ADVERTISEMENT

ഓക്‌സിജനെ ശ്വാസകോശത്തില്‍ നിന്ന്‌ ശരീരത്തിലെ വിവിധ അവയവങ്ങളില്‍ എത്തിക്കുന്ന ചുവന്ന രക്തകോശങ്ങളുടെ(ആര്‍ബിസി) എണ്ണത്തിലുണ്ടാകുന്ന കുറവിനെയാണ്‌ വിളര്‍ച്ച അഥവാ അനീമിയ എന്ന്‌ വിളിക്കുന്നത്‌. ഇന്ത്യയിലെ 15-49 പ്രായവിഭാഗത്തിലുള്ള 25 ശതമാനം പുരുഷന്മാർക്കും സ്‌ത്രീകളില്‍ 57 ശതമാനം പേര്‍ക്കും വിളര്‍ച്ചയുള്ളതായി 2019-21 വര്‍ഷത്തെ ദേശീയ കുടുംബാരോഗ്യ സര്‍വേ കണ്ടെത്തിയിരുന്നു. 

ഒരു ചുവന്ന രക്തകോശത്തിന്റെ ജീവിത കാലയളവ്‌ 100 മുതല്‍ 120 ദിവസം വരെയാണ്‌. ഓരോ സെക്കന്‍ഡിലും എല്ലുകള്‍ക്കുള്ളിലെ മജ്ജ 20 ലക്ഷം ചുവന്ന കോശങ്ങളെ ഉത്‌പാദിപ്പിക്കുന്നുണ്ടെന്നാണ്‌ കണക്ക്‌. ഇത്രയും തന്നെ ചുവന്ന രക്തകോശങ്ങള്‍ ഓരോ സെക്കന്‍ഡിലും രക്തപ്രവാഹത്തില്‍ നിന്ന്‌ നീക്കം ചെയ്യപ്പെടുകയും ചെയ്യുന്നു. ചുവന്ന രക്തകോശങ്ങളുടെ ഈ ഉത്‌പാദനവും നീക്കം ചെയ്യലും തമ്മിലുള്ള സന്തുലനം വളരെ നിര്‍ണായകമാണ്‌. ഇതിലുണ്ടാകുന്ന താളപ്പിഴകള്‍ വിളര്‍ച്ചയ്‌ക്കു കാരണാകാമെന്ന്‌ എച്ച്‌ടി ലൈഫ്‌സ്റ്റൈലിന്‌ നല്‍കിയ അഭിമുഖത്തില്‍ ഭാരത്‌ സെറംസ്‌ ആന്‍ഡ്‌ വാക്‌സീന്‍സ്‌ ലിമിറ്റഡ്‌ ചീഫ്‌ ഓപ്പറേറ്റിങ്‌ ഓഫീസര്‍ അലോക്‌ ഖേത്രി പറയുന്നു. 

Representative image. Photo Credit: nd3000/istockphoto.com
Representative image. Photo Credit: nd3000/istockphoto.com

ചുവന്ന രക്തകോശങ്ങളുടെ ഉത്‌പാദനം കുറയുകയോ വിനാശം കൂടുകയോ ചെയ്യുന്നത്‌ വിളര്‍ച്ചയ്‌ക്ക്‌ കാരണമാകാം. അയണും വൈറ്റമിന്‍ബി12 ഉം ഫോളേറ്റും കുറഞ്ഞ ഭക്ഷണക്രമം, വൃക്കരോഗങ്ങള്‍, ലുക്കീമിയ, ലിംഫോമ പോലുള്ള അര്‍ബുദങ്ങള്‍, ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍, എച്ച്‌ഐവി, ക്ഷയം, ഹൈപോതൈറോയ്‌ഡിസം, അര്‍ബുദത്തിനുള്ള കീമോതെറാപ്പി എന്നിവയെല്ലാം ആര്‍ബിസി ഉത്‌പാദനത്തെ കുറയ്‌ക്കാം. ചിലതരം ജനിതകരോഗങ്ങളും ഈയവസ്ഥയ്‌ക്കു പിന്നിലുണ്ടാകാം. 

