ADVERTISEMENT

കുറച്ചുനാളായി വല്ലാത്ത അസ്വസ്ഥതയാണ്. മക്കൾ രണ്ടുപേരും ഉന്നത പഠനത്തിനായി വിദേശത്തേക്ക് പോയി. ഭർത്താവിന് തിരക്കൊഴിഞ്ഞിട്ട് നേരമില്ല. പണ്ട് കൂടെ പഠിച്ചിരുന്ന പലരും അവരുടെ ജോലിയുമായി ബന്ധപ്പെട്ട തിരക്കിലാണ്. എനിക്ക് മാത്രം ജീവിതത്തിൽ ഒന്നുമായില്ല എന്ന് തോന്നലാണ്. അടുത്തിടെ എന്റെ അതേ പ്രായമുള്ള ഒരു അയൽവാസി ഹാർട്ട്അറ്റാക്ക് വന്നു മരിച്ചു. അതോടെ വല്ലാത്ത ഭയം തോന്നുന്നു’’ – മധ്യതിരുവിതാംകൂറിലെ 50 വയസ്സുള്ള ഒരു വീട്ടമ്മയുടെ വാചകങ്ങളാണിത്.

സമൂഹത്തിലെ 15 ശതമാനത്തോളം ആളുകൾക്ക് സ്ത്രീപുരുഷഭേദമെന്യേ മധ്യവയസ്സ് എത്തുമ്പോൾ കടുത്ത മാനസിക സമ്മർദം (Mental Stress) അനുഭവപ്പെടുന്നതായി ചില പഠനങ്ങൾ വ്യക്തമാക്കുന്നു. ഈ പ്രതിഭാസത്തെയാണ് ‘മിഡ്‌ലൈഫ് ക്രൈസിസ്’ എന്നു പറയുന്നത്. 40 മുതൽ 60 വയസ്സ് വരെയുള്ള ആളുകളിൽ സാധാരണയായി കണ്ടുവരുന്ന ഈ അവസ്ഥയെ ആദ്യമായി വിശദീകരിച്ചത് കനേഡിയൻ സമൂഹികശാസ്ത്രജ്ഞനായ എലിയെറ്റ് ജാക്വിസ് ആണ്.

women-depressed-valentinrussanov-istockphoto
Representative image. Photo Credit: valentinrussanov/istockphoto.com

ലക്ഷണങ്ങൾ
∙ ജീവിതത്തിൽ നഷ്ടപ്പെട്ടുപോയ അവസരങ്ങളെക്കുറിച്ചോ തകർന്നുപോയ ബന്ധങ്ങളെക്കുറിച്ചോ ഓർത്തുള്ള കടുത്ത വിഷമവും കുറ്റബോധവും.

∙ ദൈനംദിന കാര്യങ്ങളെക്കുറിച്ചുള്ള മടുപ്പും അസ്വസ്ഥതയും. മറ്റൊരു ജോലി ചെയ്തിരുന്നുവെങ്കിൽ ജീവിതം എത്ര മനോഹരമാകുമായിരുന്നു എന്ന് പകൽക്കിനാവു കാണുക.

∙ ഒരിക്കൽ ജീവിതപങ്കാളിയാക്കാൻ ആഗ്രഹിച്ചു സാധിക്കാതെ പോയ ചില വ്യക്തികളെക്കുറിച്ചുള്ള ഓർമകളും ഇപ്പോൾ അസ്വസ്ഥത ഉണ്ടാക്കിയേക്കാം.

∙ മുൻകാല തീരുമാനങ്ങൾ തെറ്റായിപ്പോയി എന്നും അത് ജീവിതത്തിൽ വലിയ തകർച്ചകൾക്ക് കാരണമായി എന്നും ചിന്തിച്ച് അവനവനോട് തന്നെ ദേഷ്യം തോന്നുക. വീട്ടിലുള്ളവരോട് നിസ്സാര കാര്യത്തിന് പൊട്ടിത്തെറിക്കുന്ന അവസ്ഥയുണ്ടാകാം.

∙ ഗതകാല ജീവിതത്തിലെ നല്ല വശങ്ങൾ ഓർത്ത് തീവ്രമായ ഗൃഹാതുരത്വം. ചെറുപ്പത്തിൽ എത്രമാത്രം കായികമായ ആരോഗ്യം ഉണ്ടായിരുന്നു എന്നും മറ്റും ഓർത്ത് സങ്കടപ്പെടുന്ന അവസ്ഥ.

∙ ജീവിതപങ്കാളിയോട് ഒത്തുള്ള ലൈംഗിക ജീവിതത്തിൽ മടുപ്പ് അനുഭവപ്പെടുകയും പുതുമ തേടി വിവാഹേതര ബന്ധങ്ങളിലേക്ക് നീങ്ങാൻ പ്രേരണ ഉണ്ടാവുകയും ചെയ്യാം. ചെറിയൊരു ശതമാനം ആളുകൾക്ക് ലൈംഗികബന്ധത്തിൽ താല്പര്യം ഇല്ലാതെയും വരാം.

