ADVERTISEMENT

തണുപ്പുള്ള കാലാവസ്ഥയിലും പേടി തോന്നുമ്പോഴും മാത്രമല്ല, ബാക്ടീരിയയോ വൈറസോ മൂലം അണുബാധ ഉണ്ടാകുമ്പോഴും രക്തത്തിലെ ഷുഗറിന്റെ അളവ് കുറയുമ്പോഴുമെല്ലാം നമ്മുടെ ശരീരം കിടുകിടാ വിറയ്ക്കാറുണ്ട്. ശരീരത്തിലെ ഓരോ പ്രവർത്തനവും നിരീക്ഷിച്ചുകൊണ്ടേയിരിക്കുന്ന തലച്ചോറാണ് (Brain) ഇതിനു കാരണക്കാരൻ! ശരീരതാപനില കുറഞ്ഞാൽ അത് പരിഹരിക്കാനാണ് മിക്കപ്പോഴും തലച്ചോർ ഈ വിറവിദ്യ പ്രയോഗിക്കുന്നത്. ദേഹത്തെ പേശികൾ അതിവേഗം സങ്കോചിക്കുകയും വികസിക്കുകയും ചെയ്യുന്നതാണ് വിറയലായി നമുക്ക് അനുഭവപ്പെടുന്നത്. പ്രത്യേകിച്ച് താടിയിലെയും കൈകാലുകളിലെയും മസിലുകൾ. പേശികൾ വിറയ്ക്കുമ്പോൾ ചൂട് ഉണ്ടാകും.
Read Also : നമ്മൾ ഉപയോഗിക്കുന്നത് തലച്ചോറിന്റെ പത്തു ശതമാനം മാത്രമോ? വാസ്തവം അറിയാം

വിറയ്ക്കാതിരുന്നാൽ ശരീരം ഹൈപ്പോതെർമിയ (Hypothermia) എന്ന അവസ്ഥയിൽ ആയിപ്പോകാൻ സാധ്യതയുണ്ട്. ഉണ്ടാകുന്നതിനേക്കാൾ വേഗത്തിൽ ശരീരത്തിൽ നിന്ന് ചൂട് നഷ്ടപ്പെടുന്ന അവസ്ഥയാണിത്. മനുഷ്യശരീരത്തിന്റെ സാധാരണ താപനില 37 ഡിഗ്രി സെൽഷ്യസ് ആണ്. ഇത് 35 ഡിഗ്രിയിലും താഴെയായാൽ ഹൈപ്പോതെർമിയ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് മരണത്തിലേക്കു വരെ നയിച്ചേക്കാം. ഈ അപകടത്തിൽ നിന്ന് രക്ഷപ്പെടാൻ ശരീരം ശരീരത്തിനു നൽകുന്ന ഫസ്റ്റ് – എയ്ഡ് ആണ് വിറയൽ. എന്നാൽ, വിറച്ചാൽ ശരീരത്തിന്റെ താപനില ഒറ്റയടിക്ക് കൂടും എന്നു കരുതരുതേ. മണിക്കൂറിൽ പരമാവധി ഒരു ഡിഗ്രി സെൽഷ്യസ് താപനില മാത്രമേ വിറച്ചുവിറച്ച് ശരീരത്തിന് ഉൽപാദിപ്പിക്കാനാവൂ!

ഇനി പേടിച്ചു വിറയ്ക്കുന്നതിന്റെ ഗുട്ടൻസ് നോക്കാം. വല്ലാതെ പേടിയോ ആശങ്കയോ ഒക്കെ തോന്നുമ്പോൾ തലച്ചോർ ഒരു ഹോർമോൺ പുറപ്പെടുവിക്കും; അഡ്രിനാലിൻ. ഫൈറ്റ് ചെയ്യാനോ ഓടി രക്ഷപ്പെടാനോ മസിലുകളെ റെഡിയാക്കുകയാണ് ഇതിന്റെ ഡ്യൂട്ടി. അഡ്രിനാലിൻ നേരേ മസിലുകളുടെ എനർജി കൂട്ടി വിറപ്പിച്ചു തുടങ്ങും !

ശരീരത്തിന്റെ ഈ കിടുകിടുവിദ്യ നമ്മുടെ കൺട്രോളിലേയല്ല. അതുകൊണ്ട് കാരണം മനസ്സിലാക്കി പരിഹരിക്കുകയേ വഴിയുള്ളൂ. അന്തരീക്ഷത്തിലെ തണുപ്പ് കാരണമുള്ള വിറയൽ തീ കാഞ്ഞോ കട്ടിയുള്ള വസ്ത്രങ്ങൾ ധരിച്ചോ പരിഹരിക്കാം. ശരീരം രോഗാണുക്കളെ തുരത്താൻ നടത്തുന്ന പോരാട്ടത്തിന്റെ ഭാഗമാണ് പനിയോ മറ്റോ വരുമ്പോഴുള്ള വിറയൽ. വിശ്രമിച്ചും മരുന്നു കഴിച്ചും അത് മാറ്റാം. രക്തത്തിലെ ഷുഗർ കുറഞ്ഞുണ്ടാകുന്ന വിറയൽ മാറ്റാൻ ഭക്ഷണമാണ് മരുന്ന്. മനസ്സിനെയും ശരീരത്തെയും സ്വസ്ഥമാക്കുകയാണ് പേടിച്ചുവിറയ്ക്കുന്നതിനുള്ള പ്രതിവിധി.

fever-cold-cough-shivering-prostock-studio-shutterstock-com
Representative Image. Photo Credit : Prostock Studio/Shutterstock.com

സ്ത്രീകളിലെ ഹോർമോൺ മാറ്റങ്ങൾ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു - വിഡിയോ

English Summary:

Why does our body shivers when we feel cold or fear?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com