ADVERTISEMENT

പല്ല് തേയ്ക്കുന്നതും പ്രമേഹ രോഗവും തമ്മില്‍ എന്ത് ബന്ധം. പ്രത്യക്ഷത്തില്‍ ബന്ധം ഒന്നും തോന്നുകില്ലെങ്കിലും ദിവസം കൂടുതല്‍ തവണ പല്ല് തേക്കുന്നവര്‍ക്ക് പ്രമേഹ രോഗസാധ്യത കുറവാണെന്ന് ഏതാനും വര്‍ഷം മുന്‍പ് ദക്ഷിണകൊറിയയില്‍ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. ദിവസം മൂന്നോ അതിലധികമോ തവണ പല്ല് തേക്കുന്നവര്‍ക്ക് പ്രമേഹമുണ്ടാകാനുള്ള സാധ്യത എട്ട് ശതമാനം കുറവാണെന്നാണ് ഡയബറ്റോളജിയ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. 

 

രണ്ട് തവണയിലധികം പല്ല് തേച്ച 51 വയസ്സിന് കീഴിലുള്ളവരുടെ പ്രമേഹ സാധ്യത 14 ശതമാനം കുറയുന്നതായും പഠനം സൂചിപ്പിക്കുന്നു. ദക്ഷിണകൊറിയ സിയോള്‍ ഹോസ്പിറ്റലിലെ ഡോ. തായ്-ജിന്‍ സോങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ പഠനം നടത്തിയത്. ദക്ഷിണകൊറിയയിലെ 1,90,000 പേരുടെ ദന്ത ശുചിത്വം 10 വര്‍ഷം നീണ്ട പഠനത്തിനിടെ പരിശോധിക്കപ്പെട്ടു.  

 

ഈ പഠനത്തിലെ കണ്ടെത്തലുകള്‍  പുണെ റൂബി ഹാള്‍ ക്ലിനിക്കിലെ ചീഫ് ഡെന്റല്‍ സര്‍ജന്‍ ഡോ. സചീവ് നന്ദയും ശരിവയ്ക്കുന്നു. മോണയിലും പല്ലുകളെ താങ്ങി നിര്‍ത്തുന്ന എല്ലുകളിലും വരുന്ന ബാക്ടീരിയല്‍ അണുബാധയാണ് പെരിയോഡോണ്‍ടൈറ്റിസ്. ഇത് ചികിത്സിക്കാതെ വിട്ടാല്‍ പല്ലുകള്‍ പോകുന്നത് ഉള്‍പ്പെടെയുള്ള സങ്കീര്‍ണതകളിലേക്ക് നയിക്കാം. മോണ രോഗമുള്ള വ്യക്തികളുടെ രക്തത്തില്‍ ഇന്‍ഫ്‌ളമേഷന്‍ മാര്‍ക്കറുകളുടെ ഉയര്‍ന്ന തോതുണ്ടാകാമെന്നും ഇത് ഇന്‍സുലിന്‍ സംവേദനത്വത്തെ ബാധിച്ച് പ്രമേഹത്തിന് കാരണമാകാമെന്നും ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഡോ. സചീവ് ചൂണ്ടിക്കാട്ടി. മോശം ദന്തശുചിത്വം പ്രമേഹവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നോ എന്ന് തെളിയിക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 

പ്രമേഹം ഉമിനീരിന്റെ ഉൽപാദനത്തെ കുറയ്ക്കുന്നത് വായ വരണ്ടതാക്കാന്‍ ഇടയാക്കാറുണ്ട്. ഇത് വായില്‍ ബാക്ടീരിയല്‍ വളര്‍ച്ചയിലേക്ക് നയിക്കാമെന്നും ഡോക്ടര്‍മാര്‍ നിരീക്ഷിക്കുന്നു. കുറഞ്ഞത് രണ്ട് തവണ പല്ല് തേയ്ക്കല്‍, ദിവസവും ഫ്‌ളോസിങ്, ഇടയ്ക്കിടെ ദന്തരോഗ വിദഗ്ധനെ കൊണ്ട് പരിശോധന നടത്തിക്കല്‍ എന്നിവയെല്ലാം ദന്താരോഗ്യത്തിനും ദന്തശുചിത്വത്തിനും ആവശ്യമാണ്. 

Content Summary: Can brushing teeth more reduce diabetes risk?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com