ADVERTISEMENT

2036 ആകുമ്പോള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അഞ്ചുപേരില്‍ ഒരാള്‍ 60 വയസ്സിനു മുകളിലുള്ളവരായിരിക്കുമെന്ന് ഐക്യരാഷ്ട്രസംഘടന പോപ്പുലേഷന്‍ ഫണ്ടിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. കേരളത്തില്‍ മുതിര്‍ന്നവരുടെ ജനസംഖ്യ 22.8 ശതമാനമായി ഉയരുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ സാഹചര്യത്തെ അഭിമുഖീകരിക്കാന്‍ കേരളം സജ്ജമാണോ? എത്രമാത്രം വയോജനസൗഹൃദമാണ് നമ്മുടെ സംസ്ഥാനം? അല്ലെങ്കില്‍, അങ്ങനെയാകാന്‍ നാം ചെയ്യേണ്ടതെന്ത്? പ്രമുഖര്‍ പ്രതികരിക്കുന്നു...

Malayalam Writer Paul Zacharia
സക്കറിയ

 

Amaravila Ramakrishnan Senior Citizen
അമരവിള രാമകൃഷ്ണന്‍

വയസ്സ് ആഘോഷിച്ച് മൂലയ്ക്കിരുത്തേണ്ടവരല്ല, മുതിര്‍ന്നവര്‍ - സക്കറിയ (എഴുത്തുകാരന്‍)
ഇന്ത്യയിലെ ഏറ്റവും ഉയർന്ന ആയുർദൈർഘ്യം കേരളീയരുടേതാണെങ്കിലും രാജ്യത്തെ ഏറ്റവും താഴ്ന്ന  വിരമിക്കൽ പ്രായം  കേരളത്തിലാണ്.വയോമധുരം തുടങ്ങി ഭംഗിയുള്ള പേരുകളുള്ള ഏഴു പദ്ധതികളെങ്കിലും മുതിര്‍ന്ന പൗരന്മാര്‍ക്കു വേണ്ടി കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ളതായി കണ്ടു. അവയുടെ ഗുണം ജനങ്ങളിലെത്തുന്നുണ്ടെന്നു വിശ്വസിക്കാം. പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു എന്നതുതന്നെ ആശ്വാസകരമാണ്. എല്ലാ മുതിര്‍ന്ന പൗരരെയും ഒരുപോലെയല്ല സര്‍ക്കാര്‍ കാണുന്നതെന്ന് ആശിക്കട്ടെ. കാരണം, സാമ്പത്തികശേഷിയുള്ളവര്‍ക്ക അവരുടെ പല പശ്‌നങ്ങളും സ്വന്തം നിലയില്‍ പരിഹരിക്കാന്‍ കഴിയും. ഇല്ലാത്തവര്‍ക്ക് അതു സാധ്യമല്ല. പൊതു ഇടങ്ങളില്‍ മറ്റേതു പൗരനും കിട്ടാത്ത സൗകര്യങ്ങള്‍ മുതിര്‍ന്ന പൗരന് കിട്ടുമെന്ന സ്വപ്‌നം കണ്ടിട്ടുപോലും കാര്യമില്ല. പൗരസമൂഹത്തിന്റെ സംസ്‌കാരസമ്പന്നത നല്‍കുന്ന പരിഗണന മുതിര്‍ന്ന പൗരര്‍ക്ക ലഭിക്കുന്നുണ്ട്. മറുവശത്ത് സ്വന്തം കുടുംബങ്ങളില്‍ നിന്നു ലഭിക്കുന്ന സ്‌നേഹവും പരിചരണവും ശരാശരി മുതിര്‍ന്ന പൗരന്റെ ബലമാണ്. മുതിര്‍ന്ന പൗരര്‍ക്കുവേണ്ടി സ്വകാര്യമുതല്‍മുടക്കിലുള്ള ജീവിതകേന്ദ്രങ്ങള്‍ വര്‍ധിക്കുന്നുണ്ട്. അവയെ അതിനാവശ്യമായ സാമ്പത്തികശേഷിയുള്ളവര്‍ക്കു മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ-അവര്‍ ഒരു ന്യൂനപക്ഷമാണ്. മുതിര്‍ന്ന പൗരരെ വയസ്സാഘോഷിച്ച് വൃദ്ധരായി വാഴിച്ച് ഒരു മൂലയിലിരുത്തുന്ന ദുശ്ശീലം മാറണം. അവരെ ടിവി കാണാന്‍ തള്ളിവിടുകയും പേരക്കുട്ടികളെ നോക്കാന്‍ ഉപയോഗിക്കുകയുമല്ല ആവശ്യം. ജീവിതപരിചയം കൊണ്ടും അനുഭവസമ്പന്നത കൊണ്ടും പക്വത നേടിയ അവരെ ജീവിതത്തില്‍ സജീവമായി പങ്കെടുക്കാനാണ് അനുവദിക്കേണ്ടത്. വാര്‍ധക്യത്തെപ്പറ്റിയുള്ള പരാജയബോധം നിറഞ്ഞ പരമ്പരാഗതചിന്തയില്‍നിന്ന പുറത്തുകടക്കാന്‍ അവര്‍ തന്നെ ശ്രമിക്കുകയും വേണം. 

