ADVERTISEMENT

ഒരു മാസം കൊണ്ട് 10 കിലോ കുറയ്ക്കുക എന്നത് നടക്കുന്ന കാര്യമാണോ? ആരോഗ്യപരമായി നോക്കിയില്‍ നടക്കാൻ തീരെ ചാൻസില്ല. എന്നാൽ പല കുറുക്കുവഴികളിലൂടെയും ഇതൊക്കെ നടത്തിയെടുക്കുന്ന ആളുകളുമുണ്ട്. ഭാരം കുറയ്ക്കാൻ പട്ടിണി കിടക്കുന്നതും കൂടുതൽ സമയം ജിമ്മിൽ ചെലവഴിക്കുന്നതൊന്നും ശരീരത്തിന് ആരോഗ്യകരമായ രീതിയിൽ ആയിരിക്കില്ല ഫലം ചെയ്യുന്നത്. അതുകൊണ്ട് ആരോഗ്യത്തെ മോശമായി ബാധിക്കില്ലെന്ന് ഉറപ്പുള്ള രീതിയിൽ വേണം ശരീരഭാരം കുറയ്ക്കുന്നത്. ഒറ്റയടിക്ക് വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാതെ സമയമെടുത്ത് ഭാരം കുറയ്ക്കാൻ ഈ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

ഉറക്കത്തിനു പ്രാധാന്യം
ഉറക്കം കുറഞ്ഞാൽ വിഷാദം, ഹൃദ്രോഗം, ഭാരം കൂടുക തുടങ്ങിയ പല പ്രശ്നങ്ങൾക്കുമുള്ള സാധ്യതകൾ കൂടുതലാണെന്ന് അറിയാമോ? അതുകൊണ്ട് ഉറക്കം കൃത്യമാക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എല്ലാ ദിവസവും ഏഴ് എട്ട് മണിക്കൂർ ഉറങ്ങാന്‍ ശ്രദ്ധിക്കണം. എന്തൊക്കെ ചെയ്തിട്ടും ശരീരഭാരം കൂടുന്നുവെന്നു പരാതിപ്പെടുന്നവർ ഒന്നു ചിന്തിച്ചു നോക്കൂ, 'ഞാൻ ശരിയായി ഉറങ്ങുന്നുണ്ടോ?' എന്ന്.

Representative Image. Photo Credit : Syda Productions / Shutterstock.com
Representative Image. Photo Credit : Syda Productions / Shutterstock.com

ഇരുത്തം കുറയ്ക്കാം
ഇരുന്നുള്ള ജോലി ശരീരത്തിനുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ചെറുതല്ല. ആയുർദൈർഘ്യത്തെ തന്നെ ബാധിക്കാം എന്നാണ് പഠനങ്ങൾ വ്യക്തമാക്കിയിട്ടുള്ളതും. ഇരുന്നുള്ള ജോലിക്കിടയിലും ഓരോ മണിക്കൂറിലും 5 മിനുട്ട് നടന്നാൽ ആരോഗ്യത്തെ സംരക്ഷിക്കാം. ഇടയ്ക്ക് ഇടവേളകൾ എടുക്കുന്നത് ഉന്മേഷം വർധിപ്പിക്കുകയും ജോലി മികച്ചതാക്കുകയും ചെയ്യുന്നു. 

അൽപനേരം ധ്യാനം
മെഡിറ്റേഷൻ പലർക്കും പല രീതിയിലാവാം ഫലം ചെയ്യുന്നത്. ചിലർക്ക് സമാധാനം കിട്ടുമെങ്കിൽ ചിലർക്ക് സന്തോഷം. മനസ്സ് ശാന്തമാകാൻ, കാര്യങ്ങൾ വ്യക്തതയോടെ മനസ്സിലാക്കാൻ വളരെ കുറച്ചുനേരത്തെ ധ്യാനത്തിനു പോലും സാധിക്കും. മാനസികാരോഗ്യം നിലനിർത്താനും നെഗറ്റീവ് ചിന്തകളെ ഓടിക്കാനും ഇതിനെക്കാൾ നല്ല വഴിയുണ്ടാവില്ല. ഇത് ആരോഗ്യത്തിനു നല്ലത്, ശരീരഭാരം കൃത്യമായ രീതിയിൽ കുറയ്ക്കാനും ചിട്ടയായി ജീവിക്കാനും സഹായിക്കും.

Representative image. Photo Credit: mimagephotography/Shutterstock.com
Representative image. Photo Credit: mimagephotography/Shutterstock.com

സെൽഫ് കെയർ
തിരക്കുകൾക്കിടയിൽ സ്വന്തം താൽപര്യങ്ങളിലും സന്തോഷത്തിലും വിട്ടുവീഴ്ച ചെയ്യുന്നവരായിരിക്കും നമ്മളിൽ പലരും. എന്നാൽ സ്വന്തം കാര്യങ്ങൾക്കു വേണ്ടി സമയം കണ്ടെത്തുന്നതും ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്നതും സ്വാർഥതയല്ല. തിരക്കുകൾക്കിടയിലും സ്വന്തം മാനസികവും ശാരീരികവുമായ ആരോഗ്യത്തിനു വേണ്ടി നിർബന്ധമായും സമയം കണ്ടെത്തുക തന്നെ വേണം. ആരോഗ്യം മെച്ചപ്പെടുത്താൻ ജിമ്മിൽ പോകണമെന്ന് നിർബന്ധമില്ല. ഡാൻസ് ചെയ്യുകയോ ട്രെക്കിങ്ങിനു പോവുകയോ ചെയ്യാം, ആരോഗ്യത്തിനും നന്ന്, മനസ്സിനും സന്തോഷം.

പട്ടിണി വേണ്ട
ശരീരഭാരം കുറയ്ക്കാന്‍ ആദ്യം ചെയ്യുന്ന പണിയാണല്ലോ ഭക്ഷണം കഴിക്കുന്നതിലുള്ള നിയന്ത്രണം. ഇഷ്ടമുള്ള ഭക്ഷണങ്ങളെല്ലാം ഉപേക്ഷിച്ച് ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് ഡയറ്റ് ചെയ്യുന്ന പലർക്കും പിന്നീട് പല  ആരോഗ്യപ്രശ്നങ്ങളും നേരിടേണ്ടി വരാറുണ്ട്. പോഷകസമ്പുഷ്ടമായ ഭക്ഷണം കഴിച്ച് വേണം ഭാരം കുറയ്ക്കാൻ. ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുക എന്നതിലൂടെ പട്ടിണി കിടക്കുകയല്ല ഉദ്ദേശിക്കുന്നത് എന്ന ബോധ്യവുമുണ്ടാകണം. 

ഈ വർഷം ഇത്തരം ചില തീരുമാനങ്ങളുമായി മുന്നോട്ട് പോകാൻ ശ്രമിച്ചു നോക്കു. കൈവിട്ടുപോയ ആരോഗ്യത്തെയും തിരികെപ്പിടിക്കാം.

പട്ടിണി കിടന്നാൽ  അമിതവണ്ണം കുറയുമോ: വിഡിയോ

English Summary:

Healthy way to lose weight without compromising Mental and Physical Health

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com