ADVERTISEMENT

വാഹനാപടകടങ്ങളുടെ വാർത്ത കേൾക്കാത്ത ഒരു ദിവസം പോലുമില്ലെന്ന സ്ഥിതിയാണ് ഇപ്പോൾ. അലസമായ ഡ്രൈവിങ്ങാണ് പലപ്പോഴും അപകടങ്ങൾ ഉണ്ടാകാനുള്ള മുഖ്യകാരണം. അലക്ഷ്യമായ ഡ്രൈവിങ്ങും അമിതവേഗവും അപകടങ്ങൾക്ക് കാരണമാകുന്നതോടൊപ്പം തന്നെ ഡ്രൈവിങ്ങിനിടയിൽ ‘ഒന്നു മയങ്ങിപ്പോകുന്ന’ ഡ്രൈവർമാരും അപകടങ്ങൾക്കു കാരണമാകുന്നുണ്ട്. റോഡ പകടങ്ങളിൽ നല്ലൊരു പങ്ക് രാത്രികാലങ്ങളിലാണെന്നതും ശ്രദ്ധേയമാണ്. 

പകൽസമയത്തെ തിരക്കുകൾ മൂലം വേണ്ടത്ര വിശ്രമം ലഭിക്കാതെ പോകുന്നവർക്കും കുടുതൽ സമയം ഡ്രൈവ് ചെയ്യേണ്ടി വരുന്നവർക്കുമെല്ലാം വാഹനമോടിക്കുമ്പോൾ കണ്ണടഞ്ഞു പോകുവാൻ സാധ്യതയുണ്ട്. കൂടാതെ മദ്യപാനം, ജലദോഷ മരുന്നുകൾ മുതല്‍ ഉറക്കഗുളികകൾ വരെയുള്ള മരുന്നുകളുടെ ഉപയോഗം, പ്രമേഹമുൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ, ഭക്ഷണം, മാറിക്കൊണ്ടിരിക്കുന്ന ഷിഫ്റ്റ് ജോലികൾ ഇവയെല്ലാം വാഹനം ഓടിക്കുന്നയാളിന്റെ തലച്ചോറിന്റെ പ്രവർത്തന ക്ഷമതയെയും ഉണർവിനെയും മന്ദീഭവിപ്പിക്കുകയും ഡ്രൈവി ങ്ങിനിടയിൽ അറിയാതെ മയക്കമുണ്ടാകുവാൻ കാരണമാവുകയും ചെയ്യുന്നു. 

മദ്യത്തിന് ഇരിപ്പിടം കൊടുക്കരുതേ

ഇങ്ങനെയൊക്കെയാണെങ്കിലും ഡ്രൈവർ മയങ്ങിപ്പോകുന്നതിന്റെ പ്രധാന കാരണം മദ്യത്തിന്റെ സ്വാധീനം തന്നെ. ഗുരുതരമായ റോഡപകടങ്ങളിൽ 30 മുതൽ 60 ശതമാനത്തിന്റെയും പിന്നിലെ പ്രധാന വില്ലൻ മദ്യമാണെന്നു വിവിധ സർവേകൾ വെളിപ്പെടുത്തുന്നു. പെട്ടെന്നു തീരുമാനങ്ങൾ എടുക്കാനുള്ള കഴിവിനെയും കൈകാലുകളുടെ നിയന്ത്രണശേഷിയെയും ബാധിക്കുന്നതോടൊപ്പം തന്നെ പരുക്കുകളെയും ചികിത്സാനന്തരമുള്ള രോഗികളുടെ സുഖപ്രാപ്തിയെയും മദ്യം സങ്കീർണമാക്കുന്നു. 

രാത്രി ‘രണ്ടു പെഗ് അടിച്ചാൽ’ നല്ല ഉറക്കം ലഭിക്കുമെന്നാണ് പലരുടെയും വിശ്വാസം. എന്നാൽ മദ്യം സുഖസുഷുപ്തിക്ക് തടസ്സമുണ്ടാക്കുന്നുവെന്നതാണ് ശരിയായ വസ്തുത. മദ്യപിച്ച വ്യക്തിക്ക് പെട്ടെന്നുതന്നെ നല്ല ഉറക്കം ലഭിക്കുമെങ്കിലും ഉറ ക്കത്തിന്റെ വിവിധ ഘട്ടങ്ങളിലുണ്ടാകുന്ന വ്യതിയാനം ഗാഢ നിദ്രയ്ക്ക് തടസ്സമുണ്ടാക്കുന്നു. കൂടാതെ തൊണ്ടയിലെ മാംസ പേശികൾ തളരുന്നതു മൂലം ഉറക്കത്തിൽ ശ്വാസതടസ്സമുണ്ടായി, ഉറക്കത്തിന് ഭംഗം വരുന്നു. 60 വയസ്സിനുമേൽ പ്രായമുള്ള 75 ശതമാനം മദ്യപാനികൾക്കും ഉറക്കത്തില്‍ ശ്വാസതടസ്സമു ണ്ടാകാറുണ്ട്. അസ്വസ്ഥതകൾ നിറഞ്ഞ ഉറക്കം പകലുറക്കത്തിനും ഡ്രൈവിങ്ങിനിടയിലെ മയക്കത്തിനും കാരണമാകാം.

