ADVERTISEMENT

ഉറക്കവും ഭക്ഷണവും തമ്മിൽ വല്ല ബന്ധവും ഉണ്ടോ? ഉണ്ട് എന്നാണുത്തരം. ഉറക്കം മെച്ചപ്പെടുത്താൻ കുടൽ സൗഹൃദ (gut-friendly) ഭക്ഷണങ്ങൾക്കു കഴിയും. ഉദരവും തലച്ചോറും തമ്മിൽ ബന്ധമുള്ളതിനാലാണിത്. ഉദരത്തിൽ കോടിക്കണക്കിന് അതിസൂക്ഷ്മജീവികളുണ്ട്. ഗട്ട് മൈക്രോബയാറ്റ എന്നാണിവയെ വിളിക്കുന്നത്. ഉറക്കം ഉൾപ്പെടെ ആരോഗ്യത്തിന്റെ കാര്യത്തിൽ ഇവ പ്രധാന പങ്കുവഹിക്കുന്നു.

മെച്ചപ്പെട്ട ഉറക്കം ലഭിക്കാൻ സഹായിക്കുന്ന സെറോടോണിൻ എന്ന ന്യൂറോട്രാൻസ്മിറ്ററിന്റെ ഉൽപാദനത്തിൽ ഉദരത്തിലെ ആരോഗ്യമുളള അതിസൂക്ഷ്മജീവികൾക്കു പങ്കുണ്ട്. മാനസികനില, വിശപ്പ്, ഉറക്കം ഇവയെല്ലാം നിയന്ത്രിക്കുന്ന ന്യൂറോട്രാൻസ്മിറ്ററാണ് സെറോടോണിൻ.

Representative image. Photo Credit: Marcos Elihu Castillo Ramirez/istockphoto.com
Representative image. Photo Credit: Marcos Elihu Castillo Ramirez/istockphoto.com

ദഹനത്തിനും പോഷകങ്ങളുടെ ആഗിരണത്തിലും ഉദരത്തിലെ സൂക്ഷ്മാണുക്കൾ സഹായിക്കുന്നുണ്ട്. ചില വിറ്റമിനുകളുടെയും ധാതുക്കളുടെയും അഭാവം ഉറക്കപ്രശ്നങ്ങൾക്ക് കാരണമാകാം. കുടൽ– സൗഹൃദ (gut friendly) ഭക്ഷണങ്ങൾ പോഷകങ്ങളുടെ ആഗിരണത്തിനു സഹായിക്കുകയും ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുക വഴി രാത്രിയിൽ സുഖമായ ഉറക്കം ലഭിക്കുകയും ചെയ്യും.

കുടൽ–സൗഹൃദ ഭക്ഷണങ്ങൾ, ഉദരത്തിലെ സൂക്ഷ്മാണുക്കൾക്ക് ഗുണം ചെയ്യുകയും ഇത് ഇൻഫ്ലമേഷൻ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. ഉദരാരോഗ്യം മെച്ചപ്പെടുത്തുന്ന, നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെ എന്നു നോക്കാം.

