ADVERTISEMENT

പ്രായമേറുന്തോറും ദന്ത പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ദൈർഘ്യമേറിയ പ്രവർത്തനമാണ് ഇതിനു കാരണം. പ്രത്യക്ഷത്തിൽ, പ്രായമാകുമ്പോൾ വായിലെ ആരോഗ്യത്തിന്റെ അവസ്ഥ, വായിലെ ആരോഗ്യ സ്വഭാവം, രോഗങ്ങൾ, ചികിത്സകൾ എന്നിവയുടെ മൊത്തത്തിലുള്ള ഫലങ്ങളെ പ്രതിഫലിപ്പിക്കുന്നു. മോണ വീക്കം, ദന്തക്ഷയം, പല്ലുകൾ നഷ്ടപ്പെടുക, അനുയോജ്യമല്ലാത്ത വെപ്പ് പല്ലുകൾ, വായ്പുണ്ണ്, ഉമിനീരില്ലായ്മ, വായിലെ അർബുദം എന്നിവ പ്രായവുമായി ബന്ധപെട്ടു കണ്ടുവരുന്ന ചില മാറ്റങ്ങളാണ്. അതിനാൽ, വയോജന ദന്തചികിത്സയിൽ മറ്റ് ആരോഗ്യ പരിരക്ഷാ വിദഗ്ധർക്കൊപ്പം വാർദ്ധക്യ സംബന്ധമായ രോഗങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ രോഗനിർണയം, ചികിത്സ, പ്രതിരോധം എന്നിവ ഉൾപ്പെടുന്ന പരിചരണം ആവശ്യമാണ്. പ്രായത്തിനനുസരിച്ച് ദന്ത പ്രശ്നങ്ങൾ എങ്ങനെ കുറയ്ക്കാം എന്ന് നോക്കാം:

1. ആന്തരിക അവയവങ്ങളെ ബാധിക്കുന്ന രോഗങ്ങളും അതിന്റെ ദന്തരോഗ ബന്ധവും: പ്രായമായവരിൽ ഏറേയും കാണപ്പെടുന്ന രോഗങ്ങളായ ഹൃദ്രോഗം, പ്രമേഹം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, രക്ത സംബന്ധമായ രോഗങ്ങൾ എന്നിവ ദന്ത രോഗലക്ഷണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങളും അനിയന്ത്രിതമായ പ്രമേഹവും രോഗപ്രതിരോധശേഷി കുറയ്ക്കുന്നതിനാൽ മോണവീക്കം വർധിപ്പിക്കുന്നു. മുറിവുണങ്ങുവാനുള്ള താമസം, രുചി വ്യതിയാനം, വായിലെ മറ്റ് അണുബാധകൾ എന്നിവയുമായും പ്രമേഹം ബന്ധപ്പെട്ടിരിക്കുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും ദന്തരോഗങ്ങൾക്കും പൊതുവായ കാരണഹേതുവായ ബാക്ടീരിയകളുണ്ട്. അതിനാൽ ഇടയ്ക്കിടെ ദന്തപരിശോധന നിർബന്ധമാണ്.

Representative Image. Photo Credit : Aaron Amat / iStockPhoto.com
Representative Image. Photo Credit : Aaron Amat / iStockPhoto.com

2. ഭക്ഷണക്രമം: സമീകൃതാഹാരം വായിലെ ആരോഗ്യത്തിനും രോഗങ്ങളെ അകറ്റാനും സഹായിക്കുന്നു. പല്ലിന്റെ ഘടന, മോണ, അസ്ഥി എന്നിവയുടെ മൊത്തത്തിലുള്ള വികസനത്തിനും വളർച്ചയ്ക്കും പരിപാലനത്തിനും പോഷകങ്ങൾ ആവശ്യമാണ്. ഉയർന്ന പഞ്ചസാരയുള്ള ഭക്ഷണക്രമം ദന്തക്ഷയവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഭക്ഷണത്തിനിടയിൽ മധുരമുള്ളതോ ഒട്ടിപ്പിടിക്കുന്നതോ ആയ ഭക്ഷണങ്ങൾ കുറയ്ക്കുക.

3. ടൂത്ത് ബ്രഷിംഗ്: മൃദുവായ ബ്രഷ് ഉപയോഗിച്ച് പതിവായി പല്ല് തേയ്ക്കുന്നത് പല്ലുകളുടെ പ്രതലത്തിൽ നിന്ന് അഴുക്ക് മുക്തമാക്കാനും ദന്തക്ഷയം തടയാനും സഹായിക്കുന്നു. കൈത്തണ്ടയുടെയോ കൈമുട്ടിന്റെയോ തോളിന്റെയോ ചലനശേഷി കുറഞ്ഞാൽ, റോട്ടറി ഇലക്ട്രിക് ടൂത്ത് ബ്രഷുകൾ, അല്ലെങ്കിൽ ഓരോ വ്യക്തിക്കും ഇഷ്ടാനുസൃതമാക്കിയ മാനുവൽ ബ്രഷുകൾ എന്നിവ പ്രയോജനപ്പെടും.

