ADVERTISEMENT

സെക്സിനെക്കുറിച്ചുള്ള മലയാളിയുടെ കാഴ്ചപ്പാടുകൾ മാറിവരികയാണ്. ഇതിന്റെ ഒരു ഭാഗം മാത്രമാണ് അടുത്തിടെ ഉണ്ടായ പങ്കാളി കൈമാറ്റം പോലുള്ള സംഭവങ്ങൾ. ലൈംഗിക ഫാന്റസിയും കാഴ്ചയിലെ പുതുമ തേടലും, സെക്സു തേടാൻ യാത്രകൾ, ഏതുതരം ലൈംഗിക രീതിയും സ്വീകാര്യമാക്കുക, പുരുഷനും സെക്സ് ടോയ്സ് ഉപയോഗിക്കുക, വെർച്വൽ സെക്സിനോടുള്ള താൽപര്യം, ഒന്നിലധികം സെക്സ് പാർട്നേഴ്സിനോടുള്ള താൽപര്യം, ഹോമോസെക്സിന് കിട്ടുന്ന പിന്തുണ, കൗമാരക്കാരിലെ രതി–ചൂഷണ പ്രശ്നങ്ങൾ, സെക്സ് വിഡിയോകൾ വ്യാപകമായി പ്രചരിക്കപ്പെടുക തുടങ്ങിയ 10 ഓളം പ്രവണതകളാണ് മനോരമ ആരോഗ്യം ‘മാറുന്ന മോഹങ്ങൾ, താൽപര്യങ്ങൾ, സമീപനങ്ങൾ’ എന്ന വിഷയത്തിൽ നടത്തിയ സർവേയിൽ ഉയർന്നു വന്നത്.   

 

ലൈംഗികതയിലുള്ള ഭൂരിപക്ഷം മാറ്റങ്ങളും സദാചാര സാമൂഹ്യ സാഹചര്യങ്ങളെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും തലത്തിൽ കണ്ടാൽ മതി. സൈക്കോപതോളജിക്കൽ ആയ മാറ്റങ്ങൾ കുറവാണ് ഇക്കാര്യത്തിൽ. ധാർമിക സങ്കല്പങ്ങളിലെ മാറ്റം പ്രധാനമാണ്. ലിവിങ്ടുഗദർ, ഹോമോസെക്ഷ്വാലിറ്റി തുടങ്ങിയവയുടെ കാര്യത്തിൽ ധാർമിക അപചയമെന്നൊന്നും ഇന്നു പറയാനാകില്ല. ആളുകളുടെ തിരഞ്ഞെടുപ്പാണത്. പലരും സാഹചര്യങ്ങൾക്കനുസരിച്ച് മാറും. ലൈംഗിക വൈകൃതം എന്ന് കരുതിയാൽ സ്ത്രീക്കു നിരസിക്കാൻ അവകാശമുണ്ട്. ചായ കൊണ്ട് തൃപ്തിപ്പെടാനും ബിരിയാണി തന്നെ വേണമെന്ന് വാശിപിടിക്കാനും ഓരോരുത്തർക്കും അവകാശമുണ്ട്. പക്ഷേ, അതു മറ്റുള്ളവന്റെ സ്വാതന്ത്ര്യത്തെ തകർത്തുകൊണ്ടോ സാമൂഹിക നിയമങ്ങളെ ലംഘിച്ചുകൊണ്ടോ ആകരുതെന്നു മാത്രം. 

 

എന്നാൽ കൗമാരത്തിന്റെ പോക്കും പ്രശ്നങ്ങളും വളരെ ഗൗരവമായി എടുക്കേണ്ടതുണ്ട്. മൊബൈലും ഇന്റർനെറ്റും വന്നതോടെ അവർക്ക് എല്ലാ കാര്യവും ലഭ്യമായി. എന്നാൽ ഇതെല്ലാം സ്വീകരിക്കാനുള്ള മസ്തിഷ്ക വളർച്ച ഇല്ല. 20–25 വയസ്സിലാണ് ശരാശരി വളർച്ച ഒരാൾ നേടുന്നത്. നല്ലതും ചീത്തയും അവർക്ക് തിരിച്ചറിയാനാകുന്നില്ല. പലപ്പോഴും വീട്ടിലെ മോശം സാഹചര്യങ്ങൾ, അച്ഛനമ്മമാരുടെ ദുർനടപടികൾ ഇവയൊക്കെയാണ് കൗമാരക്കാരെ വഴി തെറ്റിക്കുന്നത്. ഇതു മറ്റുള്ളവർ ചൂഷണം ചെയ്യുന്നു. ഇവർ ബൈപോളാർ ഡിസോഡർ എന്ന രോഗാവസ്ഥയിലേക്കു നീങ്ങാം. മാനിയ കൊണ്ടുള്ള ഹൈപ്പർ സെക്ഷ്വാലിറ്റിയും അവരിൽ കാണുന്നു. അത് ഒരു ലക്ഷണമാണ്. മരുന്നുകൾ കൊണ്ടുള്ള ചികിത്സ തന്നെ വേണ്ടി വരുമെന്ന് തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലെ മനോരോഗ വിഭാഗം മുൻമേധാവി ഡോ. സുബാഷ് പറയുന്നു. 

