ADVERTISEMENT

ശരീരത്തിന്‍റെ ആരോഗ്യം പോലെ തന്നെ ശ്രദ്ധയും പരിചരണവും ആവശ്യമുള്ളതാണ് ഒരാളുടെ മാനസികാരോഗ്യം. ജീവിതത്തില്‍ വന്നു ചേരുന്ന പല വിധ പ്രശ്നങ്ങളും പ്രതിസന്ധികളും ഉറ്റവരുടെ വേര്‍പാടും ദുരന്തങ്ങളുമൊക്കെ മാനസികാരോഗ്യത്തിന്‍റെ താളം ചിലപ്പോള്‍ തെറ്റിക്കാറുണ്ട്. ഇവയില്‍ നിന്നെല്ലാം ശക്തമായി തിരികെ വന്ന് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ മനസ്സിനെ സജ്ജമാക്കി വയ്ക്കേണ്ടതുണ്ട്. എന്നാല്‍ നാം നിത്യജീവിതത്തില്‍ പിന്തുടരുന്ന ചില തെറ്റായ ശീലങ്ങള്‍ ഈ മാനസികാരോഗ്യത്തെ ദുര്‍ബലമാക്കാം. അവ കണ്ടെത്തി ആവശ്യമായ തിരുത്തലുകള്‍ വരുത്തേണ്ടത് സന്തോഷകരവും സംതൃപ്തകരവുമായ ജീവിതത്തിന് അത്യാവശ്യമാണ്. 

ഇനി പറയുന്ന കാര്യങ്ങള്‍ മാനസികാരോഗ്യത്തിന്‍റെ നിലവാരത്തെ ബാധിക്കാം

1. ആവശ്യത്തിന് ഉറക്കമില്ലായ്മ

കായികവും മാനസികവുമായ ആരോഗ്യത്തിനും ശരീരത്തിന്‍റെ മികച്ച പ്രവര്‍ത്തനത്തിനും കൃത്യമായി ഉറങ്ങുകയും ഉണരുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. മാനസിക സമ്മര്‍ദവും പിരിമുറക്കവും കുറയ്ക്കാന്‍ ആവശ്യമായ തോതിലുള്ള ഉറക്കം സഹായിക്കും. ദിവസവും ആവശ്യത്തിന് ഉറക്കം നിങ്ങള്‍ക്ക് ലഭിക്കുന്നില്ലെങ്കില്‍ അത് പതിയെ നിങ്ങളുടെ മാനസികാരോഗ്യത്തെ ബാധിക്കാൻ  തുടങ്ങും. 

 

2. സമൂഹ മാധ്യമങ്ങളില്‍ എപ്പോഴും ഓണ്‍ലൈനായി ഇരിക്കുക

ഒരു മിനിറ്റ് പോലും വിശ്രമമില്ലാതെ മുഴുവന്‍ സമയവും ഓണ്‍ലൈനായി സമൂഹ മാധ്യമങ്ങളില്‍ സ്ക്രോള്‍ ചെയ്തു കൊണ്ടിരിക്കുന്നതും മാനസികാരോഗ്യത്തിന് അത്ര നന്നല്ല. ഇന്‍സ്റ്റയിലും ഫെയ്സ്ബുക്കിലും വാട്ട്സാപ്പിലും മറ്റുള്ളവര്‍ ഇടുന്ന സ്റ്റാറ്റസും അപ്ഡേറ്റ്സും ഒക്കെ സ്ഥിരം നോക്കി നോക്കി തന്‍റെ ജീവിതം എത്ര വിരസമാണെന്ന തോന്നലും വിഷാദവുമൊക്കെ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. ഇതിനാല്‍ എപ്പോഴും ഓണ്‍ലൈനായിരിക്കണമെന്ന നിര്‍ബന്ധം മാറ്റിവച്ച് കൃത്യമായ സമയം ഇതിന് വേണ്ടി മാറ്റി വയ്ക്കുക. 

