്കരുത്.
സ്ത്രീകളുടെ ആരോഗ്യത്തിന് ഈ കാര്യങ്ങൾ ശ്രദ്ധിക്കാം: വിഡിയോ