ADVERTISEMENT

തുലാവർഷമാണ്. ഉച്ച കഴിഞ്ഞുള്ള ഇടിയെയും മിന്നലിനെയും ഭയക്കണം. അതുകൊണ്ട് തുറസ്സായ സ്ഥലങ്ങളിലൂടെ സഞ്ചരിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും ഏറെ ശ്രദ്ധ വേണം. സ്വര്‍ണാഭരണങ്ങളും മറ്റു ലോഹങ്ങളും ഇത്തരം സാഹചര്യങ്ങളിൽ ഒഴിവാക്കുന്നതാവും അഭികാമ്യം. മിന്നൽ ശരീരത്തിൽ അതിശക്തമായ കാന്തികവലയം സൃഷ്ടിച്ച് ആന്തരാവയവങ്ങൾക്കു വരെ കുഴപ്പം വരുത്താം. അതിനാൽ ഇടിമിന്നലേറ്റവരെ ഉടനെ ആശുപത്രിയിലെത്തിക്കണം. 

അന്തരീക്ഷത്തിലുണ്ടാകുന്ന ശക്‌തിയായ വൈദ്യുതി ഇടിമിന്നലേറ്റ ആളുടെ ശരീരത്തിൽ പൊള്ളലേറ്റ കരിഞ്ഞ പാടുകൾ ഉണ്ടാക്കുന്നു. ഇടിമിന്നലേറ്റ ആളുടെ വസ്‌ത്രങ്ങൾക്കു തീപിടിക്കുവാൻ സാധ്യതയുണ്ട്. പൊള്ളൽ ശക്‌തിയുള്ളതാണെങ്കിൽ അയാൾ ബോധരഹിതനാകും. ഈ സന്ദർഭത്തിൽ മരണംപോലും സംഭവിക്കുന്നു.

ഇടിമിന്നലേറ്റു വീഴുന്ന ആളെ സ്‌പർശിച്ചാൽ ഷോക്കേൽക്കുമെന്നു കരുതി ഇത്തരം ഹതഭാഗ്യർക്ക് ശുശ്രൂഷ നൽകാതെ മറ്റുള്ളവർ മാറിനിൽക്കേണ്ട കാര്യമില്ല. വൈദ്യുതാഘാതത്താൽ ഉണ്ടാകുന്നതുപോലെ ഇടിമിന്നലിൽ ഷോക്ക് ഉണ്ടാകുന്നില്ല.

lightning-first-aid-koldunov-shutterstock-com
Representative Image. Photo Credit : Koldunov / Shutterstock.com

പ്രഥമശുശ്രൂഷകൾ

ഇടിമിന്നലുകൊണ്ട് ആഘാതമേറ്റ, ആളെ ഒരു വൃത്തിയുള്ള തറയിൽ മലർത്തി കിടത്തുക

ഇയാളുടെ ശരീരത്തിൽനിന്നു വാച്ച്, ഷൂ എന്നിവയെല്ലാം അഴിച്ചുമാറ്റുക. വസ്‌ത്രങ്ങൾ, ടൈ എന്നിവ മുറുകിക്കിടപ്പുണ്ടെങ്കിൽ അവ അയച്ചിടുക.

ഇയാൾ അബോധാവസ്‌ഥയിലാണെങ്കിൽ വിധേയന്റെ നാടി ഇടിപ്പ്, ശ്വസനം എന്നിവ പരിശോധിക്കുക.

ശ്വസനം നടക്കാത്ത രോഗികളിൽ ശ്വാസോച്‌ഛ്വാസം കൃത്രിമമായി നൽകേണ്ടിയിരിക്കുന്നു. കൃത്രിമ ശ്വാസോച്‌ഛ്വാസം നൽകുന്നതിന് അനേകം മാർഗങ്ങളുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും ലളിതമായൊരു രീതിയാണ് വായോടു വായ് എന്ന രീതി.

മിന്നലേറ്റയാളുടെ വായ് തുറന്ന് അതിന്റെ പുറത്ത് ഒരു വൃത്തിയുള്ള നേരിയ ടവ്വലിടുക. മൂക്ക് അടച്ചുപിടിച്ചതിനുശേഷം പ്രഥമശുശ്രൂഷകൻ മിന്നലേറ്റയാളുടെ വായിൽ മിനിറ്റിൽ 16-18 പ്രാവശ്യം എന്ന ക്രമത്തിൽ ശക്‌തിയായി ഊതുക.

ഊതുമ്പോൾ വായു രോഗിയുടെ ശ്വാസകോശത്തിൽ കടക്കുന്നില്ലെങ്കിൽ അതു ശ്വസനനാള ദ്വാരത്തിന്റെ എന്തോ തടസ്സം മൂലമാണെന്നു മനസിലാക്കാം. രോഗിയുടെ തല ഒരു വശത്തേക്കു ചരിച്ചുപിടിച്ച് തൊണ്ടയിലെ തടസ്സം നീക്കുക. രോഗി തനിയെ ശ്വാസോച്‌ഛ്വാസം ചെയ്‌തു തുടങ്ങുന്നതുവരെ കൃത്രിമ ശ്വാസോച്‌ഛ്വാസം നൽകിക്കൊണ്ടിരിക്കുക.

അബോധാവസ്‌ഥയിലുള്ള ആൾക്കു കുടിക്കാൻ ഒന്നും നൽകുരത്. ശുദ്ധജലത്തിൽ തുണിമുക്കി ചുണ്ടു നനച്ചുകൊടുക്കാം. എന്നാൽ, രോഗി അബോധാവസ്‌ഥയിലല്ലെങ്കിൽ ചായയോ കാപ്പിയോ ഏതെങ്കിലും പാനീയങ്ങൾ കുറച്ചു നൽകാം.

