ADVERTISEMENT

മനുഷ്യരുടെ ആയുര്‍ദൈര്‍ഘ്യം കൂടുന്നതിനാലും ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്താതിസമ്മര്‍ദം തുടങ്ങിയ രോഗങ്ങൾ കൂടുന്നതിനാലും  വൃക്കരോഗങ്ങൾ നമ്മുടെ സമൂഹത്തിൽ  വര്‍ധിച്ചു വരികയാണ്. ലോകമെമ്പാടും വൃക്കരോഗികളുടെ എണ്ണത്തിൽ ഈ കഴിഞ്ഞ പതിറ്റാണ്ടിൽ മുപ്പത് ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇന്ത്യയിൽ ജനസംഖ്യയുടെ പതിനേഴ് ശതമാനം പേര്‍ക്ക് വൃക്കരോഗം ഉള്ളതായി കണക്കാക്കപ്പെടുന്നു. ഇതിൽ വൃക്കരോഗത്തിന്റെ ഗുരുതരാവസ്ഥയായ സ്ഥിരമായ വൃക്കസ്തംഭനം (Chronic kidney disease stage 4 & 5) ആയിരം പേരിൽ എട്ട് പേര്‍ക്ക് കാണപ്പെടുന്നു. നമ്മുടെ രാജ്യത്ത് 2018 ലെ കണക്ക് പ്രകാരം ഒരു ലക്ഷത്തി എഴുപത്തിഅയ്യായിരം പേര്‍ഡയാലിസിസിന് വിധേയരാകുന്നു. ചില കണക്കുകൾ കാണിക്കുന്നത് ഡയാലിസിസ് ആവശ്യമായി വരുന്ന രോഗികളിൽ കേവലം മൂന്നിലൊന്ന് പേര്‍ക്കേ അത് ലഭ്യമാകുന്നുള്ളു എന്നതാണ്. ആതായത് 100 പേര്‍ക്ക് ഡയാലിസിസ് ആവശ്യമായി വരുന്ന സാഹചര്യത്തിൽ 30 പേര്‍ക്ക് ലഭിക്കുകയും ബാക്കി 70 പേര്‍മരണത്തിന് കീഴടങ്ങുകയും ചെയ്യുന്ന ഭീതിദമായ ഒരു സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്. 1990ൽ വൃക്കരോഗങ്ങൾ കൊണ്ടുണ്ടായ മരണം 5 ലക്ഷമായിരുന്ന സ്ഥാനത്ത് 2016 ൽ അത് ഇരട്ടിച്ച് 11 ലക്ഷത്തോളമായിരിക്കുന്നു. ജനസംഖ്യ കൂടുന്നതിനനുസരിച്ച് മരണനിരക്ക് നമുക്ക് കുറയ്ക്കാന്‍സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഈ വര്‍ഷത്തെ ലോകവൃക്കദിന സന്ദേശമായ “വൃക്കകളുടെ ആരോഗ്യം എല്ലാവർക്കും - അപ്രതീഷിതമായതിനെ  നേരിടാൻ തയ്യാറെടുക്കുക; വൃക്കരോഗം ഉണ്ടാകാൻ സാധ്യതയുള്ളവരെ സഹായിക്കുക” (Kidney health for all - Preparing for the unexpected, supporting the vulnerable) എന്നതിന് നമ്മുടെ രാജ്യത്ത് പ്രത്യേക പ്രാധാന്യമുണ്ട്. 

Read More: വെള്ളംകുടിയിലും വേദനസംഹാരി ഉപയോഗത്തിലും വേണം ശ്രദ്ധ; ക്രിയാറ്റിൻ അളവ് മാത്രം പരിഗണിച്ച് വൃക്കയെ അളക്കരുത്

വൃക്കരോഗം കണ്ടുപിടിക്കുക എന്നത് ഒരു മനുഷ്യന്റെ ജീവിതത്തിലെ തികച്ചും വിഷമം പിടിച്ച കാലഘട്ടം ആണ്. വൃക്കരോഗലക്ഷണങ്ങൾ പലപ്പോഴും നേരത്തേ പ്രകടമാക്കാത്തതിനാൽ അതിന്റെ അവസാന ഘട്ടത്തിലാകും കണ്ടുപിടിക്കപ്പെടുന്നത്. വൃക്കരോഗം പൂര്‍ണമായും ഭേദമാവില്ലെന്ന ചിന്ത വൃക്കരോഗികളെ പലപ്പോഴും അമിതമായ ഉത്കണ്ഠയിലേക്കും വിഷാദരോഗത്തിലേക്കും നയിക്കാറുണ്ട്. ഇതവരുടെ കുടുംബപരവും സാമൂഹ്യപരവുമായ കടമകൾ ശരിയായ രീതിയിൽ നിര്‍വഹിക്കുന്നതില്‍നിന്ന് അവരെ തടയുകയും പതിയെ പതിയെ സ്വയം ഒറ്റപ്പെടലിന്റെ അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു. 