അപകടങ്ങളോ പരുക്കോ മൂലമുള്ള അമിതമായ രക്ത നഷ്ടം, ശസ്‌ത്രക്രിയകള്‍, ആര്‍ത്തവം മൂലമുള്ള അമിതരക്തസ്രാവം, പ്രസവം, ഗര്‍ഭപാത്രത്തിനു പുറത്ത്‌ കോശങ്ങള്‍ വളരുന്ന എന്‍ഡോമെട്രിയോസിസ്‌, അള്‍സറുകള്‍, ഇറിറ്റബിള്‍ ബവല്‍ ഡിസീസ്‌, അര്‍ബുദം എന്നിവയെല്ലാം ശരീരത്തില്‍ നിന്ന്‌ അമിതമായ തോതില്‍ ആര്‍ബിസി നീക്കം ചെയ്യപ്പെടാന്‍ കാരണമാകാം. ആര്‍ബിസി പെട്ടെന്ന്‌ വിഘടിക്കുന്ന ഹീമോലിസിസും വിളര്‍ച്ചയുടെ കാരണങ്ങളില്‍ ഒന്നാണ്‌. 

ഗര്‍ഭകാലത്ത്‌ സ്‌ത്രീകള്‍ക്ക്‌ പല തരത്തിലുള്ള വിളര്‍ച്ചയുണ്ടാകാനുള്ള സാധ്യത അധികമാണ്‌. ഇത്‌ പ്രത്യുത്‌പാദനശേഷിയെയും ബാധിക്കാം. ഗര്‍ഭിണികളിലെ വിളര്‍ച്ച ഇനി പറയുന്ന കാരണങ്ങള്‍ കൊണ്ടാണ്‌ മുഖ്യമായും സംഭവിക്കുന്നതെന്ന്‌ അലോക്‌ ഖേത്രി ചൂണ്ടിക്കാട്ടി. 

1. ഗര്‍ഭകാലത്ത്‌ സ്‌ത്രീകളിലെ രക്തത്തിന്റെ അളവ്‌ വന്‍ തോതില്‍ വര്‍ദ്ധിക്കാറുണ്ട്‌. ഇതിനാവശ്യമായ അയണും വൈറ്റമിനുകളും ഈ സമയത്ത്‌ ലഭിച്ചില്ലെങ്കില്‍ അത്‌ വിളര്‍ച്ചയ്‌ക്ക്‌ കാരണമാകാം. 

Representative Image. Photo Credit : Damircudic / iStockPhoto.com
Representative Image. Photo Credit : Damircudic / iStockPhoto.com

2. ഗര്‍ഭപാത്രത്തിലുള്ള കുഞ്ഞും അമ്മയുടെ ചുവന്ന രക്തകോശങ്ങളെ അതിന്റെ വളര്‍ച്ചയ്‌ക്കായി ഉപയോഗപ്പെടുത്തും. ഗര്‍ഭകാലത്തിന്റെ അവസാന മൂന്ന്‌ മാസങ്ങളില്‍ കുഞ്ഞ്‌ പൂര്‍ണ്ണവളര്‍ച്ച പ്രാപിക്കുന്നതോടെ ഇതിന്റെ തോതും വര്‍ദ്ധിക്കും. ഗര്‍ഭിണിയുടെ മജ്ജയില്‍ അധിക അളവില്‍ അയണ്‍ ശേഖരിച്ച്‌ വച്ചിട്ടുണ്ടെങ്കില്‍ ഈ സമയത്ത്‌ അവ ഉപയോഗപ്പെടുത്താം. നേരേ മറിച്ച്‌ ഗര്‍ഭിണിയില്‍ അയണ്‍ സംഭരണം കുറവാണെങ്കില്‍ അതും വിളര്‍ച്ചയിലേക്ക്‌ നയിക്കാം. ഗര്‍ഭിണിയാകുന്നതിന്‌ മുന്‍പും ഗര്‍ഭിണിയായ ശേഷവും നല്ല പോഷണം സ്‌ത്രീകള്‍ക്കു ലഭിക്കേണ്ടത്‌ ഇതിനാല്‍ തന്നെ അത്യാവശ്യമാണ്‌. 