മിന്നലേറ്റയാളുടെ കരിഞ്ഞ ശരീരഭാഗത്തിന് ഏതെങ്കിലും തരത്തിലുള്ള ക്ഷതമോ അണുബാധയോ സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

രോഗിയെ സ്‌ട്രെച്ചറിൽ കിടത്തി എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുക. ഹൃദയപ്രവർത്തനവും ശ്വാസോച്‌ഛ്വാസവും തനിയെ നടക്കുന്നില്ലെങ്കിൽ ആശുപത്രിയിൽ എത്തുന്നതുവരെ അവ കൃത്രിമമായി നൽകി (സി.പി.ആർ) കൊണ്ടിരിക്കണം.

ഇടിമിന്നലുണ്ടാകുമ്പോൾ ആഘാതം ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശക്‌തമായ ഇടിമിന്നലുള്ളപ്പോൾ എല്ലാ ലോഹവസ്‌തുക്കളും ശരീരത്തിൽനിന്ന് നീക്കം ചെയ്യുക.

മുറിയിലെ മറ്റു ലോഹവസ്‌തുക്കളിൽ സ്‌പർശിക്കാതെയും ശ്രദ്ധിക്കുക.

ഇലക്‌ട്രിക് ഉപകരണങ്ങൾ കൈകാര്യം ചെയ്യാതിരിക്കുക. 

ടിവിയുടെ കേബിൾ കണക്ഷൻ വിച്‌ഛേദിക്കുക. കഴിയുമെങ്കിൽ ഇലക്‌ട്രിക് മെയിൻ സ്വിച്ചും ഓഫ് ചെയ്യുക.

ശക്‌തമായ ഇടിമിന്നലുള്ളപ്പോൾ തുറസ്സായ സ്‌ഥലത്തോ വൃക്ഷത്തിന്റെ ചുവട്ടിലോ നിൽക്കാതിരിക്കുക.

ശക്‌തമായ ഇടിമിന്നലുള്ളപ്പോൾ മുറിക്കകത്ത് ഇരിക്കുന്നതുതന്നെയാണ് ഏറ്റവും സുരക്ഷിതം.

പനിയെ സൂക്ഷിക്കാം

jazzirt-istock-medical-emergency
Representative Image. Photo Credit : Jazzirt / iStock.com

രാത്രി കിടക്കുമ്പോൾ ചെറിയ ചൂടും ഉണരുമ്പോൾ നേർത്ത തണുപ്പും അനുഭവപ്പെടുന്നത് പ്രായാധിക്യം കൊണ്ട് വിഷമിക്കുന്നവരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. കുട്ടികളുടെ ആരോഗ്യവും ശ്രദ്ധിക്കാം. പ്രായമായവരുടെ ആരോഗ്യത്തിൽ കുടുംബാംഗങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. അപ്രതീക്ഷിത മഴ മൂലം പനിയും ജലദോഷവുമൊക്കെ ഈ സമയത്തു സാധാരണമാണ്. വിശ്രമിച്ചിട്ടും പനി കുറയുന്നില്ലെങ്കിൽ മാത്രം ഡോക്ടറെ സമീപിക്കുക. ചിക്കൻപോക്സിനും സാധ്യതയുണ്ട്. ക്യൂലക്സ് വിഭാഗത്തിൽ പെട്ട കൊതുകുകൾ വഴി ജപ്പാൻജ്വരം പോലുള്ള രോഗങ്ങളും വരാനിടയുണ്ട്.   

പേ വിഷബാധ : ശ്രദ്ധിക്കണം

തെരുവു നായ്ക്കളുടെ എണ്ണം ക്രമാതീതമായി വർധിച്ചു വരുന്ന സമയമാണിത്. അതുകൊണ്ട് തന്നെ പേ വിഷബാധയ്ക്കും സാധ്യതയുണ്ട്. പ്രഭാത സവാരിക്ക് ഇറങ്ങുന്നവർ ഇടുങ്ങിയ റോഡുകൾ ഒഴിവാക്കുക. മൈതാനങ്ങളെ ആശ്രയിക്കാം. വളർത്തു നായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പുകളെടുക്കാൻ മറക്കരുത്. നായ്ക്കളും പൂച്ചക്കുട്ടികളുമായി കുഞ്ഞുങ്ങൾ സമ്പർക്കത്തിലേർപ്പെടുന്നത് ഒഴിവാക്കുക. കടിയേറ്റാൽ കഴിവതും കടിയേറ്റ അന്നു തന്നെ പ്രതിരോധ കുത്തിവയ്പെടുക്കണം. എങ്കിൽ വൈറസ് മസ്തിഷ്കത്തിലെത്തും മുൻപേ പ്രതിരോധ ശക്തി ആർജിച്ചെടുക്കാം. അന്തരീക്ഷത്തിലെ പൊടിശല്യം അസ്വസ്ഥത സൃഷ്ടിക്കാം. മാസാവസാനത്തോടെ ചെറിയ രീതിയിൽ തണുപ്പു തുടങ്ങാം. അപ്രതീക്ഷിത മഴ മൂലം പനിയും ജലദോഷവുമൊക്കെ ഈ സമയത്ത് സാധാരണമാണ്. വേണ്ടത്ര വിശ്രമിച്ചിട്ടും പനി കുറയുന്നില്ലെങ്കിൽ മാത്രം ഡോക്ടറെ സമീപിക്കുക. ചിക്കൻ പോക്സിനെതിരെയും മുൻകരുതലുകൾ വേണം. 

Content Summary : Wellness Tips for the Month of October

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com