4. റിൻസസ്: ടൂത്ത് ബ്രഷിംഗിന് ശേഷം ഉപയോഗിക്കുമ്പോൾ ക്ലോർഹെക്സിഡൈൻ പോലുള്ള ചികിത്സാ ലായിനികൾ ഡെന്റൽ പ്ലാക്ക് അടിഞ്ഞു കൂടുന്നതിനുള്ള സാധ്യത കുറയ്ക്കുന്നു. പ്രതിരോധശേഷി കുറവുള്ള രോഗികളിൽ വായിലുള്ള വീക്കം, പൂപ്പൽ എന്നിവയും ഇത് കുറയ്ക്കുന്നു.

Photo credit : Roman Samborskyi / Shutterstock.com
Photo credit : Roman Samborskyi / Shutterstock.com

5. വെപ്പ് പല്ലുകളുടെ സംരക്ഷണം: വെപ്പ് പല്ലുകൾ ധരിക്കുന്ന മുതിർന്നവർ രാത്രിയിൽ വിശ്രമിക്കുമ്പോൾ പല്ലുകൾ ഊരി വെയ്ക്കണം. പല്ലിനു കീഴിലുള്ള മോണ ദിവസത്തിൽ ഒരിക്കലെങ്കിലും വൃത്തിയാക്കുകയും മസാജ് ചെയ്യുകയും ചെയ്യുന്നത് രക്തചംക്രമണം കൂട്ടുകയും അങ്ങനെ മോണയുടെ ആരോഗ്യം വർധിപ്പിക്കുകയും ചെയ്യുന്നു. വെപ്പ് പല്ലുകളുടെ കേടുപാടുകൾക്കെതിരെ ക്ലെൻസറുകളിൽ പല്ലുകൾ മുക്കിവയ്ക്കുന്നത് അവയുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നു. അവ ക്ലെൻസറുകളിൽ വെയ്ക്കുന്നതിനു മുൻപും ശേഷവും വെള്ളത്തിൽ നന്നായി കഴുകുകയും വേണം.

6. ഉമിനീര് ഇല്ലായ്മ: വാർദ്ധക്യത്തിൽ ചില മരുന്നുകൾ കാരണം, ഉമിനീർ ഗ്രന്ഥികൾ മാറ്റങ്ങൾക്കു വിധേയമാകുന്നു. ഇത് ഉമിനീർ ഉത്പാദനം കുറയ്ക്കുന്നു. ഈ അവസ്ഥയെ സീറോസ്റ്റോമിയ എന്ന് വിളിക്കുന്നു. പ്രതിരോധ നടപടികളിൽ ഫ്ലൂറൈഡ് പ്രയോഗം, വായുടെ ശുചിത്വ നിർദ്ദേശങ്ങൾ, ഭക്ഷണ ഉപദേശം, കൃത്രിമ ഉമിനീർ എന്നിവ ഉൾപ്പെടുന്നു.

7. ഓറൽ ക്യാൻസർ: മൂർച്ചയുള്ള പല്ലുകളുടെ ഫലമായുണ്ടാകുന്ന വിട്ടുമാറാത്ത ഉരച്ചിൽ അധവ അൾസർ വായിലുള്ള ക്യാൻസറിന്റെ വികാസവുമായി പലപ്പോഴും ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ അത് തിരുത്തേണ്ടത് പ്രധാനമാണ്. കൂടാതെ, വായിലോ, നാക്കിലോ കാണുന്ന കളർ വ്യത്യാസം, മുഴകൾ എന്നിവയ്ക്ക് ഡോക്ടറെ കാണണം.

Representative Image. Photo Credit : Eb Ra / iStock Photo.com
Representative Image. Photo Credit : Eb Ra / iStock Photo.com

8. പല്ല് തേയ്മാനം: പല്ലിന്റെ മൂർച്ചയുള്ള അരികുകൾ, പുളിപ്പ്, പല്ലിന്റെ ഉയരം കുറയൽ, മുഖത്തിന്റെ ഉയരം കുറയൽ എന്നിവ തേയ്മാനം മൂലം കാണപ്പെടാം. കഠിനമായ അവസ്ഥയിൽ, ഇത് പൾപ്പ് തുറന്നുകാട്ടുകയും പൾപ്പിറ്റിസ്, പൾപ്പൽ നെക്രോസിസ് എന്നിവയിലേക്ക് നയിക്കുകയും ചെയ്യും. ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുന്നതും ഫ്ലൂറൈഡ് പ്രയോഗവും പല്ലിന്റെ തേയ്മാനം നിയന്ത്രിക്കുന്നതിനും രോഗലക്ഷണങ്ങൾ ലഘൂകരിക്കുന്നതിനും ഫലപ്രദമാണെന്ന് കണ്ടത്തിയിട്ടുണ്ട്.

