ADVERTISEMENT

ചോദ്യം: എനിക്കു മൂന്നു വയസ്സുള്ള ഒരു മകനുണ്ട്. ഇപ്പോൾ രണ്ടാമതും ഒരു കുഞ്ഞുണ്ടാകാൻ പോകുകയാണ്. രണ്ടാമത്തെ കുഞ്ഞുണ്ടാകുമ്പോൾ മൂത്തകുട്ടിക്കു പ്രയാസം ഉണ്ടാകുമോ? അനിയനെ അല്ലെങ്കിൽ അനിയത്തിയെ സ്വീകരിക്കുന്നതിനു മൂത്തയാളെ തയാറാക്കാൻ എന്തൊക്കെയാണു ചെയ്യേണ്ടത്?

ഉത്തരം:
രണ്ടാമതൊരു കുഞ്ഞുകൂടി കുടുംബത്തിൽ വരുമ്പോൾ മൂത്ത കുട്ടിക്ക് പ്രയാസം (Sibling Rivalry) ഉണ്ടാകുന്നത് സ്വാഭാവികമാണ്. അമ്മയിൽ നിന്നും തനിക്കു ലഭിക്കുന്ന പരിഗണനയും സ്നേഹവും കുറഞ്ഞുപോകുമോ, അമ്മ തന്നോടു കൂടെ െചലവഴിക്കുന്ന സമയം കുറഞ്ഞു പോകുമോ തുടങ്ങിയ ആശങ്കകൾ എല്ലാ കുട്ടികളിലും ഉണ്ടാകാം. സാധാരണഗതിയിൽ അധികം കുട്ടികളിലും രണ്ടാമത്തെ കുഞ്ഞ് ജനിച്ച് കുറച്ചു കഴിയുമ്പോൾ ഇത്തരം ആശങ്കകളൊക്കെ മാറുകയും പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ കഴിയുകയും ചെയ്യും. 

ഗർഭിണിയായ അവസ്ഥയിൽ അമ്മയ്ക്കുണ്ടാകുന്ന പ്രയാസങ്ങളും ശാരീരികപ്രശ്നങ്ങളും എല്ലാം കണക്കിലെടുത്തുകൊണ്ടു തന്നെ, കഴിയുന്നതും മൂത്തകുട്ടിയുടെ ദൈനംദിന ജീവിതചര്യകളിൽ (Daily Routine) മാറ്റം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക എന്നത് വളരെ പ്രധാനമാണ്. എല്ലാ ദിവസവും അമ്മ മൂത്തകുട്ടിയുടെ കൂടെ കുറച്ചു സമയം െചലവഴിക്കാൻ മാറ്റിവയ്ക്കുക. ഇളയകുട്ടി ഉണ്ടാകുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും ചോദ്യങ്ങൾക്കുമൊക്കെ മറുപടി നൽകാൻ സമയം കണ്ടെത്തുക. കുട്ടി പ്രകടിപ്പിക്കുന്ന വികാരങ്ങളോട് ഉചിതമായ രീതിയിൽ പ്രതികരിക്കുക. അനിയനോ അനിയത്തിയോ വരുന്നതുകൊണ്ട് തന്റെ ജീവിതത്തിൽ നല്ലതാണ് ഉണ്ടാകാൻ പോകുന്നത് എന്ന തോന്നൽ കുട്ടിയിൽ ഉണ്ടാക്കണം. അതുകൊണ്ട് തനിക്കു കുടുംബത്തിലുള്ള സ്ഥാനത്തിന് ഒരു മാറ്റവും ഉണ്ടാകില്ല എന്നും, മറിച്ച് ചേട്ടൻ അല്ലെങ്കിൽ ചേച്ചി എന്ന നിലയിൽ തന്റെ അംഗീകാരം കൂടുകയാണു ചെയ്യുക എന്നും കുട്ടിയെ മനസ്സിലാക്കണം. പ്രായത്തിനനുസരിച്ച് ചെറിയ ചെറിയ കാര്യങ്ങൾ അമ്മയെ ആശ്രയിക്കാതെ സ്വന്തമായിട്ടും ചെയ്യാൻ മൂത്തകുട്ടിക്കു കഴിവുണ്ടാകുന്നത് സഹായകരമായിരിക്കും. ഉദാഹരണത്തിന്, ഭക്ഷണം കഴിക്കുന്നത്, ടോയ്‌ലറ്റിൽ പോകുന്നതൊക്കെ. അങ്ങനെ സ്വന്തം കാര്യം ചെയ്യുമ്പോൾ അംഗീകാരവും പ്രോത്സാഹനവും നൽകുക. പ്രത്യേകിച്ചും അണുകുടുംബങ്ങളിൽ, അത് രണ്ടാമത്തെ കുഞ്ഞുകൂടി ഉണ്ടാകുമ്പോൾ വലിയ ആശ്വാസം നൽകും. പെട്ടെന്നുള്ള മാറ്റം മൂത്ത കുട്ടിക്കുണ്ടാക്കുന്ന പ്രയാസം അതുവഴി കുറയ്ക്കാനും കഴിയും. രണ്ടാമത്തെ കുട്ടി വരുമ്പോൾ മൂത്ത കുട്ടിക്കു കിട്ടുന്ന ശ്രദ്ധ കുറയും എന്ന രീതിയിലുള്ള സംസാരങ്ങൾ കുടുംബാംഗങ്ങിൽ നിന്നുണ്ടാകാതിരിക്കാനും ശ്രദ്ധിക്കണം.

കിഡ്നിയുടെ ആരോഗ്യം നിശ്ചയിക്കുന്നത് ക്രിയാറ്റിൻ മാത്രം അടിസ്ഥാനമാക്കിയല്ല – വിഡിയോ


Content Summary : How to handle sibling conflict and rivalry - Dr. P. Krishnakumar Explains

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com