ADVERTISEMENT

ദീര്‍ഘനേരമുള്ള ഇരിപ്പ്‌ പുകവലിക്ക്‌ സമമാണെന്ന്‌ ആരോഗ്യ വിദഗ്‌ധര്‍ പറയാറുണ്ട്‌. പല വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ദീര്‍ഘനേരത്തെ ഇരിപ്പ്‌ ഉണ്ടാക്കും. 

 

1. ഹൃദ്രോഗ സാധ്യത
ദീര്‍ഘനേരം ഇരിക്കുന്നത്‌ ശരീരത്തിലെ രക്തചംക്രമണത്തെ ബാധിക്കുകയും രക്തസമ്മര്‍ദവും കൊളസ്‌ട്രോള്‍ തോതും ഉയര്‍ത്തുകയും ചെയ്യും. ഇവ ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള പ്രശ്‌നങ്ങളിലേക്ക്‌ നയിക്കും. 

 

2. പ്രമേഹം
ലിപിഡുകളുടെ ചയാപചയത്തെയും ദീര്‍ഘനേരമുള്ള ഇരുപ്പ്‌ ബാധിക്കും. ശരീരത്തില്‍ ഇന്‍സുലിന്‍ പ്രതിരോധമുണ്ടാക്കി ടൈപ്പ്‌ 2 പ്രമേഹത്തിനും ഇത്‌ കാരണമാകാം. 

 

3. ദുര്‍ബലമായ പേശികള്‍
ഇടയ്‌ക്കിടെയുള്ള ചലനങ്ങളാണ്‌ പേശികള്‍ക്ക്‌ കരുത്ത്‌ നല്‍കുന്നത്‌. ഇതിന്റെ അഭാവം പേശികളെ ദുര്‍ബലമാക്കാം. പ്രത്യേകിച്ച്‌ അരക്കെട്ടിലെയും പിന്‍ഭാഗത്തെയുമെല്ലാം. ഇത്‌ ഒരു വ്യക്തിയുടെ ശരീരഘടനയെ തന്നെ ബാധിച്ച്‌ പുറം വേദന, നടുവേദന പോലുള്ള പ്രശ്‌നങ്ങളിലേക്ക്‌ നയിക്കാം

 

4. അമിതഭാരം
ദീര്‍ഘനേരം ഇരിക്കുന്നത്‌ ശരീരത്തിലെ കാലറികള്‍ കത്തിച്ച്‌ കളയാനുള്ള അവസരം ഇല്ലാതാക്കും. ഇത്‌ ചയാപചയത്തെ മെല്ലെയാക്കി ശരീരത്തില്‍ കൊഴുപ്പ്‌ അടിയാന്‍ ഇടയാക്കും. അമിതവണ്ണത്തിനും മറ്റും ഇത്‌ കാരണമാകും. 

 

5. കഴുത്ത്‌ വേദന, പുറം വേദന
ദീര്‍ഘനേരം പിന്‍ ഭാഗത്തിന്‌ സപ്പോര്‍ട്ട്‌ ശരിയായി കിട്ടാത്ത വിധം ഇരിക്കുന്നത്‌ നട്ടെല്ലിന്‌ സമ്മര്‍ദമേറ്റും. ഇത്‌ പുറം വേദന, നടുവേദന, കഴുത്ത്‌ വേദന എന്നിവയ്‌ക്ക്‌ കാരണമാകാം. നട്ടെല്ലിന്‌ ദീര്‍ഘകാല പ്രശ്‌നങ്ങള്‍ ഉണ്ടാകാനും ഇത്‌ ഇടയാക്കും. 

 

6. മാനസിക പ്രശ്‌നം
ശരീരത്തിനും ആന്തരിക അവയവങ്ങള്‍ക്കും മാത്രമല്ല മാനസികാരോഗ്യത്തിനും ദീര്‍ഘനേരത്തെ ഇരിപ്പ്‌ ഹാനികരമാണ്‌. ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം ഉത്‌കണ്‌ഠ, വിഷാദരോഗം എന്നിവയ്‌ക്ക്‌ കാരണമാകാം. ചലനവും വ്യായാമവും മനസ്സിന്റെ മൂഡ്‌ മെച്ചപ്പെടുത്തുന്ന ഹാപ്പി ഹോര്‍മോണുകളായ എന്‍ഡോര്‍ഫിനുകളുടെ ഉൽപാദനത്തിന്‌ കാരണമാകുന്നു. 

 

ഇനി പറയുന്ന കാര്യങ്ങള്‍ ദീര്‍ഘനേരത്തെ ഇരിപ്പ്‌ മൂലമുള്ള പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമുണ്ടാക്കും.

 

1. ഇടയ്‌ക്കിടെ എഴുന്നേറ്റ്‌ നടക്കാന്‍ ശ്രമിക്കുക. ദീര്‍ഘനേരം ഇരുന്ന്‌ ജോലി ചെയ്യേണ്ടി വരുന്നവര്‍ ഓരോ 30 മിനിറ്റിലും എഴുന്നേറ്റ്‌ നടക്കുക. 

 

2. നിത്യവുമുള്ള വ്യായാമം ദീര്‍ഘനേരത്തെ ഇരിപ്പിന്റെ പ്രത്യാഘാതങ്ങളെ ലഘൂകരിക്കും. ആഴ്‌ചയില്‍ കുറഞ്ഞത്‌ 150 മിനിറ്റ് മിതമായ തോതിലുള്ള എയറോബിക്‌ വ്യായാമങ്ങളില്‍ ഏര്‍പ്പെടേണ്ടതാണ്‌. 

 

3. പുറത്തിനും കഴുത്തിനും അധികം സമ്മര്‍ദം വരാത്ത രീതിയില്‍ ഇരിക്കാന്‍ ശ്രദ്ധിക്കുക. ബാക്ക്‌ സപ്പോര്‍ട്ട്‌ പ്രധാനമാണ്‌. 

 

4. ടെലിവിഷന്‍ ഷോകളും മറ്റും ഒറ്റയടിക്ക്‌ നിരവധി എപ്പിസോഡുകള്‍ കാണുന്ന ശീലമുള്ളവര്‍ ഇതിനിടെ ഇടയ്‌ക്കിടെ എഴുന്നേറ്റ്‌ നടക്കാനും സ്‌ട്രെച്ച്‌ ചെയ്യാനും ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും ശ്രമിക്കേണ്ടതാണ്‌. 

 

5. പൊതുഗതാഗത സംവിധാനങ്ങളില്‍ യാത്ര ചെയ്യുന്നത്‌ കുറച്ച്‌ ദൂരം നടക്കാനും നില്‍ക്കാനുമൊക്കെയുള്ള അവസരം ഉണ്ടാക്കുന്നതാണ്‌. 

 

6. ആവശ്യത്തിന്‌ വെള്ളം കുടിക്കാനും ശ്രദ്ധിക്കേണ്ടതാണ്‌. ഇത്‌ ഇടയ്‌ക്കിടെ മൂത്രമൊഴിക്കാനായി എഴുന്നേല്‍ക്കേണ്ട സാഹചര്യം ഉണ്ടാക്കും. മൂത്രമൊഴിക്കാനായുള്ള നടത്തം ചലനത്തെ പ്രോത്സാഹിപ്പിക്കും. 

Content Summary: Dangers Of Sitting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com