∙ ഒട്ടും യാഥാർഥ്യബോധമില്ലാത്ത രീതിയിൽ പൊടുന്നനെ പുതിയ തൊഴിൽ മേഖലകളോ വ്യവസായ മേഖലകളോ തേടാനുള്ള പ്രവണത. വലിയ തുക ചെലവിട്ട് ഷെയർ മാർക്കറ്റിൽ പരീക്ഷണങ്ങൾ നടത്തുക, കാര്യമായ അറിവില്ലാത്ത കച്ചവട മേഖലകളിൽ കനത്ത തുക ചെലവിടുക തുടങ്ങിയ സ്വഭാവങ്ങൾ കടന്നുവരാം.

∙ സമപ്രായക്കാരായ വ്യക്തികളുടെ ജീവിത സാഹചര്യങ്ങളുമായി സ്വന്തം ജീവിതത്തെ താരതമ്യം ചെയ്ത് നിരാശപ്പെടുന്ന അവസ്ഥ.

കാരണങ്ങൾ
മധ്യവയസ്സിൽ ഉണ്ടാകുന്ന ജീവിത സാഹചര്യങ്ങളിലെ മാറ്റമാണ് പലപ്പോഴും ഈ പ്രതിസന്ധിയുടെ പ്രധാന കാരണം. പങ്കാളിയുമായുള്ള ബന്ധത്തിലെ പോരായ്മകൾ, മക്കൾ വീടുവിട്ടുപോകുമ്പോൾ ഉണ്ടാകുന്ന ശൂന്യത, പ്രായം വർധിക്കുന്നതിനെ കുറിച്ചുള്ള ആകുലതകൾ എന്നിവയൊക്കെ ഇതിന് കാരണമാകാം.

മധ്യവയസ്സിൽ ശരീരത്തിലെ ഹോർമോണുകളുടെ അളവുകളിലുണ്ടാകുന്ന വ്യത്യാസവും ഇതിലേക്ക് നയിക്കാം. സ്ത്രീകളിൽ ആർത്തവവിരാമനുബന്ധിച്ചുള്ള ഹോർമോൺ പ്രശ്നങ്ങളും ഈ സ്ഥിതിവിശേഷത്തിന്റെ ആക്കം കൂട്ടാം.

പ്രായംചെന്ന മാതാപിതാക്കൾ അനാരോഗ്യത്തിലേക്ക് വഴുതിവീഴുമ്പോൾ അവരെ സംരക്ഷിക്കേണ്ടതിനെക്കുറിച്ചുള്ള ചിന്തയും ഈ പ്രശ്നത്തിന്റെ തീവ്രത കൂട്ടാം. വിവാഹബന്ധത്തിൽ താളപ്പിഴകൾ ഉണ്ടാകുകയും വിവാഹമോചനങ്ങൾ, മദ്യാസക്തി, അമിത ഉത്കണ്ഠ, വിഷാദരോഗം, ആത്മഹത്യാ പ്രവണത തുടങ്ങിയവ ഉണ്ടാകുകയും ചെയ്യാം.

Representative image. Photo Credit:KatarzynaBialasiewicz/istockphoto.com
Representative image. Photo Credit:KatarzynaBialasiewicz/istockphoto.com

എന്താണ് പരിഹാരം?
∙ പ്രായം ഒരു യാഥാർഥ്യമാണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ട് അതിനോട് പൊരുത്തപ്പെടുക. നമ്മുടെ നിയന്ത്രണത്തിന് അപ്പുറത്തുള്ള ജീവിത സാഹചര്യങ്ങളെ മാറ്റാനാകില്ലെന്നു തിരിച്ചറിയുക. മനസ്സിന് സന്തോഷം നൽകുന്ന പ്രവർത്തനങ്ങളിൽ കൂടുതലായി ഏർപ്പെടുക.

∙ തിരക്കുകൾ മൂലം പിന്തുടരാൻ കഴിയാതെ പോയ കലാകായിക വിനോദങ്ങൾ പൊടിതട്ടിയെടുക്കാം. പഴയ സുഹൃത്തുക്കളോടൊപ്പം കൂടുതൽ സമയം ചെലവിടാൻ ശ്രമിക്കാം. പുതിയ സാങ്കേതികവിദ്യകൾ പഠിക്കാൻ യുവതലമുറയുടെ സഹായം തേടാം.

