ADVERTISEMENT

ഭാരം കുറയ്ക്കാന്‍ ഏറ്റവും എളുപ്പമുള്ളതും ഫലപ്രദമായതുമായ വഴിയാണ് നടപ്പ്. ഹൃദയാരോഗ്യത്തിനും മാനസികാരോഗ്യത്തിനുമെല്ലാം നടപ്പിനോളം നല്ല വ്യായാമമില്ല. കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തസമ്മര്‍ദം നിയന്ത്രണത്തില്‍ നിര്‍ത്താനും പേശികളുടെയും സന്ധികളുടെയും എല്ലുകളുടെയുമെല്ലാം കരുത്ത് വര്‍ധിപ്പിക്കാനുമെല്ലാം നടപ്പ് സഹായിക്കും. 

 

എന്നാല്‍ ആരോഗ്യകരമായ ജീവിതത്തിന് ഒരു ദിവസം എത്ര ദൂരം നടക്കണമെന്ന കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉള്ളത്. ദിവസം 10,000 സ്റ്റെപ്പുകള്‍ നടക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്നും മറവിരോഗത്തിനും അര്‍ബുദത്തിനുമുള്ള സാധ്യത കുറയ്ക്കുമെന്നും ചില പഠനങ്ങള്‍ പറയുന്നു. 3800 സ്റ്റെപ്പെങ്കിലും ദിവസവും നടക്കുന്നത് ധാരണശേഷിക്കുറവിനുള്ള സാധ്യത 25 ശതമാനം കുറയ്ക്കുമെന്ന് മറ്റൊരു പഠനവും വെളിപ്പെടുത്തുന്നു.  ദിവസം കുറഞ്ഞത് 7000 സ്റ്റെപ്പുകള്‍ നടക്കുന്നവരില്‍ അകാലമരണത്തിനുള്ള സാധ്യത നടക്കാത്തവരെ അപേക്ഷിച്ച് കുറവാണെന്ന് ഒരു ഗവേഷണപഠനവും വിലയിരുത്തുന്നു. 

Read Also: പ്രഭാത നടത്തം പതിവാക്കാം; ഗുണങ്ങള്‍ പലത്

എന്നാല്‍ അലസ ജീവിതം നയിച്ചു വരുന്നവര്‍ പെട്ടെന്നൊരു ദിവസം 10,000 സ്റ്റെപ്പുകള്‍ നടക്കാന്‍ ശ്രമിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യാമെന്ന് ഫിറ്റ്‌നസ് ട്രെയ്‌നര്‍മാര്‍ പറയുന്നു. ശരീരത്തെയും അതിന്റെ പരിമിതികളെയും മനസ്സിലാക്കി പടിപടിയായ് വേണം നടപ്പ് ഉള്‍പ്പെടെയുള്ള വ്യായാമത്തിന്റെ കാഠിന്യം വര്‍ധിപ്പിക്കാന്‍. രാവിലെയോ വൈകുന്നേരമോ നടക്കുന്നതിന് പുറമേ നിത്യജീവിതത്തിന്റെ ഭാഗമായും നടപ്പിനെ മാറ്റാന്‍ ശ്രമിക്കേണ്ടതാണ്. ഇതിന് സഹായിക്കുന്ന ചില നിര്‍ദ്ദേശങ്ങൾ ഇനി പറയുന്നു.

 

1. ഫോണില്‍ സംസാരിക്കുമ്പോള്‍ നടന്നു കൊണ്ട് സംസാരിക്കാന്‍ ശ്രമിക്കാം

 

2. യൂടൂബിലൊക്കെ വിഡിയോ കാണുമ്പോഴോ എന്തെങ്കിലും പഠിക്കുമ്പോഴോ നടന്നു കൊണ്ട് ഇവ ചെയ്യാം. ഓഡിയോബുക്കോ പോഡ്കാസ്‌റ്റോ കേള്‍ക്കുമ്പോഴോ നടന്നു കൊണ്ട് കേള്‍ക്കാം

 

3. ജിമ്മിലൊക്കെ പോകുമ്പോള്‍ ഓരോ സെറ്റിന്റെ ഇടയിലും ലഭിക്കുന്ന ഇടവേളയിലും ഉപകരണങ്ങളില്‍ നിന്ന് ആരെങ്കിലും മാറാന്‍ കാത്തിരിക്കുമ്പോഴും നടക്കാം.

 

4. കൂട്ടുകാരുടെ കൂടെ സമയം ചെലവഴിക്കുമ്പോഴും നടക്കാന്‍ ശ്രദ്ധിക്കാം

 

5. നടക്കാനുള്ള അവസരങ്ങള്‍ ബോധപൂര്‍വം സൃഷ്ടിക്കാനും ശ്രമിക്കേണ്ടതാണ്. കടയിലോ ഓഫീസിലോ പോകുമ്പോള്‍ അല്‍പദൂരം മാറി വണ്ടി പാര്‍ക്ക് ചെയ്ത് നടക്കാന്‍ ശ്രമിക്കാം. ലിഫ്റ്റിന് പകരം പടികള്‍ നടന്നു കയറാനും ഓഫീസിലെ സഹപ്രവര്‍ത്തകരോട് ഇന്റര്‍കോമില്‍ സംസാരിക്കുന്നതിന് പകരം അവര്‍ ഇരിക്കുന്ന ഇടത്തില്‍ പോയി സംസാരിക്കാനും ശ്രദ്ധിക്കേണ്ടതാണ്. 

 

6. ഇരുന്നു കൊണ്ട് ജോലി ചെയ്യേണ്ടി വരുന്നവര്‍ അലാം സെറ്റ് ചെയ്ത് വച്ച് അര മണിക്കൂര്‍ കൂടുമ്പോള്‍ 5 മിനിറ്റെങ്കിലും നടക്കേണ്ടതാണ്.

Content Summary: Minimum number of steps you should walk to avoid lifestyle diseases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com