ADVERTISEMENT

പ്രമേഹമുണ്ടെങ്കിൽ പല്ലു തേയ്ക്കുമ്പോൾ കൂടുതൽ ശ്രദ്ധ വേണോ? പ്രമേഹമുള്ള  (Diabetes ) പലരുടെയും സംശയമാണിത്. പ്രമേഹം മൂലം ദന്താരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാമെന്നതിനാൽ പല്ലു തേയ്ക്കുമ്പോൾ കൂടുതൽ ശ്രദ്ധ വേണം. പ്രായമേറിയവരിൽ പ്രമേഹം കൂടുതലായി കാണപ്പെടുന്നതിനാൽ മുതിർന്ന പൗരന്മാർ പ്രമേഹത്തിനെതിരെ കരുതിയിരിക്കണം. പ്രമേഹവും മോണരോഗവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. പ്രമേഹമുള്ളവരിൽ മോണരോഗത്തിനുള്ള സാധ്യത വളരെ വലുതാണ്. 

 

ദന്തക്ഷയ സാധ്യത

 

പ്രമേഹമുള്ളവർക്ക് വായിലെ ഉമിനീരിന്റെ അളവു കുറഞ്ഞ് ചെറിയ രീതിയിൽ വരൾച്ച അനുഭവപ്പെടാറുണ്ട്. സാധാരണയായി ഉമിനീരിന്റെ പ്രവർത്തനമാണ് ദന്തക്ഷയം തടയുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത്. ഉമിനീരിന്റെ അളവു കുറയുന്നതോടെ ദന്തക്ഷയ സാധ്യത കൂടുന്നു. 

 

മോണയിലെ പഴുപ്പ്

 

സാധാരണക്കാരെ അപേക്ഷിച്ച് പ്രമേഹരോഗികളിൽ മോണയിലെ പഴുപ്പ് അടിക്കടി കാണാറുണ്ട്. ശരീരത്തിലെ മറ്റേതു ഭാഗങ്ങളിലെയും പോലെ തന്നെ വായിലെയും മുറിവുണങ്ങാൻ കാലതാമസം നേരിടുന്നത് പ്രമേഹരോഗികളിൽ കാണുന്ന മറ്റൊരു പ്രശ്നമാണ്. 

 

ശ്രദ്ധിക്കാം

 

രാവിലെയും വൈകിട്ടും മൂന്നു മുതൽ അഞ്ചു വരെ മിനിറ്റ് സമയമെടുത്ത് സോഫ്റ്റ് ടൂത്ത് ബ്രഷ് കൊണ്ട് പല്ലു വൃത്തിയാക്കുക. പല്ലിനിടയിൽ കയറുന്ന ഭക്ഷണാവശിഷ്ടങ്ങൾ ഡെന്റൽ ഫ്ലോസ് എന്ന നൂൽ ഉപയോഗിച്ചോ ഇന്റർ ഡെന്റൽ ബ്രഷ് ഉപയോഗിച്ചോ എടുത്തുകളയുക. പല്ലുകൾക്കിടയിലെ അകലം നിർണയിച്ചതിനു ശേഷം ഇതിൽ ഏതാണ് അഭികാമ്യമെന്ന് ഡോക്ടർ നിർദേശിക്കും. 

 

പല്ലിൽ പറ്റിപ്പിടിക്കുന്ന കക്ക അഥവാ കാൽക്കുലസ് യഥാസമയം നീക്കം ചെയ്യുക. ആറുമാസത്തിലൊരിക്കൽ ദന്തവിദഗ്ധനെ കണ്ട് അൾട്രാസോണിക് ഉപകരണം കൊണ്ടുള്ള ക്ലീനിങ് അഥവാ സ്കെയിലിങ് ചെയ്യുക. മോണയിൽ അമിതമായി ചുവപ്പുനിറം കാണുക, മോണയിൽ നിന്നു രക്തസ്രാവമുണ്ടാകുക തുടങ്ങിയവ അവഗണിക്കാതെ തുടക്കത്തിലേ ചികിത്സിക്കുക. 

 

(വിവരങ്ങൾക്കു കടപ്പാട്: ഡോ. ജി.ആർ. മണികണ്ഠൻ, പെരിയോഡോണ്ടിസ്റ്റ്, ഗവ. അർബൻ ഡെന്റൽ ക്ലിനിക്, തിരുവനന്തപുരം)

 

Content Summary : Diabetes and oral health: What you should know

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com