ഇന്ത്യയില്‍ പൊണ്ണത്തടി വ്യാപകമാകുന്നു; അതിനു പിന്നിൽ ഈ കാരണങ്ങളാകാം
Mail This Article
ഇന്ത്യക്കാര്‍ക്കിടയിലെ അമിതവണ്ണവും പൊണ്ണത്തടിയും വര്‍ദ്ധിക്കുന്നതായി അടുത്ത കാലത്ത് നടന്ന പല പഠനങ്ങളും ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ ഇതിന്റെ കാരണങ്ങള്‍ നാം കരുതുന്നത് പോലെ അത്ര ലളിതമല്ല. ചയാപചയ വ്യതിചലനം അഥവാ 'മെറ്റാബെസിറ്റി' മുതല്‍ പല ഘടകങ്ങളും ഇന്ത്യക്കാരുടെ പൊണ്ണത്തടിക്ക് പിന്നിലുണ്ടെന്ന് ആസ്റ്റര്‍ വൈറ്റ്‌ഫില്‍ഡ് ആശുപത്രിയിലെ ഗാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ ആന്‍ഡ് ബേരിയാട്രിക് സര്‍ജറി വിഭാഗം മേധാവി ഡോ. വിനോധ റെഡ്ഡിയും ആസ്‌റ്റര്‍ സിഎംഐ ഹോസ്‌പിറ്റലിലെ എന്‍ഡോക്രൈനോളജി കണ്‍സള്‍ട്ടന്റ് ഡോ. മഹോഷ് ഡി.എമ്മും ന്യൂസ്18.കോമിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
ഈ ആരോഗ്യവിദഗ്‌ധരുടെ അഭിപ്രായത്തില്‍ ഇന്ത്യയിലെ ഉയരുന്ന അമിതവണ്ണത്തിനും പൊണ്ണത്തടിക്കും പിന്നില്‍ ഇനി പറയുന്ന ഘടകങ്ങള്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നു.
1. ചയാപചയ വ്യതിചലനങ്ങള്‍
അമിതവണ്ണവുമായി ബന്ധപ്പെട്ട ചയാപചയ വ്യതിചലനങ്ങളെയാണ് 'മെറ്റാബെസിറ്റി' എന്ന് വിളിക്കുന്നത്. ചെറിയ തോതിലുള്ള നീര്‍ക്കെട്ട്, കോശങ്ങളിലെ മൈറ്റകോണ്‍ഡ്രിയല്‍ പ്രവര്‍ത്തനതകരാര്‍, വയറിലെ ബാക്ടീരിയകളില്‍ ഉണ്ടായ മാറ്റങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. മെറ്റാബെസിറ്റി ഹൃദ്രോഗപ്രശ്‌നങ്ങള്‍ക്കും ഇന്‍സുലിന്‍ പ്രതിരോധത്തിനും ഫാറ്റി ലിവറിനും അര്‍ബുദത്തിനും വരെ കാരണമാകാമെന്ന് ഡോ. മഹേഷ് ചൂണ്ടിക്കാട്ടി. ഫിര്‍മിക്യൂട്ടസ് ഫൈലം പോലുള്ള വയറിലെ ചില ബാക്ടീരിയകള്‍ നീര്‍ക്കെട്ടിനും വയറില്‍ കൊഴുപ്പടിയുന്നതിനും കാരണമാകാമെന്നും വിദഗ്‌ധര്‍ പറയുന്നു.
2. കുട്ടിക്കാലത്തെ പൊണ്ണത്തടി
കുട്ടികള്‍ക്കിടയിലെ പൊണ്ണത്തടി അപകടകരമായ തോതില്‍ ഉയരുന്നുണ്ടെന്നും പല പഠനങ്ങളും സൂചന നല്‍കുന്നു. ഗര്‍ഭിണികളിലെ പോഷണമില്ലായ്‌മ, മറുപിള്ളയിലെ തകരാറുകള്‍, ഭക്ഷണശീലങ്ങളിലെ മാറ്റങ്ങള്‍ എന്നിവയെല്ലാം കുട്ടികളിലെ പൊണ്ണത്തടിക്ക് പിന്നിലുണ്ടാകാം. ഗര്‍ഭകാലത്ത് തന്നെ ആരംഭിക്കുന്ന സമഗ്രമായ സമീപനം ഇതിനെ നേരിടാന്‍ ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
3. ഹോര്‍മോണല്‍ അസന്തുലിതാവസ്ഥ
പോളിസിസ്‌റ്റിക് ഓവറി ഡിസീസ്, തൈറോയ്‌ഡ് തകരാര്‍ എന്നിവ പോലുള്ള ഹോര്‍മോണല്‍ അസന്തുലിതാവസ്ഥകള്‍ വയറിലെ ബാക്ടീരിയകളെയും ചയാപചയത്തെയും ബാധിച്ച് ഭാരവര്‍ദ്ധനവിന് കാരണമാകാം. പ്രമേഹം പോലുള്ള മാറാരോഗങ്ങളുടെ സാധ്യതയും ഈ ഹോര്‍മോണല്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കാം.
