മൊബൈൽ കണ്ടുകൊണ്ട് ഭക്ഷണം കഴിക്കൽ; ചികിൽസ തേടണോ?
Mail This Article
ചോദ്യം: എന്റെ മകനു മൂന്നര വയസ്സായി. ഭക്ഷണം കഴിക്കാൻ വളരെ മടിയാണ്. എന്നാൽ, മൊബൈലിൽ അവനിഷ്ടമുള്ള ചില വിഡിയോ വച്ചു കൊടുത്താൽ അതിനു മുന്നിലിരുന്ന് ഭക്ഷണം കഴിക്കുന്നുണ്ട്. അവനിരുന്ന് വിഡിയോ കാണുമ്പോൾ അമ്മ ഭക്ഷണം വായില്‍ വച്ചു കൊടുക്കുകയാണു ചെയ്യുക. ഇതു മാറാൻ എന്താണു വഴി?
ഉത്തരം : സാധാരണ നിലയിൽ കുറച്ചു കൂടി വലുതാകുമ്പോൾ എല്ലാ കുട്ടികളും സ്വന്തമായി ഭക്ഷണം കഴിക്കാൻ തുടങ്ങും. വീട്ടിൽ ‘അമ്മ കഴിപ്പിക്കണം’ എന്നു പറയുന്ന കുട്ടികൾ സമപ്രായത്തിലുള്ള കുട്ടികളുടെ കൂട്ടത്തിൽ എത്തിയാൽ തനിയെ ഭക്ഷണം കഴിക്കുന്നതു കാണാറുണ്ട്. ഉദാഹരണത്തിന്, അങ്കണവാടിയില്‍ അല്ലെങ്കിൽ സ്കൂളിൽ വച്ച് ഉച്ചഭക്ഷണം കഴിക്കുമ്പോള്‍ കുറേശ്ശെയായി ഭക്ഷണം കഴിക്കാൻ കുട്ടിയെ പ്രേരിപ്പിക്കണം. ഇതുവരെ ചെയ്തു വരുന്ന ഒരു കാര്യം പെട്ടെന്നു മാറ്റിയാൽ അതു കുട്ടിക്കു പ്രയാസം ഉണ്ടാക്കും. കുടുംബാംഗങ്ങള്‍ എല്ലാവരും ഒന്നിച്ച് ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കുന്നതു ശീലമാക്കുക. ഭക്ഷണസമയത്ത് മൊബൈൽ, ടിവി തുടങ്ങിയവ ഉപയോഗിക്കുന്നതിൽ നിന്നു മുതിർന്നവരും മാറി നിൽക്കുക. എല്ലാവരും ഒന്നിച്ചു ഭക്ഷണം കഴിക്കുമ്പോൾ ഒരു ഇരിപ്പിടം കുട്ടിക്കു നൽകുക. അത് കുട്ടി വലുതായി എന്നതിന്റെ അംഗീകാരമായിട്ടാണ് മിക്ക കുട്ടികളും കരുതുക. എന്നും ഒരേ രീതിയിലുള്ള ഭക്ഷണത്തിനു പകരം പല തരത്തിലുള്ള ഭക്ഷണം ആക്കുന്നത് കുട്ടിക്കു കഴിക്കാൻ കൂടുതൽ താൽപര്യം ഉണ്ടാക്കും. ഭക്ഷണം അമ്മ കൊടുക്കുമ്പോൾ മൊബൈൽ കാണിക്കുന്നതിനു പകരം പുറത്തുള്ള മറ്റു കാഴ്ചകളോ വസ്തുക്കളോ കാണിക്കുക. ഇതിലൂടെ കുറേശ്ശെയായി ഭക്ഷണത്തിന്റെ കൂടെ മൊബൈൽ എന്ന ശീലം മാറ്റിെയടുക്കാൻ കഴിയും. ചെറിയ കുട്ടിയായിരിക്കുമ്പോൾ മൊബൈല്‍ ഫോണുകൾ ഇതുപോലെ ഭക്ഷണം കൊടുക്കുന്നതിനും കരച്ചിൽ മാറ്റുന്നതിനുമൊക്കെ ഉപയോഗിക്കുന്നതു പിന്നീട് ഒരു ശീലമായി മാറുന്നതിനും മുതിർന്ന കുട്ടികളാകുമ്പോൾ ‘മൊബൈൽ അഡിക്ഷ’ന്റെ തലത്തിലേക്കു മാറാനും സാധ്യതയുണ്ട്.