മദ്യപാനം മൂലമുണ്ടാകുന്ന കരളിന്റെ പ്രവർത്തനത്തകരാറുകളും രാത്രിയിലെ ഉറക്കക്കുറവിനും പകൽ മയക്കത്തിനും ഇടയാക്കുന്നു. കരൾ പിണങ്ങുമ്പോൾ കുടലിൽ നിന്നും ആഗിരണം ചെയ്യപ്പെടുന്ന അമോണിയ, മെർകാപ്റ്റൻ, ഫിനോൾ, ഒക്ടോപമിൻ തുടങ്ങിയ ഭക്ഷണഘടകങ്ങൾ കരളിൽ വച്ചു വിഘടിക്കപ്പെടാതെ നേരിട്ട് രക്തത്തിൽ കലരുകയും  തലച്ചോറിലെത്തുകയും ചെയ്യുന്നു. തലച്ചോറിന്റെ  പ്രവർത്തനങ്ങളെ മന്ദീഭവിപ്പിക്കുന്ന ഈ ഘടകങ്ങൾ ഉന്മേഷക്കുറവിനും ആലസ്യത്തിനും കാരണമാകുന്നു. കരളിന്റെ പ്രവർത്തനത്തെ തകരാറിലാക്കുന്ന പ്രാരംഭഘടകങ്ങൾ പോലും 85 ശതമാനം ആളുകളിലും വാഹനമോടിക്കാനുള്ള കഴിവിനെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് ഹെപ്പറ്റോളജി ജേർണൽ പ്രസിദ്ധീ കരിച്ച റിപ്പോർട്ടിൽ പറയുന്നു. 

മരുന്നുകൾ ശ്രദ്ധാപൂർവം

മദ്യത്തിനു പുറമെ ചില മരുന്നുകളുടെ ഉപയോഗവും വാഹന മോടിക്കുന്നയാളിന്റെ പ്രവർത്തനക്ഷമതയെയും ഉണർവിന്റെ കേന്ദ്രങ്ങളെയും ബാധിക്കാം. ജലദോഷത്തിനും തുമ്മലിനുമൊക്കെ സാധാരണയായി ഉപയോഗിക്കുന്ന ആന്റി ഹിസ്റ്റമിൻ മരുന്നുകൾ മുതൽ രക്താതിമർദത്തിന്റെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മീഥേൽ, ഡോപ, റിസർപ്പിൻ തുടങ്ങിയ മരുന്നുകളും പകൽ മയക്കമുണ്ടാക്കാൻ കാരണമാണ്. ഉന്മേഷക്കുറവ്, ശ്രദ്ധ കേന്ദ്രീകരിക്കുവാൻ സാധിക്കാതെ വരിക, ക്ഷീണം, മയക്കം, ഉറക്കത്തിലേക്കു വഴുതി വീഴാനുള്ള സാധ്യത ഇവയൊക്കെ ജലദോഷമരുന്നുകളുടെ പാർശ്വഫലങ്ങളിൽപ്പെടുന്നു. ഇവ കഴിക്കുന്നവർ വാഹനമോടിക്കുന്നതും യന്ത്ര സാമഗ്രികൾ പ്രവർത്തിപ്പിക്കുന്നതും അപകടമാണ്. ഈ മരുന്നുകളോടൊപ്പം മദ്യം കൂടി ഉപയോഗിക്കുന്നത് മയക്കത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു. അമിത ആകാംക്ഷ, വിഷാദം, ഉറക്കക്കുറവ് തുടങ്ങിയവയ്ക്കുള്ള മരുന്നുകളും ഫിനോബാർ ബിറ്റോൺ പോലെയുള്ള അപസ്മാര മരുന്നുകളും പകൽമയ ക്കത്തിനും റോഡപകടങ്ങള്‍ക്കും കാരണമാകാം.