3. ചുവന്ന രക്തകോശങ്ങളും അതിലെ പ്രോട്ടീനായ ഹീമോഗ്ലോബിനും നിര്‍മ്മിക്കാന്‍ ആവശ്യമായ വൈറ്റമിന്‍ ബി-12ന്റെ അഭാവവും വിളര്‍ച്ചയ്‌ക്ക്‌ കാരണമാകും. പാല്‍, മുട്ട, മാംസം എന്നിവ പോലുള്ള മൃഗാധിഷ്‌ഠിത ഭക്ഷണങ്ങള്‍ വൈറ്റമിന്‍ ബി-12ന്റെ സമ്പന്ന സ്രോതസ്സാണ്‌. സസ്യഭക്ഷണം കഴിക്കുന്ന സ്‌ത്രീകള്‍ക്ക്‌ വൈറ്റമിന്‍ ബി12 അഭാവം വരാനുള്ള സാധ്യതയുണ്ട്‌. ഇതിനാല്‍ സസ്യഭക്ഷണം കഴിക്കുന്ന ഗര്‍ഭിണികള്‍ക്ക്‌ വൈറ്റമിന്‍ ബി12 കുത്തിവയ്‌പ്പ്‌ എടുക്കേണ്ട സാഹചര്യം വരാറുണ്ട്‌. 

4. ചുവന്ന രക്തകോശങ്ങളുടെ വളര്‍ച്ചയ്‌ക്ക്‌ അയണിനൊപ്പം തന്നെ ആവശ്യമായ മറ്റൊരു ബി വൈറ്റമിനാണ്‌ ഫോളിക്‌ ആസിഡ്‌ അഥവാ ഫോളേറ്റ്‌. ഗര്‍ഭിണികള്‍ ആവശ്യത്തിന്‌ ഫോളേറ്റ്‌ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ വിളര്‍ച്ചയ്‌ക്ക്‌ സാധ്യതയുണ്ട്‌. തലച്ചോറിനും നട്ടെല്ലിനും ജന്മനാലുള്ള തകരാര്‍ നവജാതശിശുവിന്‌ വരാതിരിക്കാനും ഫോളിക്‌ ആസിഡ്‌ സഹായിക്കും. 

Photo Credit: Prostock-Studio/ Istockphoto
Photo Credit: Prostock-Studio/ Istockphoto

ബീഫ്‌, പോര്‍ക്ക്‌, മട്ടന്‍, ലിവര്‍, ചിക്കന്‍, താറാവ്‌, കക്ക ഇറച്ചി, മത്തി എന്നിവയെല്ലാം അയണിന്റെ നല്ല സ്രോതസ്സുകളാണ്‌. ബ്രോക്കളി, കെയ്‌ല്‍, ടര്‍ണിപ്‌ ഗ്രീന്‍സ്‌, ബീന്‍സ്‌, അയണ്‍ സമ്പുഷ്ടീകരിച്ച വൈറ്റ്‌ ബ്രഡ്‌, പാസ്‌ത, സിറിയലുകള്‍ എന്നിവയും അയണ്‍ ലഭ്യമാക്കും. ഗര്‍ഭിണികള്‍ വിളര്‍ച്ചയ്‌ക്കുള്ള പരിശോധന നടത്തേണ്ടതും അയണിന്റെ കുറവ്‌ കണ്ടെത്തിയാല്‍ പരിഹാര നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്‌. 

പിസിഒഡി പ്രശ്നങ്ങൾക്കു പരിഹാരം: വിഡിയോ

English Summary:

Anemia in Women during Pregnancy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com