കുഞ്ഞിന്റെ ശരീരം മുഴുവൻ നീരുണ്ടോ? നിസ്സാരമല്ല നെഫ്രോട്ടിക് സിൻഡ്രോം
Mail This Article
ചോദ്യം : എന്റെ 5 വയസ്സുള്ള മോന് ശരീരം മുഴുവൻ നീരു വരികയും നെഫ്രോട്ടിക് സിൻഡ്രോം എന്ന രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഈ രോഗാവസ്ഥയെക്കുറിച്ചു കൂടുതല്‍ അറിയാൻ ആഗ്രഹിക്കുന്നു.
ഉത്തരം : കുട്ടികളിലെ വൃക്കരോഗങ്ങളിൽ വളരെ പ്രാധാന്യമേറിയ ഒരു രോഗമാണ് നെഫ്രോട്ടിക് സിൻഡ്രോം. നമ്മുടെ വൃക്കകളിൽ ഏകദേശം പത്തു മുതൽ 20 ലക്ഷത്തോളം ചെറിയ അരിപ്പകൾ ഉണ്ട്. ഈ അരിപ്പകൾ രക്തത്തെ അരിച്ച് മൂത്രം ഉൽപാദിപ്പിക്കുന്നു. സാധാരണയായി ഈ അരിപ്പകളിലൂടെ രക്തത്തിലെ പ്രോട്ടീൻ (ആൽബുമിൻ) ലീക്കാകുകയില്ല. എന്നാൽ, നെഫ്രോട്ടിക് സിൻഡ്രോം എന്ന രോഗാവസ്ഥയിൽ രക്തത്തിലെ ആൽബുമിൻ എന്ന പ്രോട്ടീൻ മൂത്രത്തിലേക്കു ലീക്ക് ചെയ്യുകയും ഇതിന്റെ ഫലമായി രക്തത്തിലെ ആൽബുമിൻ കുറയുകയും കൊളസ്ട്രോൾ കൂടുകയും ശരീരത്തിൽ നീരു വരികയും ചെയ്യുന്നു. എന്നാൽ, കിഡ്നിയുടെ പ്രവർത്തനം നോർമൽ ആയി തന്നെ തുടരും.
നല്ലൊരു ശതമാനം കുട്ടികളിലും പ്രതിരോധശേഷിയുടെ ഏറ്റക്കുറച്ചിലുകൾ മൂലമാണ് നെഫ്രോട്ടിക് സിൻഡ്രോം ഉണ്ടാകുന്നത്. ഈ രോഗത്തിന്റെ ചികിത്സ സ്റ്റിറോയ്ഡ് വിഭാഗത്തിൽ പെടുന്ന മരുന്നുകൾ ഉപയോഗിച്ചാണ്. ഈ മരുന്നുകൾ ഡോക്ടറുടെ നിർദേശപ്രകാരം കുറച്ചു മാസങ്ങൾ ഉപയോഗിക്കേണ്ടതായി വരും. മരുന്നുകളുടെ പാർശ്വഫലങ്ങളെക്കുറിച്ചു ഡോക്ടറുടെ അടുത്തു നിന്നു മനസ്സിലാക്കേണ്ടതാണ്. നെഫ്രോട്ടിക് സിൻഡ്രോം വീണ്ടും വരാൻ സാധ്യതയുള്ള ഒരു രോഗാവസ്ഥയാണ്. അസുഖത്തെക്കുറിച്ചുള്ള ശരിയായ അവബോധവും ഡോക്ടറുടെ നിർദേശപ്രകാരമുള്ള തുടർചികിത്സയും വളരെ പ്രധാനമാണ്.
Content Summary : What are the significant signs of nephrotic syndrome? - Dr. M. P. Shabeer Explains