 

വൃക്കരോഗികള്‍ക്ക് ശരിയായ രീതിയിലുള്ള ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതോടെ അവര്‍ക്ക് മാനസിക പിന്തുണയും നല്‍കേണ്ടതാണ്. വൃക്കരോഗത്തിന്റെ ബാഹ്യലക്ഷണങ്ങൾ ചികിത്സിക്കുക, ജീവിതദൈര്‍ഘ്യം കൂട്ടുക എന്നതിലാണ് വൃക്കരോഗ ചികിത്സ ഇപ്പോൾ ഊന്നൽ നല്‍കുന്നത്. ഇതോടൊപ്പം വൃക്കരോഗികളുടെ ജീവിതത്തിന്റെ ഗുണനിലവാരം (Quality of life) കൂട്ടുകയെന്നതും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചുകൊണ്ടുവരികയെന്നതും വൃക്കരോഗ ചികിത്സയുടെ പ്രധാനഭാഗമായി മാറേണ്ടതാണ്. വൃക്കരോഗിയുടെ കുടുംബത്തിനാണ് ഇതിൽ പ്രധാനപങ്ക് വഹിക്കാനാകുന്നത്. അവരെ ഒരു നിത്യരോഗിയായി കാണാതെ കുടുംബത്തിലെ എല്ലാകാര്യങ്ങളിലും അതൊരു സിനിമയാകട്ടെ, വിനോദയാത്രയാകട്ടെ പങ്കെടുപ്പിക്കാന്‍ശ്രമിക്കുക. അവര്‍ക്ക് ശാരീരിക അസ്വസ്ഥതകളില്ലെന്ന് ഉറപ്പുവരുത്തുന്ന അതേ പ്രാധാന്യത്തോടെ അവരുടെ മനസ്സിന്റെ സന്തോഷവും ഉറപ്പുവരുത്തുക. 

 

വൃക്കരോഗികൾ പലപ്പോഴും അഭിമുഖീകരിക്കേണ്ടി വരുന്ന പ്രധാന പ്രയാസം സാമ്പത്തികമാണ്. മരുന്നുകള്‍ക്കും ഡയാലിസിസ് ഉള്ളവര്‍ക്കും അതിനു ഭീമമായ പണച്ചെലവ് വേണ്ടിവരുന്നു. സര്‍ക്കാരിനും സര്‍ക്കാരിതര സാമൂഹിക, സംഘടനകള്‍ക്കും ഈ കാര്യത്തിൽ   വളരെധികം ചെയ്യാന്‍കഴിയും. സര്‍ക്കാർ   ആശുപത്രികളിൽ ഡയാലിസിസ് യൂണിറ്റുകളുടെ എണ്ണം കൂട്ടാൻ  പറ്റിയാൽ അത് പാവപ്പെട്ട രോഗികളള്‍ക്ക് ഒരു ആശ്വാസമാകും. ചെറുപ്പത്തിൽ വൃക്കരോഗം ബാധിക്കുന്നത് പലപ്പോഴും അമിതമായ കായികാഭ്യാസമുള്ള ജോലികൾ തുടരാൻ സാധിക്കുകയില്ല. അത്തരം രോഗികള്‍ക്ക് അനുയോജ്യമായ ജോലികൾ നല്‍കി അവരെ സാധാരണ  ജീവിതത്തിലേക്ക്, മറ്റുള്ളവരെ ആശ്രയിക്കാതെ മടക്കികൊണ്ടുവരാന്‍സാധിക്കും. കുടുംബത്തിലെ പ്രധാന അത്താണിയായ കുടുംബനാഥനോ / കുടുംബനാഥയ്‌ക്കോ വൃക്കസ്തംഭനം വന്നാൽ അവരുടെ കുട്ടികൾ, വൃദ്ധരായ മാതാപിതാക്കൾ എന്നിവർ അനുഭവിക്കേണ്ടി വരുന്ന മാനസികവും സാമ്പത്തികവുമായ കഷ്ടപ്പാടുകൾ നമ്മൾ കണക്കിലെടുക്കേണ്ടതാണ്. കുട്ടികളുടെ പഠനത്തിന്റെ ചെലവ് സന്മനസ്സുള്ള ആള്‍ക്കാര്‍ക്ക് നല്‍കാൻ കഴിഞ്ഞാൽ തന്നെ അത് വൃക്കരോഗികള്‍ക്ക് കൊടുക്കുന്ന മനഃസമാധാനം വളരെ വലുതായിരിക്കും. 

 

ചുരുക്കത്തിൽ വൃക്കരോഗികൾ അഭിമുഖീകരിക്കുന്നത് കേവലം വൃക്കരോഗത്തിന്റെ മാത്രമല്ല, അതുവഴിയുണ്ടാകുന്ന സാമൂഹിക, സാമ്പത്തിക, മാനസിക പ്രശ്‌നങ്ങളുമാണ്. വൃക്കരോഗിയെ ഒരു രോഗിയായി മാത്രം കണ്ട് ചികിത്സ നിശ്ചയിക്കാതെ അവനെ / അവളെ ഒരു അച്ഛനായി / അമ്മയായി / മകനായി / മകളായി / ഭര്‍ത്താവായി / ഭാര്യയായി  കണ്ട് അവന്റെ / അവളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി, അതിന് സാമൂഹികവും സാമ്പത്തികവുമായ പ്രതിവിധികൾ നിശ്ചയിച്ച് അവരെ വൃക്കരോഗത്തോടൊപ്പം തന്നെ നല്ല രീതിയിൽ സന്തോഷത്തോടെ നല്ല ശാരീരിക മാനസിക ആരോഗ്യത്തോടെ ജീവിക്കാൻ പ്രാപ്തരാക്കുക എന്നതാണ് ഒരു നല്ല സമൂഹത്തിന്റെ കടമ. ഒരു വൃക്കരോഗിയുടെ ശാരീരികവും മാനസികവുമായ സന്തോഷം ഉറപ്പുവരുത്തുക വഴി വൃക്കരോഗി മാത്രമല്ല അവന്റെ / അവളുടെ കുടുംബവും മുഖ്യധാരയിലേക്ക് തിരിച്ചുവരും. നമ്മളെല്ലാവരും ഒന്നിച്ച് നിന്ന് അതിലേക്ക് പരിശ്രമിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Content Summary: Kidney patients care and support

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com