വൃക്കകള്‍ തകരാറിലാണോ? ഈ ലക്ഷണങ്ങള്‍ പറഞ്ഞു തരും
Mail This Article
ശരീരത്തിലെ രക്തത്തെ ശുദ്ധീകരിക്കുകയും വിഷാംശങ്ങളും മാലിന്യങ്ങളും നീക്കം ചെയ്യുകയും ചെയ്യുന്ന അവയവങ്ങളാണ് വൃക്കകള്‍. ശരീരത്തിലെ മുഴുവന്‍ രക്തവും ദിവസത്തില്‍ 40 ഓളം തവണയാണ് വൃക്കകള്‍ക്കുള്ളിലൂടെ കയറിയിറങ്ങി പോകുന്നത്. വൃക്കകളുടെ പ്രവര്‍ത്തനത്തില്‍ വരുന്ന തകരാറുകള്‍ ശരീരത്തില്‍ പല സങ്കീര്‍ണതകള്‍ക്കും കാരണമാകാറുണ്ട്. എന്നാല്‍ ഇതിനെ സംബന്ധിച്ച സൂചനകള്‍ ചില ലക്ഷണങ്ങളിലൂടെ ശരീരം നമുക്ക് തന്നു കൊണ്ടേയിരിക്കും. ഈ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം വൃക്കകളുടെ ആരോഗ്യം പരിശോധിക്കേണ്ടതും ഡോക്ടറുടെ അടുത്ത് ചികിത്സ തേടുകയും ചെയ്യേണ്ടതാണ്.
1. എപ്പോഴും ക്ഷീണം
അടിക്കടി ക്ഷീണം തോന്നുന്നത് വൃക്കകളുടെ പ്രവര്‍ത്തനം മുടങ്ങി ശരീരത്തില്‍ വിഷാംശങ്ങള്‍ കെട്ടിക്കിടക്കാന്‍ തുടങ്ങുമ്പോഴാണ്. വിഷം ഇത്തരത്തില്‍ ശരീരത്തില്‍ അടിഞ്ഞു കൂടുന്നത് മറ്റ് പല ശാരീരിക പ്രശ്നങ്ങള്‍ക്കും പിന്നീട് കാരണമാകാം.
2. ആവശ്യത്തിന് ഉറക്കമില്ലായ്മ
ഉറക്കമില്ലായ്മയ്ക്ക് കാരണങ്ങള്‍ പലതുണ്ടാകാമെങ്കിലും വൃക്കകളുടെ ആരോഗ്യം എന്ന സാധ്യത തള്ളിക്കളയരുത്. ഉറക്കമില്ലായ്മ, ഗുണനിലവാരമില്ലാത്ത ഉറക്കം എന്നിവയെല്ലാം വൃക്കരോഗത്തിന്റെ ലക്ഷണങ്ങളാണ്.
3. വരണ്ടതും ചെതുമ്പലുകള്‍ ഉള്ളതുമായ ചര്‍മം
വൃക്കതകരാര്‍ ശരീരത്തില്‍ വിഷാംശം അടിഞ്ഞു കൂടാന്‍ വഴിയൊരുക്കുന്നതിനൊപ്പം ധാതുക്കളുടെയും പോഷണങ്ങളുടെയും അളവിലും ഏറ്റക്കുറച്ചിലുകള്‍ സൃഷ്ടിക്കും. ഇത് ചര്‍മത്തിന്‍റെ ആരോഗ്യത്തെ ബാധിച്ച് ചര്‍മം വരണ്ടതും ചൊറിച്ചിലുള്ളതും ചെതുമ്പലുകള്‍ നിറഞ്ഞതുമാക്കും.
4. കാലില്‍ നീര്
വിഷാംശങ്ങളും ദ്രാവകങ്ങളും ശരീരത്തില്‍ കെട്ടിക്കിടക്കുന്നത് കാലുകളിലും ഉപ്പൂറ്റിയിലുമൊക്കെ നീര് വയ്ക്കാന്‍ കാരണമാകാം. കാലിലെ നീര് മറ്റു കാരണങ്ങള്‍ കൊണ്ടും ആകാമെന്നതിനാല്‍ രോഗനിര്‍ണയത്തിന് ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.
5. കണ്ണുകള്‍ക്ക് ചുറ്റും തടിപ്പ്
വൃക്ക തകരാര്‍ കൊണ്ട് മൂത്രത്തിലൂടെ ശരീരത്തിലെ പ്രോട്ടീനെല്ലാം നഷ്ടമാകുന്നത് കണ്ണുകള്‍ക്ക് ചുറ്റും നീരും തടിപ്പും ഉണ്ടാക്കാം.
6. പേശീ വേദന
വൃക്കകള്‍ക്ക് ശരീരത്തിലെ ധാതുക്കളെ ശരിയായി സംസ്കരിക്കാന്‍ സാധിക്കാതെ വരുമ്പോൾ പേശികളില്‍ സഹിക്കാനാവാത്ത വേദന ഉണ്ടാകും. ഈ വേദനയെയും നിസ്സാരമായി എടുക്കരുത്.
7. ശ്വസിക്കാന്‍ ബുദ്ധിമുട്ട്
വൃക്കതകരാര്‍ എറിത്രോപോയിറ്റിന്‍ എന്ന ഹോര്‍മോണിന്‍റെ അളവിനെയും ബാധിക്കും. ഈ ഹോര്‍മോണുകളാണ് പുതിയ ചുവന്ന രക്ത കോശങ്ങള്‍ ഉണ്ടാക്കാനുള്ള സന്ദേശം കൈമാറുന്നത്. ആവശ്യത്തിന് ചുവന്ന രക്ത കോശങ്ങള്‍ ഉത്പാദിപ്പിക്കപ്പെടാതിരുന്നാല്‍ ഇത് വിളര്‍ച്ചയ്ക്കും ശ്വാസം മുട്ടലിനും കാരണമാകും. വൃക്കതകരാര്‍ കൊണ്ട് ഫ്ളൂയിഡുകള്‍ കെട്ടിക്കിടക്കുന്നതും ശ്വാസംമുട്ടലിലേക്ക് നയിക്കാം.
8. മൂത്രമൊഴിക്കുന്നതില്‍ വ്യത്യാസം
മൂത്രമൊഴിക്കുന്നതിന്‍റെ ആവൃത്തി കൂടുന്നതും കുറയുന്നതും വൃക്കപ്രശ്നത്തിന്‍റെ സൂചനയകാം. മൂത്രമൊഴിക്കുമ്പോൾ വേദന പോലുള്ള ലക്ഷണങ്ങളും വൃക്ക അപകടത്തിലാണെന്ന മുന്നറിയിപ്പ് നല്‍കുന്നു.
വൃക്കരോഗങ്ങള്‍ ആദ്യ ഘട്ടത്തില്‍ തന്നെ തിരിച്ചറിഞ്ഞ് അവ ചികിത്സിച്ച് മാറ്റുന്നതിന് ഇടയ്ക്കിടെയുള്ള പരിശോധന സഹായിക്കും. വൃക്ക രോഗത്തിലേക്ക് നയിക്കുന്ന പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം തുടങ്ങിയ ഘടകങ്ങളെയും നിയന്ത്രിച്ച് നിര്‍ത്തേണ്ടതാണ്. പുകവലി ഒഴിവാക്കിയും മദ്യപാനം നിയന്ത്രിച്ചും നിത്യവും വ്യായാമം ചെയ്തും സജീവ ജീവിതശൈലി പിന്തുടർന്നും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാം.
Content Summary: Kidney Disease symptoms