ADVERTISEMENT

ആരോഗ്യ രംഗത്തെ സംബന്ധിച്ചിടത്തോളം ഓരോ വര്‍ഷവും മുന്നില്‍ ഉയര്‍ത്തുന്നത്‌ പുതിയ പുതിയ വെല്ലുവിളികളാണ്‌. മാരകമായ പുതു രോഗബാധകള്‍, സ്വഭാവം മാറുന്ന വൈറസുകള്‍, ഇതിനെ നേരിടാനുള്ള ശാസ്‌ത്രത്തിന്റെ മുന്നേറ്റങ്ങള്‍ എന്നിങ്ങനെ സംഭവബഹുലമായിരുന്നു 2023ലെ ആരോഗ്യ രംഗം. അജ്ഞാത ന്യുമോണിയ മുതല്‍ കോവിഡിന്റെ പുതു വകഭേദങ്ങളും ഡെങ്കിപ്പനിയുടെ മാറുന്ന സ്വഭാവവും വരെ പല പുതിയ വെല്ലുവിളികള്‍ക്കും ആരോഗ്യ മേഖല ഈ വര്‍ഷം സാക്ഷ്യം വഹിച്ചു. 

2023ല്‍ ആരോഗ്യ മേഖലയെ ആശങ്കപ്പെടുത്തിയ ചില രോഗങ്ങളും സംഭവവികാസങ്ങളും പരിശോധിക്കാം. 
1. ഡെങ്കിപ്പനി 
ലോകത്തിന്റെ പല മേഖലകളിലും ഇന്നും നിരവധി പേരെ കൊന്നൊടുക്കുന്ന മഹാമാരിയാണ്‌ കൊതുക്‌ പരത്തുന്ന ഡെങ്കിപ്പനി. യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ്‌ പ്രിവന്‍ഷന്‍ ആന്‍ഡ്‌ കണ്‍ട്രോളിന്റെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം നവംബര്‍ വരെ എണ്‍പതിലധികം രാജ്യങ്ങളിലായി 45 ലക്ഷം പേര്‍ ഡെങ്കിപ്പനി ബാധിതരാകുകയും 4000ലധികം പേര്‍ ഇത്‌ മൂലം മരണപ്പെടുകയും ചെയ്‌തു. 

kollam-dengue-fever
ചിത്രം∙മനോരമ

ആഗോള താപനവും ഉയരുന്ന താപനിലയും ഡെങ്കിപ്പനിയുടെ തീവ്രതയില്‍ മാറ്റമുണ്ടാക്കുന്നതായി രാജീവ്‌ ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു. ഡെങ്കിപ്പനിക്കെതിരെ വാക്‌സീന്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഇന്ത്യയിലടക്കം പുരോഗമിക്കുന്നുണ്ട്‌. 

2. അജ്ഞാത ന്യുമോണിയ
ഈ വര്‍ഷം അവസാനത്തോടെ ചൈനയും അമേരിക്കയും അടക്കമുള്ള രാജ്യങ്ങളില്‍ പടര്‍ന്ന വിചിത്രമായ ന്യൂമോണിയയും ലോകത്തെ ആശങ്കയിലാഴ്‌ത്തി. പ്രധാനമായും കുട്ടികളില്‍ കാണപ്പെട്ട ഈ ന്യൂമോണിയയുടെ മുഖ്യ ലക്ഷണം ഉയര്‍ന്ന ഗ്രേഡിലുള്ള പനിയാണ്‌. 

Representative image. Photo Credit: nensuria/istockphoto.com
Representative image. Photo Credit: nensuria/istockphoto.com

3. കൊതുക്‌ പരത്തുന്ന രോഗങ്ങള്‍
ഡെങ്കിപ്പനിക്ക്‌ പുറമേ കൊതുക്‌ പരത്തുന്ന സിക്ക വൈറസും ചിക്കുന്‍ഗുനിയയും ആരോഗ്യമേഖലയ്‌ക്ക്‌ ഈ വര്‍ഷവും വെല്ലുവിളി ഉയര്‍ത്തി. കാലാവസ്ഥയിലെ മാറ്റങ്ങളും നഗരവത്‌ക്കരണവും ഇത്തരം രോഗങ്ങളുടെ വ്യാപനത്തിന്‌ കാരണമായി. ലോകത്തില്‍ ഇതാദ്യമായി ചിക്കുന്‍ഗുനിയക്ക്‌ വാക്‌സീന്‍ കണ്ടെത്താനായത്‌ ഈ വര്‍ഷത്തെ ശുഭപ്രതീക്ഷയായി മാറി. 

Representative image. Photo Credit:appledesign/istockphoto.com
Representative image. Photo Credit:appledesign/istockphoto.com

4. കളം വിടാതെ കോവിഡ്‌
പുതിയ വകഭേദങ്ങളുമായി കോവിഡ്‌19 ഇനിയും വിട്ടു പോകാതെ നില്‍ക്കുന്ന കാഴ്‌ചയാണ്‌ 2023ല്‍ നാം കണ്ടത്‌. പുതിയ വാക്‌സീനുകളും പുതിയ നിരവധി പഠനങ്ങളും ഈ വര്‍ഷം കോവിഡിനെ ചുറ്റിപറ്റിയുണ്ടായി. കോവിഡ്‌ ബാധിച്ചവര്‍ക്കുണ്ടാകുന്ന ദീര്‍ഘകാല പ്രശ്‌നങ്ങളും ചര്‍ച്ചയായി. കോവിഡിന്‌ ശേഷം യുവാക്കളിലെ ഹൃദ്രോഗത്തിലുണ്ടായ വര്‍ധനയും ലോകം ആശങ്കയോടെയാണ്‌ നോക്കി കാണുന്നത്‌. 

5. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍
മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക്‌ കൂടുതല്‍ ശ്രദ്ധ ലഭിച്ച വര്‍ഷം കൂടിയാണ്‌ 2023. മാനസികാരോഗ്യം ഒരു സാര്‍വദേശീയ മനുഷ്യാവകാശമായി അംഗീകരിക്കപ്പെട്ടതും ഇതിനെ പറ്റി കൂടുതല്‍ പേര്‍ തുറന്ന്‌ സംസാരിച്ചു തുടങ്ങിയതും ശുഭകരമായ മാറ്റങ്ങളാണ്‌. കോവിഡിന്‌ ശേഷം കൂടുതല്‍ പഠനങ്ങളും ചര്‍ച്ചകളും ഈ മേഖലയില്‍ നടക്കുന്നുണ്ട്‌. 

Representative Image. Photo Credit : Stock_colors / iStockPhoto.com
Representative Image. Photo Credit : Stock_colors / iStockPhoto.com

6. ആന്റിബയോട്ടിക്‌ പ്രതിരോധം
നിരന്തരമായ ഉപയോഗം മൂലം പല അണുക്കളും കൈവരിച്ച ആന്റിബയോട്ടിക്‌ പ്രതിരോധം നമ്മുടെ ഭാവിയെ തുറിച്ചു നോക്കുന്ന വലിയൊരു പ്രശ്‌നമായും ഈ വര്‍ഷം ഉയര്‍ന്നു വന്നു. അനാവശ്യമായി ആന്റിബയോട്ടിക്‌ കുറിക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടനയടക്കം മുന്നറിയിപ്പ്‌ നല്‍കേണ്ട സാഹചര്യവും ഉണ്ടായി. 

English Summary:

Diseases in 2023, Year Ender

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com