 

ഇന്ത്യ എല്ലാക്കാലത്തും തന്നെ ലൈംഗികതയ്ക്ക് സ്ഥാനം നൽകിയ സ്ഥലമാണ്. വാത്സ്യായന മഹർഷി പറയുന്നത് ശാസ്ത്രം പാലിക്കേണ്ടത് ദേശ, കലാ, പരിസ്ഥിതിക്ക് അനുസരിച്ചാണെന്നാണ്. മനുഷ്യന്റെ അടിസ്ഥാന പ്രകൃതത്തിൽ തെറ്റ് ശരി എന്നൊന്നില്ല. ഉള്ളത് മനസ്സിനും ശരീരത്തിനും വേണ്ടത് (Healthy), വേണ്ടാത്തത് എന്നാണ്.

 

ഫാന്റസികൾക്കൊപ്പം ജീവിക്കാൻ തീരുമാനിക്കുമ്പോൾ

പലതരം ഫാന്റസികളിലും ലൈംഗിക വൈവിധ്യത്തിലുമൊക്കെ ഏർപ്പെടുന്നതും തെറ്റല്ല. എന്നാൽ, ആ ഫാന്റസികൾക്കൊപ്പം ജീവിക്കാൻ തീരുമാനിക്കുമ്പോൾ സമൂഹത്തിൽ പ്രശ്നമുണ്ടാകാം. അതിനാൽ വ്യക്തിക്കും സമൂഹത്തിനും ആരോഗ്യകരമായതു മാത്രം സ്വീകരിക്കുക. 

 

സെക്സ് ടോയ്സ് അല്ലെങ്കിൽ ലൈംഗിക സഹായ കളിപ്പാട്ടങ്ങൾ സ്ഥിരം ഉപയോഗിക്കുന്നതോ, അഡിക്ട് ആയി പോകുന്നതോ തെറ്റാണ്. എന്നാൽ ലൈംഗികരോഗ ചികിത്സയുടെ ഭാഗമായ കാര്യമാണിതെന്ന് ഓർക്കണം. സ്ത്രീകളിൽ രതിമൂർച്ഛാ പരീക്ഷണത്തിനും വജൈനിസ്മസ് പോലുള്ള രോഗചികിത്സയ്ക്കും ധാരാളം സെക്സ് ടോയ്സ് ഉപയോഗിക്കുന്നുണ്ട്. മാത്രമല്ല ഇതുവഴി കിട്ടുന്ന ലൈംഗിക തൃപ്തി മോശം കാര്യമല്ലല്ലോ. പ്രത്യേകിച്ചും പങ്കാളികൾ കൂടെ ഇല്ലാത്തവരിൽ. 

 

താൽക്കാലികമായി ദോഷമില്ലെന്നു തോന്നുമെങ്കിലും ഫോൺ, നെറ്റ്, വെർച്വൽ, വിഡിയോ രതിയും അതു വഴിയുള്ള തൃപ്തിതേടലും നല്ലതല്ല തന്നെ. സത്യത്തിൽ അതൊന്നും യാഥാർഥ്യമല്ല. ഫാന്റസികൾ യാഥാർഥ്യമല്ലെന്നു തിരിച്ചറിഞ്ഞ് ഏർപ്പെട്ടാൽ കുഴപ്പമില്ല. 

 

വിവരങ്ങൾക്കു കടപ്പാട്:  മനോരമ ആരോഗ്യം മാഗസിൻ

Content Summary: Sexual life, Changing perspectives and Malayali culture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com