നിങ്ങൾ മദ്യത്തിന് അടിമയാണോ, അല്ലയോ ? സ്വയം അറിയാം
Mail This Article
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ താഴെപ്പറയുന്ന 6 ലക്ഷണങ്ങളിൽ മൂന്നെണ്ണമെങ്കിലും കാണുന്നുണ്ടെങ്കിൽ ചികിത്സ ആവശ്യമുള്ള മദ്യോപയോഗരോഗം ഉണ്ട് എന്ന് മനസ്സിലാക്കാം.
1. രാവിലെ മുതൽ വൈകിട്ടു വരെ തുടർച്ചയായി മദ്യത്തെക്കുറിച്ചു ചിന്തിച്ചിരിക്കുന്ന അവസ്ഥ. മദ്യം (Alcohol) ഉപയോഗിക്കാനുള്ള ആസക്തി തീവ്രമായിരിക്കും. പഠിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും ഒക്കെ മദ്യം എങ്ങനെ സംഘടിപ്പിക്കാം, എങ്ങനെ ഉപയോഗിക്കാം. തുടങ്ങിയ ചിന്തകളാവും മനസ്സു നിറയെ. രാവിലെ ഉറക്കമുണരുന്നതു പോലും ഇന്ന് മദ്യപിക്കാം എന്നു ചിന്തിച്ചു കൊണ്ടായിരിക്കും.
2. മദ്യം ഉപയോഗിക്കുന്നതിന്റെ അളവും അതിനെടുക്കുന്ന സമയവും നിയന്ത്രിക്കാനാകാതെ വരിക. 30 മി.ലീ മദ്യം കുടിച്ചിട്ട് അവസാനിപ്പിക്കാം എന്നു കരുതി തുടങ്ങുന്ന വ്യക്തി ഒരു ഫുൾ ബോട്ടിൽ കുടിച്ചു തീർക്കുന്നു. അരമണിക്കൂർ കൊണ്ട് മദ്യ ഉപയോഗം നിർത്താം എന്നു കരുതി തുടങ്ങിയാലും മണിക്കൂറുകളോളം കുടിക്കുന്നു.
3. ലഹരി കിട്ടാൻ ക്രമേണ കൂടുതൽ മദ്യം ഉപയോഗിക്കേണ്ടി വരുന്ന അവസ്ഥയാണ് അടുത്ത ലക്ഷണം. ആദ്യ ആഴ്ച 30 മി.ലീ മദ്യം കുടിക്കുമ്പോൾ ഒരു കിക്ക് കിട്ടുന്ന വ്യക്തിക്ക് ഒരു മാസം കഴിയുന്നതോടെ ഇത് തികയാതെ ആവും. അങ്ങനെ ഘട്ടംഘട്ടമായി ഉപയോഗിക്കുന്ന മദ്യത്തിന്റെ അളവ് കൂടിവരുന്നു.
4. പൊടുന്നനെ മദ്യം കിട്ടാതെ വന്നാൽ ചില പിൻവാങ്ങൽ ലക്ഷണങ്ങൾ ഉണ്ടാകുക. ഉറക്കക്കുറവ്, വിറയൽ, അമിത നെഞ്ചിടിപ്പ്, വെപ്രാളം ഒരു സ്ഥലത്ത് ശാന്തമായി ഇരിക്കാൻ കഴിയാത്ത അവസ്ഥ എന്നിവയൊക്കെയാണ് സാധാരണ ലക്ഷണങ്ങൾ. എന്നാൽ ചിലരിൽ ശരീരം മുഴുവൻ വിറയ്ക്കുന്ന അപസ്മാരം, ബോധക്ഷയം, ആളിനെയോ സ്ഥലമോ സമയമോ തിരിച്ചറിയാൻ കഴിയാത്ത സ്ഥലകാലബോധം ഇല്ലായ്മ തുടങ്ങിയ ഗുരുതരമായ പിൻവാങ്ങൽ ലക്ഷണങ്ങളുണ്ടാകാം. ജീവഹാനി പോലും വരുത്താവുന്ന ഈ അവസ്ഥ അടിയന്തരമായി ചികിത്സിക്കേണ്ടി വരും.
5. ജീവിതത്തിൽ സന്തോഷം നൽകുന്ന ഏക പ്രവൃത്തി മദ്യപാനം ആയി മാറുന്നു. വ്യായാമം, സംഗീതം, സൗഹൃദഭാഷണം, ലൈംഗികബന്ധം എന്നിവയൊന്നും സന്തോഷം പകരുന്നില്ല.
6. ഈ പ്രശ്നം അനുഭവിക്കുന്ന ഭൂരിപക്ഷം പേർക്കും തന്റെ പോക്ക് ശരിയല്ല എന്ന് ബോധ്യം ഉണ്ടാകും. എന്നാലും ഈ ശീലത്തിൽ നിന്നും മോചനം നേടാൻ കഴിയാറില്ല. മനസ്സിൽ തോന്നുന്ന ഈ നിസ്സഹായാവസ്ഥ മറച്ചുവയ്ക്കാനായി ഞാനൊരു മദ്യ അടിമ അല്ല, എനിക്ക് എപ്പോൾ വിചാരിച്ചാലും ഇത് നിർത്താൻ പറ്റും എന്ന് എല്ലാവരോടും പറഞ്ഞുകൊണ്ടിരിക്കും. എന്നാൽ ഉള്ളിൽ തനിക്കിത് നിർത്താൻ പറ്റില്ല എന്ന തിരിച്ചറിവ് ഉണ്ടാകാം.
രാവിലെ ഊർജസ്വലതയോടെ എഴുന്നേൽക്കാൻ ബെഡ് സ്ട്രെച്ചസ് - വിഡിയോ