9. ഓറൽ മ്യൂക്കോസൽ രോഗം: നിലവിൽ, ഓറൽ ലൈക്കൺ പ്ലാനസ് പ്രായമായവരിൽ ഏറ്റവും ഉയർന്നതായി കാണുന്നു. എരിവും ചൂടും ഉള്ള ഭക്ഷണം കഴിക്കുമ്പോൾ അത് വഷളാകുന്നു. ജനിതക പശ്ചാത്തലം, മരുന്നുകൾ, പകർച്ചവ്യാധികൾ, രോഗപ്രതിരോധ ശേഷിയുടെ കുറവ്, ഭക്ഷണ അലർജി, സമ്മർദ്ദം, ആഘാതം, പ്രമേഹം, രക്താതിമർദ്ദം, മാരകമായ നിയോപ്ലാസം, കുടൽ രോഗങ്ങൾ എന്നിവയാണ് പരിഗണിക്കപ്പെടുന്ന വ്യത്യസ്ത രോഗകാരണഘടകങ്ങൾ.

Photo Credit: Arindam Ghosh/ Istockphoto
Photo Credit: Arindam Ghosh/ Istockphoto

10. മോണകളുടെ വർദ്ധനവ്: ഇത് ഒരു പ്രത്യേക സ്ഥലം കേന്ദ്രീക്കരിച്ചോ അല്ലങ്കിൽ പരക്കെയോ കാണപ്പെടാം. അംലോഡിപൈൻ, ഫെനിറ്റോയിൻ തുടങ്ങിയ മരുന്നുകൾ കഴിക്കുന്നത് മൂലമാകാം; ഹോർമോൺ മാറ്റങ്ങൾ, പോഷകാഹാരക്കുറവ്, ജനിതക അവസ്ഥകൾ, രക്താർബുദം ഇവ മറ്റ് കാരണങ്ങളാണ്.

11. ടെമ്പോറോമാണ്ടിബുലാർ ഡിസോർഡേഴ്സ് (TMD): പല്ലിന്റെ അഭാവം മൂലം ഉണ്ടാകുന്ന വ്യത്യസ്ത കോണുകളിലെ മാറ്റങ്ങൾ TMD കാരണമാകുന്നു. അതുപോലെ, പല്ല് നഷ്ടപ്പെടൽ, വാർദ്ധക്യം, വൈകാരിക സമ്മർദ്ദം എന്നിവയുമായി ബന്ധപ്പെട്ട മനഃശാസ്ത്രപരമായ പ്രശ്‌നങ്ങൾ എല്ലാം പല്ലില്ലാത്തവരുടെയിടയിൽ ടിഎംഡി വികസിപ്പിച്ചേക്കാം. അതിനാൽ, ഈ അവസ്ഥയെ സമയബന്ധിതമായി തിരിച്ചറിയുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നത് ജീവിതനിലവാരം മെച്ചപ്പെടുത്തുകയും പ്രായമായ വ്യക്തികൾക്ക് പ്രാഥമിക പരിചരണം നൽകുകയും ചെയ്യും.

വായുടെ ആരോഗ്യത്തിനും പൊതുവായ ആരോഗ്യത്തിനും പരസ്പര ബന്ധമുണ്ട്. അന്തരീക അവയവങ്ങളെ ബാധിക്കുന്ന രോഗങ്ങളും അവയുമായി ബന്ധപ്പെട്ട മരുന്നുകളും പ്രായമായവരുടെ വായിലുള്ള രോഗങ്ങൾക്കു കൂടുതൽ കാരണമാക്കുന്നു. അതിനാൽ പ്രായം കണക്കിലെടുക്കാതെ, ഏതൊരു വ്യക്തിയുടെയും മൊത്തത്തിലുള്ള ആരോഗ്യത്തിന് വായുടെ ആരോഗ്യം നിർബന്ധമാണ്.

dr-merlin
ഡോ. മെർലിൻ തോമസ്

(ലേഖിക കൺസൾട്ടന്റ് പെരിയോഡോണ്ടിസ്റ്റും ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തിരുവല്ല ശാഖ അംഗവുമാണ്)

English Summary:

Tips to take care of Dental Health

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com