∙വാഴപ്പഴം – മഗ്നീഷ്യം, പൊട്ടാസ്യം, ട്രിപ്റ്റോ ഫാൻ എന്നിവ ധാരാളം അടങ്ങിയ വാഴപ്പഴം പേശികളെ വിശ്രാന്തിയിലാക്കാനും മെലാടോണിന്റെ ഉൽപാദനത്തിനും സഹായിക്കുന്നതോടൊപ്പം ഉറക്കം മെച്ചപ്പെടുത്താനും സഹായിക്കും.
∙കിവി – കിവിയിൽ ധാരാളം ആന്റിഓക്സിഡന്റുകളുണ്ട്. സെറോടോണിൻ, വൈറ്റമിൻ സി, വൈറ്റമിൻ ഇ എന്നിവയും ധാരാളമുണ്ട്. ഉറക്കരീതികൾ നിയന്ത്രിക്കാനും മെച്ചപ്പെട്ട ഉറക്കം ലഭിക്കാനും സഹായിക്കുന്നു.
∙ബദാം– മഗ്നീഷ്യത്തിന്റെയും ആരോഗ്യകരമായ കൊഴുപ്പുകളുടെയും ഉറവിടമാണ് ബദാം. മസിലുകളെ റിലാക്സ് ചെയ്യിക്കുകയും ഉറക്കം മെച്ചപ്പെടുത്തുകയും െചയ്യും.
∙യോഗർട്ട് – ദഹനത്തിനു സഹായിക്കുന്നു. ഉദരത്തിലെ ആരോഗ്യകരമായ സൂക്ഷ്മാണുക്കൾക്കു നല്ലത്. ഉറക്കം തടസ്സപ്പെടുത്തുന്ന അസ്വസ്ഥതകളെ തടയാൻ യോഗർട്ട് സഹായിക്കും. പ്ലെയ്ൻ യോഗർട്ട് ആണ് നല്ലത്.
∙ഇഞ്ചി – ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ഇഞ്ചി, വയറിലെ ഇൻഫ്ലമേഷൻ കുറയ്ക്കുന്നു. ദഹനം മെച്ചപ്പെടുത്തുന്നു. സുഖമായ ഉറക്കം ലഭിക്കാൻ സഹായിക്കുന്നു.
∙ഓട്സ് – മുഴുധാന്യ ഓട്സിൽ മെലാടോണിൻ, ഫൈബർ, വൈറ്റമിനുകൾ തുടങ്ങിയവയുണ്ട്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. വിശപ്പ് അകറ്റുന്നു. രാത്രി മുഴുവൻ ഊർജനില നിലനിർത്താന്‍ സഹായിക്കുന്നു.

Image Credit: milan2099/Istock
Image Credit: milan2099/Istock

∙കൊഴുപ്പുള്ള മത്സ്യം – അയല, മത്തി, കോര തുടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ മത്സ്യം ഇൻഫ്ലമേഷൻ കുറയ്ക്കും. തലച്ചറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. ഉറക്കം നിയന്ത്രിക്കുന്നു.
∙ക്യാമൊമൈൽ ടീ (Chamomile Tea)– ഈ ഹെർബൽ ചായയ്ക്ക് സെഡേറ്റീവ് ഗുണങ്ങളുണ്ട്. ദഹനവ്യവസ്ഥയ്ക്ക് ഇത് ആശ്വാസം നൽകുന്നു. ഇത് ഉറക്കം ലഭിക്കാൻ സഹായിക്കും.
∙മഞ്ഞൾ – മഞ്ഞളടങ്ങിയ കുർകുമിൻ എന്ന സംയുക്തം ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതാണ്. ഇത് ഉദരത്തിലെ സൂക്ഷ്മാണുക്കളെ ആരോഗ്യമുള്ളതാക്കുന്നതോടൊപ്പം മെച്ചപ്പെട്ട ഉറക്കത്തിനും സഹായിക്കും.
∙പുളിപ്പിച്ച ഭക്ഷണങ്ങൾ – പുളിപ്പിച്ച ഭക്ഷണങ്ങൾ ഉദരത്തിലെ ബാക്ടീരിയകൾക്ക് നല്ലതാണ്. ഇത് ദഹനത്തിനും ഉദരാരോഗ്യത്തിനും നല്ലതാണ്. ഒപ്പം സുഖകരമായ ഉറക്കം ലഭിക്കാനും സഹായിക്കും.

Representative image. Photo Credit:g-stockstudio/istockphoto.com
Representative image. Photo Credit:g-stockstudio/istockphoto.com

ഭക്ഷണത്തിൽ ഇവയെല്ലാം പതിവായി ഉൾപ്പെടുത്താം. ഉറങ്ങാൻ പോകും മുൻപ് കൂടുതൽ അളവിൽ ഭക്ഷണം കഴിക്കരുത്. ഇത് ദഹനത്തെയും ഉറക്കത്തെയും തടസ്സപ്പെടുത്തും. ഉദരത്തിന്റെ ആരോഗ്യം ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിൽ പ്രധാനമാണ്. ഇത് മെച്ചപ്പെട്ട ഉറക്കം ലഭിക്കാനും സഹായിക്കും. തുടർച്ചയായ ഉറക്കപ്രശ്നങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ ആരോഗ്യപ്രവർത്തകരെ തീർച്ചയായും സമീപിക്കേണ്ടതാണ്.

കൂർക്കംവലി അകറ്റാൻ എളുപ്പവഴി : വിഡിയോ

English Summary:

Gut Friemdly Foods to Consume for Better Sleep

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com