∙ ദിവസേന ഒരു മണിക്കൂർ നേരമെങ്കിലും വ്യായാമത്തിനു വേണ്ടി കണ്ടെത്താം. ചിട്ടയായി വ്യായാമം ചെയ്യുന്നവരിൽ ശാരീരിക ആരോഗ്യത്തിനൊപ്പം ഓർമശക്തി, പ്രതിസന്ധികളെ നേരിടാനുള്ള കഴിവ്, വൈകാരിക സ്ഥിരത എന്നിവയും മെച്ചപ്പെടുന്നു.

∙ ഭക്ഷണശീലത്തിൽ ആരോഗ്യകരമായ മാറ്റം കൊണ്ടുവരണം. അന്നജവും കൊഴുപ്പും കുറച്ച് കൂടുതൽ മാംസ്യവും പച്ചക്കറികളും പഴവർഗ്ഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

∙ തീവ്രമായ വിഷാദരോഗം, അമിത ഉത്കണ്ഠ, ഉറക്കക്കുറവ് എന്നിവയുണ്ടെങ്കിൽ ഒരു മാനസികാരോഗ്യ വിദഗ്ധനെ നേരിട്ടുകണ്ട് ചികിത്സ തേടാം.

Photo Credit: Inside Creative House/ Istockphoto
Photo Credit: Inside Creative House/ Istockphoto

ജീവിതത്തോട് നന്ദി പറയാം താഴെപ്പറയുന്ന മൂന്ന് ലളിതമായ വ്യായാമങ്ങൾ ശീലമാക്കാം:
∙ എന്നും രാത്രിയിൽ ഉറങ്ങുന്നതിനു മുൻപ് ഒരു ഡയറിയിൽ അന്നേദിവസം ജീവിതത്തിൽ നടന്ന മൂന്ന് സന്തോഷകരമായ സംഭവങ്ങൾ എഴുതി വയ്ക്കുക. രുചികരമായ ഭക്ഷണം കഴിച്ചതോ ഇഷ്ടപ്പെട്ട പാട്ടു കേട്ടതോ ആരെങ്കിലും നിങ്ങളെക്കുറിച്ച് ഒരു നല്ല വാക്ക് പറഞ്ഞതോ ഒക്കെയാകാം ഇവ. എഴുതിയ കാര്യങ്ങൾ ഒന്നു വായിച്ചശേഷം ‘എന്റെ ജീവിതം മനോഹരമാണ്’ എന്ന് സ്വയം പറഞ്ഞശേഷം ഉറങ്ങാൻ കിടക്കാം.

∙ കണ്ണടച്ച് കിടന്ന ശേഷം 10 വയസ്സിനു മുൻപ് ജീവിതത്തിൽ ഉണ്ടായ ഏതെങ്കിലും മനോഹരമോ രസകരമോ ആയ അനുഭവം മനസ്സിൽ ആലോചിക്കാം. ആ അനുഭവത്തിന്റെ വൈകാരിക അവസ്ഥ മനസ്സിലേക്ക് കടന്നുവരുമ്പോൾ പതിയെ ഉറക്കത്തിലേക്ക് വഴുതി വീഴാം.

∙ ആഴ്ചയിൽ ഒരു ദിവസം, പറ്റുമെങ്കിൽ വാരാന്ത്യത്തിൽ, നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾക്ക് ഇന്ന് ലഭ്യമായ സൗഭാഗ്യങ്ങൾ ലഭിക്കാൻ സഹായിച്ച ഏതെങ്കിലും ഒരു വ്യക്തിയെക്കുറിച്ച് ഓർക്കാം. അദ്ദേഹത്തെ ഫോണിൽ വിളിച്ച് കൃതജ്ഞത രേഖപ്പെടുത്താം. അദ്ദേഹം ഈ ലോകത്തിൽ നിന്ന് കടന്നുപോയെങ്കിൽ പ്രതീകാത്മകമായി നന്ദി പ്രകടിപ്പിച്ചുകൊണ്ടുള്ള ഒരു കത്ത് ഡയറിയിൽ എഴുതിവയ്ക്കാം.

അനാവശ്യമായ താരതമ്യങ്ങൾക്കു നിൽക്കാതെ സ്വന്തം ജീവിതത്തിലെ സൗഭാഗ്യങ്ങൾ തിരിച്ചറിയാൻ ഈ വ്യായാമങ്ങൾ സഹായിക്കും.

വിവരങ്ങൾക്കു കടപ്പാട്: ഡോ. അരുൺ ബി. നായർ, സൈക്യാട്രി വിഭാഗം പ്രഫസർ, മെഡിക്കൽ കോളേജ് തിരുവനന്തപുരം

സ്ട്രെസ് അകറ്റാന്‍ മൂന്ന് ടെക്നിക്കുകൾ: വിഡിയോ

English Summary:

Midlife Crisis - Know the Reasons and Solution

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com