ADVERTISEMENT

ലോകജനസംഖ്യയെ ബാധിക്കുന്ന ഗൗരവമേറിയ ആരോഗ്യപ്രശ്നമായി മാറിയിരിക്കുകയാണ് ഇന്ന് അമിതവണ്ണം. 2025 ഓടു കൂടി 167 ദശലക്ഷം പേര്‍ അമിതവണ്ണമോ കുടവയറോ ഉള്ളവരായി മാറുമെന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്. ബോഡി മാസ് ഇന്‍ഡെക്സ് 30ന് മുകളിലുള്ളവര്‍ അമിതവണ്ണമുള്ളവരായി കണക്കാക്കുന്നു. പലതരത്തിലുള്ള രോഗങ്ങള്‍ക്ക് അമിതവണ്ണം കാരണമാകാറുണ്ട്. അവ ഏതെല്ലാമാണെന്ന് പരിശോധിക്കാം. 

 

1. ഹൃദ്രോഗം

അമിതവണ്ണം ശരീരത്തിലെ പല അവയവങ്ങളെയും പ്രതികൂലമായി ബാധിക്കാം. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഹൃദയമാണ്. ഹൃദയാഘാതവും പക്ഷാഘാതവും മൂലമുള്ള മരണങ്ങളുടെ ഒരു മുഖ്യകാരണം അമിതവണ്ണമാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ബോഡി മാസ് ഇൻഡെക്സ് വര്‍ധിക്കുന്നതിന് അനുസരിച്ച് ഹൃദ്രോഗസാധ്യതയും കൂടുന്നു.  

 

2. പ്രമേഹം

അരയ്ക്ക് ചുറ്റും കൊഴുപ്പടിയുന്നതിനെ തുടര്‍ന്നുണ്ടാകുന്ന നീര്‍ക്കെട്ട് ഇന്‍സുലിനോടുള്ള ശരീരത്തിന്‍റെ പ്രതികരണം കുറയ്ക്കുന്നു. ഇത് ശരീരം കൊഴുപ്പിനെയും കാര്‍ബോഹൈഡ്രേറ്റിനെയും കത്തിച്ചു കളയുന്ന വിധയത്തെയും ബാധിക്കും. ഇതിന്‍റെയെല്ലാം ഫലമായി രക്തത്തിലെ പഞ്ചസാരയുടെ തോതും ഉയരാം.  

 

3. എല്ലുകളെയും സന്ധികളെയും ബാധിക്കാം

അമിതവണ്ണം ശരീരത്തിലെ എല്ലുകള്‍ക്കും സന്ധികള്‍ക്കും മേല്‍ അമിതമായ സമ്മര്‍ദ്ധം ഉണ്ടാക്കും. അമിതവണ്ണമുള്ളവര്‍ക്ക് ഓസ്റ്റിയോആര്‍ത്രൈറ്റിസ് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അമിതവണ്ണം കൊണ്ടുണ്ടാകുന്ന സമ്മര്‍ദ്ധം പലപ്പോഴും മുട്ടുകളെയും അരക്കെട്ടിനെയുമെല്ലാം പ്രതികൂലമായി ബാധിക്കും. 

 

4. അര്‍ബുദം

അമിതവണ്ണവും അര്‍ബുദവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പല പഠനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. അന്നനാളി, പാന്‍ക്രിയാസ്, കോളൻ, മലദ്വാരം, സ്തനം, പിത്തസഞ്ചി, വൃക്ക എന്നിവിടങ്ങളിലെ അര്‍ബുദത്തിന് അമിതവണ്ണവും ഒരു പ്രധാന  കാരണമാണ്. 

 

5. മാനസികാരോഗ്യം

അമിതവണ്ണത്തെ തുടര്‍ന്ന് ശരീരത്തില്‍ ഉണ്ടാകുന്ന നീര്‍ക്കെട്ട്, ഹൈപോതലാമിക്-പിച്യുറ്ററി-അഡ്രിനാല്‍ ആക്സിസിനുണ്ടാകുന്ന മാറ്റങ്ങള്‍, ഇന്‍സുലിന്‍ പ്രതിരോധം, സാമൂഹികവും സാംസ്കാരികവുമായ ഘടകങ്ങള്‍ എന്നിവ മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിക്കാമെന്ന് ഹാര്‍വഡ് സര്‍വകലാശാലയുടെ റിപ്പോര്‍ട്ട് പറയുന്നു. 

 

6. ഗര്‍ഭകാല സങ്കീര്‍ണതകള്‍

അമിതവണ്ണമുള്ളവരില്‍ ഗര്‍ഭകാലത്ത് പല വിധ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഗര്‍ഭകാല പ്രമേഹം, പ്രീക്ലാംസിയ, ഗര്‍ഭം അലസല്‍ എന്നിവയെല്ലാം ഇതിനോട് ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യാറുണ്ട്.

 

7. ശ്വാസകോശ പ്രശ്നങ്ങള്‍

ആസ്മ, സ്ലീപ് അപ്നിയ പോലുള്ള ശ്വാസകോശ പ്രശ്നങ്ങളും അമിതവണ്ണമുള്ളവര്‍ക്ക് ഉണ്ടാകാനുളള സാധ്യത അധികമാണ്. അമിതവണ്ണം ശ്വാസകോശത്തിന്‍റെ ശേഷിയെ പ്രതികൂലമായി ബാധിക്കും. കൊഴുപ്പ് ശരീരത്തിലും അവയവങ്ങളിലും അടിയുന്നത് നെഞ്ചിന്‍ കൂടിന്‍റെ ഫ്ളെക്സിബിലിറ്റിയെ ബാധിക്കുകയും ശ്വാസകോശത്തിന്‍റെ വായുനാളിയെ ചുരുക്കുകയും ചെയ്യും. 

 

പയര്‍വര്‍ഗങ്ങളും പഴങ്ങളും പച്ചക്കറികളും ഹോള്‍ ഗ്രെയ്നുകളും ചേര്‍ന്ന സന്തുലിതമായ ഭക്ഷണക്രമം, നിത്യവുമുള്ള വ്യായാമം, കൊഴുപ്പ് ചേര്‍ന്ന ഭക്ഷണവും മധുരവും പരിമിതപ്പെടുത്തല്‍ തുടങ്ങിയ വഴികളിലൂടെ അമിതവണ്ണം നിയന്ത്രിച്ച് നിര്‍ത്താനാകും. സംസ്കരിച്ച ഭക്ഷണവും ഉപ്പ് ചേര്‍ന്നിരിക്കുന്ന പായ്ക്ക് ചെയ്ത ഭക്ഷണങ്ങളും ഒഴിവാക്കേണ്ടതാണ്.

Content Summary: Overweight adults are prone to these 7 health complications

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com