4. ഫാസ്റ്റ് ഫുഡ് സംസ്‌കാരവും ഉയര്‍ന്ന സമ്മര്‍ദ്ദവും
ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തിനൊപ്പം വര്‍ദ്ധിച്ച സമ്മര്‍ദ്ദ തോത് കൂടി അമിതവണ്ണത്തിലേക്കു നയിക്കാം. ഭക്ഷണവിഭവങ്ങളിലുള്ള കീടനാശിനികളുടെയും കളനാശിനികളുടെയും സാന്നിധ്യവും ചയാപചയ പ്രശ്‌നമുണ്ടാക്കി ഭാരം വര്‍ധിപ്പിക്കാം.
5. നഗരവത്‌ക്കരണവും അലസ ജീവിതശൈലിയും
നഗരവത്‌ക്കരണവും ഡെസ്‌ക് ജോലികളും അലസമായ ജീവിതശൈലി വളരുന്നതിനു കാരണമായി. സൗകര്യപ്രദമായ ഗതാഗത സൗകര്യങ്ങളും വര്‍ദ്ധിച്ച സ്‌ക്രീന്‍ സമയവുമെല്ലാം കൂടി സജീവമല്ലാത്ത ജീവിതശൈലിയാണ് പ്രോത്സാഹിപ്പിക്കുന്നത്. ഹോം ഡെലിവറിയിലും ടിവി ഷോകളിലും ഉണ്ടായ വര്‍ധനയും അലസമായ ജീവിതശൈലിക്ക് അടിമപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിച്ചു.
6. സംസ്‌കരിച്ച ഭക്ഷണം
അനാരോഗ്യകരമായ പലവിധ ചേരുവകള്‍ ചേര്‍ന്ന സംസ്‌കരിച്ച ഭക്ഷണങ്ങള്‍ നമ്മുടെ രുചിമുകുളങ്ങളെ രസിപ്പിക്കുമെങ്കിലും മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ച് പൊണ്ണത്തടിയിലേക്ക് നയിക്കും.
7. കോവിഡ് ലോക്‌ഡൗണുകള്‍
കോവിഡ് കാലഘട്ടത്തില്‍ നടപ്പിലാക്കിയ ലോക്‌ഡൗണുകള്‍ മഹാമാരിക്ക് ശേഷവും ഉള്ളില്‍ അടച്ചിരിക്കാനുള്ള പ്രേരണ പലര്‍ക്കും നല്‍കി. ചലനങ്ങള്‍ കുറയുകയും ദൈനംദിന ജീവിതക്രമം താളം തെറ്റുകയും ചെയ്‌തതോടെ ഇത് പലരിലും പൊണ്ണത്തടിയിലേക്ക് നയിച്ചു.
ബഹുമുഖമായ സമീപനം പൊണ്ണത്തടിയെ നേരിടാന്‍ ഇന്ത്യയില്‍ ആവശ്യമാണെന്ന് ഈ രംഗത്തെ വിദഗ്‌ധര്‍ പറയുന്നു. ജീവിതശൈലിയിലെ മാറ്റങ്ങള്‍, പോഷകസമൃദ്ധമായ ഭക്ഷണങ്ങളെ പറ്റിയുള്ള അവബോധം, സമഗ്രമായ ആരോഗ്യപരിചരണ മാര്‍ഗ്ഗങ്ങള്‍ എന്നിവ പ്രധാനമാണ്. പൊണ്ണത്തടിക്കുള്ള സാധ്യത കണ്ടാല്‍ കുട്ടിക്കാലത്ത് തന്നെ കൃത്യമായ ഇടപെടലുകള്‍ ആരോഗ്യ വിദഗ്‌ധരുടെ സഹായത്തോടെ നടത്തേണ്ടതാണ്.
കുടവയർ കുറയ്ക്കാം: വിഡിയോ