ADVERTISEMENT

നാല്‍പതിനും 49നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ഈ കാലഘട്ടത്തില്‍ പല തരത്തിലുള്ള ശാരീരിക മാറ്റങ്ങള്‍ക്ക് വിധേയരാകാറുണ്ട്. ഇത് മൂലം ഈ സമയത്ത് അര്‍ബുദ കോശങ്ങള്‍ ശരീരത്തില്‍ വളരാനുള്ള സാധ്യതയും അധികമാണ്. നേരത്തെ ആര്‍ത്തവവിരാമം സംഭവിക്കുന്നവരിലും ആര്‍ത്തവവിരാമത്തോട് അനുബന്ധിച്ച് സങ്കീര്‍ണതകള്‍ ഉണ്ടാകുന്നവരിലും കുടുംബത്തില്‍ അര്‍ബുദ ചരിത്രമുള്ളവരിലും ഈ സാധ്യത വളരെയധികമാണെന്നതിനാല്‍ ഇത്തരക്കാര്‍ പ്രത്യേകിച്ചും കരുതിയിരിക്കേണ്ടതാണ്. 

 

ഇതിനാല്‍ 40 വയസ്സ് പിന്നിടുമ്പോൾ  ഇനി പറയുന്ന പരിശോധനകള്‍ക്ക് സ്ത്രീകള്‍ നിര്‍ബന്ധമായും വിധേയരാകേണ്ടതാണെന്ന് ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ബിഎല്‍കെ മാക്സ് സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഓങ്കോളജി ഡയറക്ടര്‍ സജ്ജന്‍ രാജ്പുരോഹിത് പറയുന്നു.  

 

1. മാമോഗ്രാം

ഇന്ത്യയിലെ സ്ത്രീകളില്‍ വരുന്ന അര്‍ബുദങ്ങളില്‍ 14 ശതമാനവും സ്തനാര്‍ബുദമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഓരോ നാലു മിനിറ്റിലും ഒരു ഇന്ത്യന്‍ സ്ത്രീക്ക് എന്ന കണക്കില്‍ സ്തനാര്‍ബുദം നിര്‍ണയിക്കപ്പെടുന്നു. സ്തനാര്‍ബുദം നേരത്തെ കണ്ടെത്താനായി 40 കഴിഞ്ഞ സ്ത്രീകള്‍ നിര്‍ബന്ധമായും ഇടയ്ക്കിടെ മാമോഗ്രാം പരിശോധനയ്ക്ക് വിധേയരാകേണ്ടതാണ്. കുടുംബത്തില്‍ അര്‍ബുദ ചരിത്രമുള്ളവര്‍ ബിആര്‍സിഎ ജീന്‍ ടെസ്റ്റിങ് നടത്തുന്നതും നന്നായിരിക്കും.

 

2. പാപ് സ്മിയര്‍ പരിശോധന

ഇന്ത്യയിലെ അര്‍ബുദങ്ങളില്‍ മൂന്നാം സ്ഥാനത്തുളള അര്‍ബുദമാണ് ഗര്‍ഭപാത്രത്തിനെയും ഗര്‍ഭാശയമുഖത്തെയും ബാധിക്കുന്ന അർബുദം. 40 വയസ്സ് പിന്നിടുന്നവര്‍ മൂന്ന് വര്‍ഷം കൂടുമ്പോൾ  പാപ് സ്മിയര്‍ പരിശോധന നടത്തുന്നത് ഈ അര്‍ബുദങ്ങളെ കണ്ടെത്താന്‍ സഹായിക്കും. കൗമാരത്തില്‍ എച്ച്പിവി വാക്സീന്‍ എടുക്കുന്നതും ഈ അര്‍ബുദങ്ങളുടെ സാധ്യത കുറയ്ക്കും. 

 

3. കൊളണോസ്കോപ്പി

മലദ്വാരത്തിലും കോളോണിലും ചെറിയ മുഴകളായിട്ടാണ് കോളോണ്‍ അര്‍ബുദവും കോളോറെക്ടല്‍ അര്‍ബുദത്തിന്‍റെയും തുടക്കം. ഇത് നേരത്തെ തിരിച്ചറിയാന്‍ കൊളണോസ്കോപ്പി പരിശോധനകള്‍ സഹായിക്കും. ഈ മുഴകള്‍ അര്‍ബുദമുഴകളായി മാറുന്നതിന് മുന്‍പ് അവയെ നീക്കം ചെയ്യാനും പരിശോധനയിലൂടെ സാധിക്കും. 

 

4. അടിവയറ്റിലെ അള്‍ട്രാസൗണ്ട് പരിശോധന

ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണല്‍ മാറ്റങ്ങളുടെ ഫലമായി അടിവയറ്റിലും അര്‍ബുദ വളര്‍ച്ചയ്ക്കുളള സാധ്യത സ്ത്രീകളില്‍ തള്ളിക്കളയാനാകില്ല. അടിവയറ്റിലെ അവയവങ്ങളെയും രക്തക്കുഴലുകളെയും പരിശോധിക്കുന്ന അള്‍ട്രാസൗണ്ട് സ്കാന്‍ വഴി ഇത്തരം വളര്‍ച്ചകള്‍ എളുപ്പത്തില്‍ തിരിച്ചറിയാനാകും. വര്‍ഷത്തില്‍ ഒരിക്കല്‍ ഈ പരിശോധന നടത്തേണ്ടതാണ്. 

 

5. തൈറോയ്ഡ് പരിശോധന

40 കഴിയുമ്പോൾ  സ്ത്രീകള്‍ നേരിടുന്ന ചില പ്രശ്നങ്ങളാണ് ഭാര വര്‍ധന, മുടികൊഴിച്ചില്‍, നഖം പൊട്ടല്‍, ക്ഷീണം തുടങ്ങിയവ. തൈറോയ്ഡ് ഗ്രന്ഥികള്‍ ആവശ്യത്തിന് ഹോര്‍മോണ്‍ ഉത്പാദിപ്പിക്കാതിരിക്കുന്നത് മൂലം ഇത്തരം പ്രശ്നങ്ങള്‍ വരാം. ഇതിനാല്‍ 40 കഴിയുന്ന സ്ത്രീകള്‍ ഓരോ മൂന്ന് വര്‍ഷം കൂടുമ്പോഴും  തൈറോയ്ഡ് പരിശോധന നടത്തുന്നതും നന്നായിരിക്കും. 

Content Summary: Preventive cancer tests every women should get done after the age of 40

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com