പരിഗണന നല്‍കണം, സമൂഹത്തെ ബോധവല്‍ക്കരിക്കണം - അമരവിള രാമകൃഷ്ണന്‍ (സീനിയര്‍ സിറ്റിസന്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി)

കേരളത്തെ എങ്ങനെ കൂടുതല്‍ വയോജനസൗഹൃദമാക്കാം എന്ന് അടിയന്തരമായി ചിന്തിക്കണം. അതിന് സഹായകമാകുന്ന ചില കാര്യങ്ങള്‍:

∙ ആശുപത്രികളില്‍ വയോജന ചികിത്സയ്ക്കായി പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തുക. വയോജനങ്ങളുടെ ശാരീരിക മാനസിക ആരോഗ്യം സംരക്ഷിക്കുന്നതിന് ആവശ്യമായ ചികിത്സ ഉറപ്പാക്കുക. 

∙ മറവിരോഗം ബാധിച്ചവരുടെ കണക്കെടുത്ത് വേണ്ട പരിചരണം ലഭ്യമാക്കുക. 

∙മുതിര്‍ന്ന പൗരന്മാരോടും അവരുടെ പ്രശ്‌നങ്ങളോടും സമൂഹം സൗഹാര്‍ദപരമായ സമീപനം സ്വീകരിക്കണം. 

∙ പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍ ഓഫിസുകളിലും മുതിര്‍ന്ന പൗരന്മാര്‍ക്ക് മുന്‍ഗണനയും സൗകര്യവും ഏര്‍പ്പെടുത്തണം. 

∙ ട്രെയിന്‍ യാത്രയ്ക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കിയിരുന്ന ഇളവ് പുനഃസ്ഥാപിക്കണം. ബസ്, വിമാനയാത്രകളിലും പ്രത്യേക പരിഗണന നല്‍കണം. 

∙ വയോജനങ്ങള്‍ക്കു നല്‍കേണ്ട പരിഗണനയെക്കുറിച്ചു സമൂഹത്തെ ബോധവല്‍ക്കരിക്കുക. നിയമസഹായം നല്‍കുക. 

Gracy Indian Writer Malayalam
ഗ്രേസി

∙ വയോജന നയം പരിഷ്‌കരിക്കുക, വയോജന കമ്മിഷനെ നിയമിക്കുക, വയോജന വകുപ്പ് രൂപീകരിക്കുക.  

Economist Mary George
ഡോ. മേരി ജോര്‍ജ്

വയോജന സൗഹൃദവും ചില യാഥാര്‍ഥ്യങ്ങളും - ഗ്രേസി (എഴുത്തുകാരി)
കുഞ്ഞുങ്ങള്‍ക്ക് മാത്രമേ നമ്മുടെ സമൂഹത്തില്‍ വയോജനസൗഹൃദമുള്ളൂ. വയോജനങ്ങള്‍ വീടുകളില്‍ ആവശ്യമില്ലാത്ത ഒരു കൂട്ടം മനുഷ്യരായി മാറുകയാണ്. കൂട്ടുകുടുംബ വ്യവസ്ഥിതിക്ക് എന്തൊക്കെ ദോഷങ്ങളുണ്ടായിരുന്നെങ്കിലും വയോജനങ്ങള്‍ ഇത്രമേല്‍ അരക്ഷിതരായിരുന്നില്ല. അണുകുടുംബങ്ങളില്‍ വയോജനങ്ങള്‍ വലിയൊരു ബാധ്യതയാകുന്ന കാഴ്ചയാണ് കാണുന്നത്. വിദേശരാജ്യങ്ങളില്‍ വയോജനങ്ങള്‍ക്ക് താരതമ്യേന മെച്ചപ്പെട്ട ഒരു അവസ്ഥയില്‍ കഴിഞ്ഞുകൂടാനുള്ള സാഹചര്യം സര്‍ക്കാരുകള്‍തന്നെ ഒരുക്കിയിട്ടുണ്ട്. എന്നാല്‍, ഇന്ത്യയില്‍ അങ്ങനെയൊരു സാഹചര്യം ഒരുക്കിക്കൊടുക്കാന്‍ ഇവിടുത്തെ ഭരണവര്‍ഗത്തിന് കഴിയില്ല. ഏത് സര്‍ക്കാര്‍ സംവിധാനവും ഇവിടെ അവതാളത്തിലാണ്. കേരളത്തിലെ ഉദ്യോഗസ്ഥര്‍ പല വിഷയങ്ങളെക്കുറിച്ചും പഠിക്കാന്‍ വിദേശത്ത് പോയതുപോലെ വയോജനപരിപാലനം പഠിക്കുന്നതിലും ചിലപ്പോള്‍ ഔത്സുക്യം പ്രകടിപ്പിച്ചേക്കാം. അവര്‍ മടങ്ങിവന്നാലും കണ്ണടച്ച് പാല്‍ കുടിക്കുന്ന സംവിധാനം തുടരാനാണ് സാധ്യത. സ്വകാര്യ സംരഭകര്‍ കുറെക്കൂടി വൃത്തിയായി കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. പക്ഷേ, അത്തരം സംരംഭങ്ങളെ ആശ്രയിക്കാനുള്ള സാമ്പത്തികശേഷി മിക്കവര്‍ക്കും ഇല്ല. പല പ്രശ്‌നങ്ങളെയും പോലെ ഇതും 'പരിഹാരമില്ലാത്ത' ഒരു പ്രശ്‌നമായി തുടരുമെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. 

