തോളുവേദനയ്ക്കൊപ്പം ഈ ലക്ഷണങ്ങളുമുണ്ടോ? എങ്കിൽ അർബുദം സംശയിക്കണം
Mail This Article
ഏറെ നേരം അനങ്ങാതിരിക്കുകയോ നീർക്കെട്ടു വരുകയോ ചെയ്യുമ്പോൾ തോളുവേദന വരാം. നീണ്ടു നിൽക്കുന്ന വേദന അത്ര സുഖകരമാവില്ല. തോളിന് ഒരു വേദനവന്നാൽ അതിന് കാൻസറുമായി ബന്ധം ഉണ്ടാവാം എന്ന് ആരും ചിന്തിക്കുക പോലും ഇല്ല. എന്നാൽ യുകെയിലെ കാൻസർ ഗവേഷകർ പറയുന്നത്, കടുത്ത തോളുവേദന ചിലപ്പോൾ അപൂർവമായ ഒരു ശ്വാസകോശാർബുദമായ പാൻകോസ്റ്റ് ട്യൂമറിന്റെ ലക്ഷണമാകാം എന്നാണ്. വേദന കൈകളിലേക്കും കഴുത്തിലേക്കും തലയിലേക്കും വ്യാപിക്കാം. ശ്വാസകോശത്തിനു മുകളിൽ ട്യൂമര്‍ വളരുകയും ഇത് കഴുത്തിൽ നിന്നു മുഖത്തേക്കു പോകുന്ന നാഡികളെ അമർത്തുകയും ചെയ്യാം.
പാൻകോസ്റ്റ് ട്യൂമറിന്റെ ലക്ഷണങ്ങൾ
തോളുവേദന കൂടാതെ ഈ കാൻസറിനു മറ്റ് ചില ലക്ഷണങ്ങൾ കൂടിയുണ്ട്.
∙കണ്ണിൽ ചെറിയ കൃഷ്ണമണി കാണപ്പെടുക.
∙മുഖത്തിന്റെ ഒരു ഭാഗം വിയർക്കാതിരിക്കുക.
∙ഇമകൾ തൂങ്ങുകയോ ബലക്ഷയം അനുഭവപ്പെടുകയോ ചെയ്യുക.
ശ്വാസകോശാർബുദമുള്ളവരിൽ അഞ്ച് ശതമാനത്തിൽ താഴെപേർക്ക് മാത്രമേ ഇത്തരത്തിൽ കാൻസർ വരൂ. രോഗിയുടെ ആരോഗ്യവും ട്യൂമറിന്റെ സ്ഥാനവും വലുപ്പവും അനുസരിച്ച് ആയിരിക്കും ചികിത്സ. ട്യൂമർ വ്യാപിക്കുകയാണെങ്കിൽ കീമോതെറാപ്പിയും റേഡിയോ തെറാപ്പിയും ഇതിനെ ചുരുക്കാൻ സഹായിക്കും.
ശ്വാസകോശാർബുദത്തിന്റെ ലക്ഷണങ്ങൾ
ലങ് കാൻസർ നേരത്തെ കണ്ടെത്തുന്നത് ചികിത്സയ്ക്കും രോഗം സുഖപ്പെടാനും സഹായകമാണ്. മറ്റു ഭാഗങ്ങളിലേക്ക് രോഗം പടരാതിരിക്കാനും ഇതു മൂലം സാധിക്കും. ലങ് കാൻസറിന്റെ ആദ്യ ലക്ഷണങ്ങൾ ഇവയാണ്.
∙ചുമച്ച് രക്തം തുപ്പുക.
∙തുടർച്ചയായ ചുമ.
∙അകാരണമായി ശരീരഭാരം കുറയുക.
∙ക്ഷീണം.
∙തുടർച്ചയായ ശ്വാസതടസ്സം.
∙ചുമയ്ക്കുമ്പോഴും ശ്വസിക്കുമ്പോഴും വേദന.
∙വിരലുകളുടെ അറ്റം ഉരുണ്ടു വരുക.
ഈ ലക്ഷണങ്ങളിലേതെങ്കിലുമോ ഒന്നിലധികം ലക്ഷണങ്ങളോ മൂന്നാഴ്ചയിലധികം നീണ്ടു നിന്നാൽ എത്രയും വേഗം വൈദ്യസഹായം തേടണം.
Content Summary: Shoulder pain and Cancer symptom