ADVERTISEMENT

അമിതമായി ഭക്ഷണം കഴിക്കുന്നത് ഒരു നല്ല ശീലമല്ല എന്ന് ആർക്കും പറഞ്ഞു തരേണ്ടതില്ല. എത്ര കഴിച്ചാലും ചിലപ്പോൾ പിന്നെയും വിശക്കുന്നവരുണ്ടാകും. അത്തരക്കാരെ കാത്തിരിക്കുന്നത് അമിതവണ്ണവും കൊളസ്‌ട്രോളും പോലുള്ള രോഗാവസ്ഥകളായിരിക്കും. കൂടുതൽ ജീവിതശൈലീരോഗങ്ങളിലേക്കും ഈ പ്രവണത കൊണ്ടെത്തിക്കുമെന്നു പറയേണ്ടതില്ലല്ലോ. വിശപ്പ് തോന്നുമ്പോൾ മിക്കവരും പഞ്ചസാര അടങ്ങിയതോ അല്ലെങ്കിൽ എണ്ണയിൽ വറുത്തതോ ആയ സ്നാക്ക്സ് കഴിച്ചായിരിക്കും താൽക്കാലികാശ്വാസം കണ്ടെത്തുക. ബേക്കറിയിൽ നിന്നോ ഹോട്ടലുകളിൽ നിന്നോ വാങ്ങുന്ന പലഹാരങ്ങളും ജങ്ക് ഫുഡുകളും സ്ഥിരമായി കഴിക്കുന്നത് ആരോഗ്യകരമേയല്ല. അതുകൊണ്ടു തന്നെ അത്തരം ഭക്ഷണങ്ങൾ ഒഴിവാക്കി അമിതമായ വിശപ്പിനെ നിയന്ത്രിക്കാൻ കഴിയുന്ന ചില ആരോഗ്യദായകങ്ങളായ ഭക്ഷ്യവസ്തുക്കൾ പരിചയപ്പെടാം.

Thumbnails - 1

അമിതമായി വിശപ്പ് തോന്നുന്നവർക്കു ഇടനേരങ്ങളിൽ നട്സ് ശീലമാക്കാം. വിശപ്പ് ശമിപ്പിക്കാൻ ബദാം അത്യുത്തമമാണ്. ആന്റി ഓക്സിഡന്റുകളും വിറ്റാമിൻ ഇ യും മഗ്നീഷ്യം, പ്രോട്ടീൻ, നാരുകൾ എന്നിവയാൽ സമ്പന്നമാണ് ബദാം. വിശപ്പ് ശമിപ്പിക്കുമെന്നു മാത്രമല്ല, ആരോഗ്യത്തിനും അത്യുത്തമമാണ്. വാൾനട്ടും ഇടനേരങ്ങളിൽ ശീലമാക്കാവുന്നതാണ്. ശരീരത്തിലെ അമിതമായ കൊഴുപ്പിനെ പ്രതിരോധിക്കാനും കലോറി കുറയ്ക്കാനും സഹായിക്കുന്ന ഒന്നാണ് തേങ്ങ. മാത്രമല്ല, വിശപ്പ് കുറയ്ക്കുകയും ചെയ്യും. പ്രോട്ടീനും ഫൈബറും ധാരാളമായി അടങ്ങിയ വെള്ളക്കടല കഴിക്കുന്നതു ശരീരത്തിന് ഗുണകരമാണ്. വിശക്കാതിരിക്കാനുമിതു സഹായിക്കും.

പ്രോട്ടീനും കാൽസ്യവും ധാരാളമായി അടങ്ങിയ മോര് വിശപ്പിനെ ശമിപ്പിക്കും. ഇടനേരങ്ങളിൽ പച്ചക്കറി ജ്യൂസുകളും മോരും വെള്ളവും പോലുള്ളവ ശീലമാക്കാവുന്നതാണ്. ജ്യൂസുകൾ തയാറാക്കുമ്പോൾ ചണവിത്തുകൾ കൂടി ചേർത്ത് കഴിക്കാവുന്നതാണ്. ആന്റി ഓക്സിഡന്റുകളും നാരുകളും അടങ്ങിയിരിക്കുന്നത് കൊണ്ടുതന്നെ പച്ചക്കറികൾ കൊണ്ട് തയാറാക്കുന്ന ജ്യൂസുകൾ കഴിക്കുന്നത് ആരോഗ്യകരമാണ്. കൂടെ വിശപ്പും കുറയും.

വെള്ളക്കടല പ്രോട്ടീൻ സമ്പന്നമാണ്. സാലഡ് പൊതുവെ മലയാളികൾക്ക് അത്ര പ്രിയം ഉള്ള ഒരു ആഹാര രീതി അല്ല . എന്നാലും വെള്ളക്കടല കൊണ്ട് അടിപൊളി സാലഡ് തയാറാക്കാം. അമിതമായി വിശപ്പ് തോന്നുമ്പോഴും ഇനി ഇത് കഴിക്കാം.

Representative Image. Photo Credit : Deepak Sethi/ iStockPhoto.com
Representative Image. Photo Credit : Deepak Sethi/ iStockPhoto.com

ചേരുവകൾ

കടല വേവിച്ചത്  – 1 കപ്പ് ഉള്ളി കൊത്തി അരിഞ്ഞത് –   1/2 കപ്പ്  തേങ്ങാ ചിരകിയത്  –  1/2 കപ്പ് കുരുമുളക് പൊടി – 1/2 ട്സപ് ഉപ്പ് – പാകത്തിന്  നാരങ്ങാ നീര് – ആവശ്യത്തിന്. താളിക്കുന്നതിന്  വെളിച്ചെണ്ണ – 1 ടേബിൾസ്പൂൺ  കടുക് –  1 ടീസ്പൂൺ  കറിവേപ്പില – 1 തണ്ട്  മുളക് – 2-3 എണ്ണം.

തയാറാക്കുന്ന വിധം

1) കടല, ഉള്ളി, തേങ്ങാ പീര എന്നിവ ഒരുമിച്ച്  ഒരു പാത്രത്തിൽ യോജിപ്പിച്ചതിനു ശേഷം  കുരുമുളക് , ഉപ്പ് ,നാരങ്ങാ നീര് എന്നിവ ആവശ്യാനുസരണം ചേർത്ത് പുരട്ടി എടുക്കുക. ചെറിയ പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു കറിവേപ്പിലയും  മുളകും താളിച്ചു പുരട്ടി വച്ചിരിക്കുന്ന കടലയിൽ ഒഴിച്ച് യോജിപ്പിച്ചാൽ നല്ല ഒന്നാന്തരം കടല തേങ്ങാ സാലഡ് റെഡി.

English Summary:

Easy High-Protein Salad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com