ADVERTISEMENT

മദ്യത്തിന് അടിമപ്പെട്ടതിന് ശേഷം വിലപിച്ചിട്ട് എന്ത് കാര്യം? ചിലര്‍ മദ്യം തൊട്ടാല്‍ പ്രശ്നമാണ്. ജനതിക ആപല്‍ സാധ്യത കൊണ്ടോ, വ്യക്തിത്വ സവിശേഷതകള്‍ മൂലമോ ചിലര്‍ പിന്നെ മദ്യം ആവര്‍ത്തിച്ച് ഉപയോഗിക്കാനും, വര്‍ധിച്ച അളവില്‍ കഴിക്കാനുമുള്ള സാധ്യത കൂടുതലാണ്. പഞ്ഞിയില്‍ വീഴുന്ന തീപ്പൊരി അഗ്നി ഉണ്ടാക്കുന്നതു പോലെ മദ്യം ഇവരില്‍ ആസക്തിയുടെ തീ ജ്വാല പടര്‍ത്തും. മദ്യം പൂര്‍ണമായും ഒഴിവാക്കേണ്ട ചിലരുണ്ട്. 

 

അവർ ആരൊക്കെ? 

1.കുടുംബത്തിൽ അടുത്ത ബന്ധമുള്ളവരില്‍ അമിത മദ്യാസക്തി രോഗമുള്ളവരും, ലഹരി ആസക്തിയുള്ളവരും ഉണ്ടെങ്കിൽ സേ നോ ടു മദ്യം. അവർ കുടിച്ച് തുടങ്ങിയാല്‍ മദ്യാസക്തി രോഗത്തിന്റെ ഉറങ്ങി കിടക്കുന്ന ജീന്‍ ഉണര്‍ന്നേക്കാം.  മദ്യവുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുന്നതാണ് വിവേകം. 

 

2. ടെന്‍ഷന്‍ കുറയാനും, വിഷാദം പോകാനും മദ്യം കഴിക്കുന്ന പ്രവണത ഉള്ളവർ. ഈ വക വൈകാരിക ഭാവങ്ങള്‍ ജീവിതത്തില്‍ എന്തായാലും ഉണ്ടാകും. അസ്വസ്ഥത താല്‍ക്കാലികമായി അലിയിച്ച് കളയുന്നതു കൊണ്ട് മദ്യത്തോട്  ഇഷ്ടം കൂടും. വിധേയത്വം വര്‍ധിക്കും. അളവ് കൂട്ടി മുഴു കുടിയില്‍ വീഴാന്‍ സാധ്യതയുമുണ്ട്. 

 

3. മദ്യം കഴിക്കാന്‍ നേരവും കാലവും നോക്കാത്തവരും, മദ്യം കിട്ടുമ്പോൾ അളവില്‍ നിയന്ത്രണം പാലിക്കാത്തവരും അമിത മദ്യപാനാസക്തിയെന്ന രോഗത്തിന്‌ അടിമപ്പെടാന്‍ സാധ്യതയുള്ളവരാണ്‌. അവരും മദ്യത്തെ അകറ്റി നിര്‍ത്തുന്നതാണ് നല്ലത്‌. 

 

4. മദ്യം ഉള്ളില്‍ ചെന്നാൽ പെരുമാറ്റത്തിന്റെ പിടി പോയി അക്രമമോ, കരച്ചിലോ പോലെയുള്ള താളപ്പിഴകള്‍ കാട്ടുന്നവര്‍. മദ്യം ഇങ്ങനെ പെരുമാറ്റങ്ങളുടെ കടിഞ്ഞാണ്‍ ഇല്ലാതാക്കുന്നത് ആപല്‍ സൂചനയാണ്‌. അത്തരക്കാര്‍ സോഷ്യല്‍ വേളകളില്‍ പോലും മദ്യപിക്കാന്‍ പാടില്ല. 

 

5. മദ്യാസക്തിക്ക് ചികിത്സ എടുത്ത് മദ്യ വിമുക്തി നേടിയവര്‍ കര്‍ശനമായി മദ്യം ഒഴിവാക്കേണ്ട വിഭാഗമാണ്. കഷ്ടപ്പെട്ട് കുടിയില്‍ നിന്ന് രക്ഷപ്പെട്ട വ്യക്തിയോട് ഒരു ഡ്രിങ്ക് എടുത്തോയെന്ന മട്ടിലുള്ള സ്നേഹ പ്രകടനം ക്രൂരതയാണ്. ഉള്ളിലെ രോഗത്തെ ഉണര്‍ത്തി വിട്ട് വീണ്ടും മുഴു കുടിയില്‍ എത്തിക്കാനുള്ള പ്രേരണയാകാം. 

 

6. മദ്യം മൂലമുള്ള എന്തെങ്കിലും രോഗങ്ങള്‍ വന്നവർ മദ്യവുമായി പിന്നെ സമ്പര്‍ക്കത്തില്‍ പോകരുത്. കരള്‍ രോഗം, തലച്ചോറ്‌ സംബന്ധമായ അസുഖങ്ങള്‍-ഇങ്ങനെ വൈവിധ്യമാര്‍ന്ന ശാരീരിക രോഗങ്ങള്‍ മദ്യം മൂലം ഉണ്ടാകാം. ഇവരൊക്കെ ലഹരിയെ അകറ്റിയെ പറ്റൂ. 

 

ബിയര്‍ ഉള്‍പ്പെടെയുള്ള ഏതു തരം മദ്യവുമായി അടുത്താലും അപകട സാധ്യത ഇവര്‍ക്ക്‌ കൂടുതലാണ്. അതുകൊണ്ട് സോഷ്യല്‍ മദ്യപാനം പോലും വേണ്ട. സൂക്ഷിച്ചാല്‍ സ്വന്തം തടി രക്ഷിക്കാം. കുടുംബത്തിനും കൊള്ളാം. സോഷ്യല്‍ മദ്യപാനത്തില്‍ നിന്ന് ഒറ്റയ്ക്കുള്ള കുടിയിലേക്ക്  കൂറ് മാറുന്നവരും ബ്രേക്ക് ചവിട്ടണം. ഇവരൊക്കെ ജാഗ്രത പുലര്‍ത്തിയാല്‍ മദ്യാസക്തി രോഗത്തിലേക്ക് പോകുന്നവരുടെ എണ്ണം കുറയും. 

 

(ലേഖകൻ കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ മാനസികാരോഗ്യ വിദഗ്ധനാണ്‌)

Content Summary : Alcohol addiction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com