ജനസംഖ്യയിലെ നഷ്ടം വയോധികര്‍ക്ക് നേട്ടമാക്കണം - ഡോ. മേരി ജോര്‍ജ് (സാമ്പത്തികവിദഗ്ധ)

സ്വതന്ത്ര ഇന്ത്യയുടെ ജനസംഖ്യാനയം പിന്‍തുടര്‍ന്ന തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ ആ ലക്ഷ്യത്തിലെത്തി. ഇപ്പോള്‍ അവയൊക്കെയും മുതിര്‍ന്ന പൗരന്മാരുടെ എണ്ണം വര്‍ധിച്ചുവരുന്ന സ്ഥിതിയിലാണ്. കേന്ദ്രവിഹിതം സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കുന്ന മാനദണ്ഡങ്ങളില്‍ ജനസംഖ്യയ്ക്കു കൊടുക്കുന്ന വെയ്‌റ്റേജ് 60 ശതമാനമാണ്. 2011 സെന്‍സസിലെ കേരളത്തിലെ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍, കേരളത്തിനു കിട്ടേണ്ട വിഹിതം 2.5 ശതമാനത്തില്‍നിന്ന്് 1.93 ശതമാനമായി കുറഞ്ഞു. നഷ്ടപ്പെട്ട വിഹിതം തിരിച്ചുപിടിക്കാനുള്ള അവസരമായി പുതിയ സാഹചര്യത്തെ കേരളം മാറ്റിയെടുക്കണം. ജനസംഖ്യ കുറഞ്ഞതിന്റെ പേരില്‍ വെട്ടിക്കുറച്ച കേന്ദ്രവിഹിതം 60 കഴിഞ്ഞവരുടെ പ്രത്യേക പദ്ധതികള്‍ക്കായി അവകാശപ്പെടണം. ഏറ്റവുമധികം പ്രാധാന്യം നല്‍കേണ്ടത് ജറിയാട്രി വകുപ്പ് പടുത്തുയര്‍ത്തുന്നതിനാണ്. സ്‌കാന്‍ഡിനേവിയന്‍, അമേരിക്കന്‍ മാതൃകകള്‍ പകര്‍ത്താം. ഹൃദയം, കരള്‍, ശ്വാസകോശം, വൃക്ക, നേത്രം തുടങ്ങിയവ പരിരക്ഷിക്കുക, രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയവ നിയന്ത്രിക്കുക ഇവയൊക്കെ ചെലവില്ലാതെയോ കുറഞ്ഞ ചെലവിലോ നടപ്പാക്കാനായാല്‍ ഒന്നാംഘട്ടം വിജയിച്ചു. രണ്ടാംഘട്ടത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് പുതിയൊരു ഭക്ഷണക്രമം ശീലമാക്കിക്കണം. ലോകാരോഗ്യസംഘടന ഈ വര്‍ഷം ചെറുധാന്യങ്ങളുടെ വര്‍ഷമായി പ്രഖ്യാപിച്ചിട്ടുണ്ട്. 60 കഴിഞ്ഞവരുടെ ഭക്ഷണത്തില്‍ ചെറുധാന്യങ്ങള്‍ സ്ഥാനംപിടിക്കണം. രോഗങ്ങള്‍ക്കു കടിഞ്ഞാണിടാന്‍ ഇതു സഹായിക്കും. മുതിര്‍ന്ന പൗരന്മാരുടെ കര്‍മശേഷി തിരിച്ചുപിടിക്കാം. അവര്‍ സംരംഭകരായി, അധ്യാപകരായി, പരിശീലകരായി ഒക്കെ കര്‍മനിരതരാകട്ടെ. വാര്‍ധക്യം നേട്ടങ്ങളുടെ കാലമാക്കാം, ജപ്പാനെപ്പോലെ. 

Content Summary : Kerala must prepare to face future with increasing ageing population

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com