തുടർച്ചയായി രാത്രികാലങ്ങളിൽ ജോലിചെയ്യുന്ന ഷിഫ്റ്റ് ജീവനക്കാരിൽ പലരുടെയും പകലുറക്കം തൃപ്തികരമല്ല, പ്രത്യേകിച്ചും ഷിഫ്റ്റിൽ തുടർച്ചയായി മാറ്റങ്ങളുണ്ടാക്കുകയാ ണെങ്കിൽ ശരീരത്തിലെ ബയോളജിക്കൽ ക്ലോക്കിന് അതുമായി പൊരുത്തപ്പെടാൻ പ്രയാസമുണ്ടാകുന്നു. തലച്ചോറിലെ ഹൈപ്പോതലാമസ് എന്ന ഭാഗത്താണ് ബയോളജിക്കൽ ക്ലോക്ക് കേന്ദ്രീകരിച്ചിരിക്കുന്നത്. ഉറക്കത്തിന്റെ താളക്രമം തെറ്റുന്നതും പകൽ സമയത്തെ ഉറക്കവും രാത്രിയിലെ ഉറക്കമി ല്ലായ്മയും ചേർന്ന് ഏകാഗ്രതക്കുറവ്, പെട്ടെന്നു തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ വരിക, ഡ്രൈവിങ്ങിനിടയിലെ മയക്കം തുടങ്ങിയ പ്രശ്നങ്ങൾ ഷിഫ്റ്റ് ജീവനക്കാരിൽ വർധിക്കാൻ ഇടയാക്കുന്നു. 

വയറു നിറയെ ഭക്ഷണം കഴിച്ചയുടൻ വാഹനം ഓടിക്കുന്നതും ഡ്രൈവർ മയങ്ങിപ്പോകാൻ ഇടയാക്കും. ഭക്ഷണം കഴിക്കുമ്പോൾ ആഹാരത്തിന്റെ ദഹനാഗിരണ പ്രക്രിയയ്ക്കായി കുടലിലേക്കും ആമാശയത്തിലേക്കുമുള്ള രക്തപ്രവാഹം കുറയ്ക്കാൻ ഇടയാക്കുന്നു. വിഭവസമൃദ്ധമായ സദ്യ കഴിഞ്ഞ് ടിന്റഡ് ഗ്ലാസിട്ട, ശീതികരിച്ച ആഡംബരക്കാറിൽ മധുര സംഗീതത്തിന്റെ അകമ്പടിയോടെ വാഹനമോടിക്കുന്ന ആൾ ഒന്നു മയങ്ങിപ്പയില്ലെങ്കിലല്ലേ അത്ഭുതം....?

ഉറക്കത്തിലുണ്ടാകുന്ന ശ്വാസതടസ്സവും സുഖനിദ്രയ്ക്ക് വിഘാതമാകുകയും പകലുറക്കത്തിലേക്കു നയിക്കുകയും ചെയ്യും. അമിത വണ്ണം, തൈറോയ്ഡ്, പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ തകരാറുകൾ, തൊണ്ടയിലെ തടസ്സങ്ങൾ തുടങ്ങിയവ ശ്വാസ തടസ്സത്തിനും പകൽമയക്കത്തിനും കാരണമാകും. ഇവർക്ക് വാഹനാപകടമുണ്ടാകുവാനുള്ള സാധ്യത ഏഴു മടങ്ങുവരെ കൂടുതലാണ്. 

നിയന്ത്രിക്കപ്പെടാത്ത പ്രമേഹം, ഹൈപ്പോഗ്ലൈസീമിയ, രക്തത്തിലെ സോഡിയത്തിന്റെ വ്യതിയാനങ്ങൾ, ഗുരുതരമായ ശ്വാസകോശരോഗങ്ങൾ ഇവയൊക്കെ തലച്ചോറിന്റെ പ്രവർ ത്തനക്ഷമതയേയും ഉറക്കത്തിന്റെ സ്വസ്ഥതയേയും ബാധിച്ചേക്കാം. അപസ്മാരമുള്ളവർക്കും വാഹനാപകടങ്ങൾ ഉണ്ടാകുവാനുള്ള സാധ്യത കൂടുതലാണ്. സങ്കീർണവും നിയന്ത്ര ണാതീതവുമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ വൈദ്യപരിശോധന നടത്തി ശാരീരിക ക്ഷമത ഉറപ്പു വരുത്തിയതിനു ശേഷം മാത്രം വാഹനങ്ങൾ ഓടിക്കുന്നതായിരിക്കും ഉചിതം. 

(വിവരങ്ങൾക്കു കടപ്പാട്: ഡോ. ബി. പത്മകുമാറിന്റെ ‘ഇനി നന്നായി ഉറങ്ങാം’ എന്ന ബുക്ക്)

Content Summary: How to avoid road accidents; Driving tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com