 

3. രോഗലക്ഷണങ്ങള്‍ക്കായി ഗൂഗിളില്‍ പരതല്‍

എന്തിനും ഏതിനും ഗൂഗിളില്‍ തിരഞ്ഞ് നോക്കുന്നതാണ് ഇപ്പോള്‍ നമ്മളില്‍ പലരുടെയും ശീലം. അതിപ്പോള്‍ ശരീരത്തിനും മനസ്സിനും വരുന്ന രോഗങ്ങളാണെങ്കില്‍ കൂടി. ഗൂഗിള്‍ ഒരിക്കലും ഒരു ഡോക്ടറിനോ മാനസികരോഗ വിദഗ്ധനോ പകരമാകില്ലെന്ന് തിരിച്ചറിയുക. ചെറിയ സങ്കടങ്ങളെല്ലാം വിഷാദരോഗമല്ലെന്ന് മനസ്സിലാക്കി തരാന്‍ ഗൂഗിള്‍ മതിയാകില്ല; അതിനൊരു ഡോക്ടര്‍ തന്നെ വേണം. മാനസികാരോഗ്യത്തിന്‍റെ കാര്യത്തില്‍ ഇന്‍റര്‍നെറ്റിലെ പാരാവാരം പോലുള്ള വിവരക്കടലില്‍ മുങ്ങിത്തപ്പുന്നതിന് പകരം പ്രഫഷണലുകളുടെ സഹായം തന്നെ തേടുക. 

 

 4. ചുറ്റുമുള്ളവരുടെ മാനസിക പ്രശ്നങ്ങള്‍ നിസ്സാരവത്ക്കരിക്കല്‍

നിങ്ങളുടെ സുഹൃത്തുക്കളും കുടുംബത്തിലുള്ളവരും ചുറ്റുമുള്ളവരുമൊക്കെ എന്തൊക്കെ തരം മാനസികാരോഗ്യ പ്രശ്നങ്ങളാണ് നേരിടുന്നതെന്ന് അറിയുന്നത് നമുക്കുള്ള ചില പ്രശ്നങ്ങളെയും തിരിച്ചറിയാന്‍ സഹായിക്കും. ഇവയെ പറ്റിയെല്ലാം തുറന്ന് ചര്‍ച്ച ചെയ്യുന്നതിനുള്ള തടസ്സവും നീങ്ങി കിട്ടും. അവരുടെ പ്രശ്നങ്ങള്‍ കേട്ട് കഴിയുമ്പോൾ  അവ മനസ്സിലാക്കുകയോ വകവച്ചു കൊടുക്കുകയോ ചെയ്യാതെ അവയെ  നിസ്സാരവത്ക്കരിക്കുന്നതും ചീത്ത ശീലമാണ്. ഇത് അവരുടെയും നിങ്ങളുടെയും മാനസികാരോഗ്യത്തിന് നല്ലതല്ല. 

 

5. ഇടവേള എടുക്കാതിരിക്കല്‍ 

അത്യന്തം മത്സരാത്മകമായ ഈ ലോകത്ത് ജോലി ചെയ്യുന്നവരായാലും പഠിക്കുന്നവരായാലും സമ്മര്‍ദം അധികമാണ്. നിങ്ങള്‍ ചിലപ്പോള്‍ ഒരു സ്വപ്നത്തിന് പിന്നാലെ ആയിരിക്കാം. എന്ന് കരുതി ഇടയ്ക്ക് അതി കഠിനമായ നിങ്ങളുടെ പ്രവൃത്തിയിൽ നിന്ന് ഇടവേള എടുക്കാതിരിക്കുന്നത് മാനസികാരോഗ്യത്തെ ക്ഷീണിപ്പിക്കും. ഇടയ്ക്ക് ബ്രേക്ക് എടുത്ത് യാത്ര ചെയ്യുകയോ, പുസ്തകം വായിക്കുകയോ, ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുകയോ ഒക്കെ വേണം. 

 

6. ജോലിയും വ്യക്തിജീവിതവും തമ്മില്‍ അതിര്‍ത്തി

ജോലിയും വ്യക്തിജീവിതവും തമ്മില്‍ അതിര്‍വരമ്പുകള്‍ ഇല്ലാതിരിക്കുന്നതും മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഇത് ഉത്കണ്ഠയും  സമ്മര്‍ദവും വര്‍ധിപ്പിച്ച് പലവിധ രോഗങ്ങളിലേക്കും നയിക്കാം. ജോലിയും വ്യക്തിജീവിതും തമ്മിലൊരു സന്തുലിതാവസ്ഥ കൈവരിക്കേണ്ടത് അത്യാവശ്യമാണ്.

Content Summary: These 6 Everyday Mistakes Can Worsen Your Mental Health 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com