കൂടുമാറ്റത്തോട് ഇണങ്ങാൻ പഠിക്കാം, മുതിർന്ന പൗരന്മാർക്കും വേണം സന്തോഷം
Mail This Article
വർഷങ്ങളോളം ജീവിച്ച നാടും വീടും വിട്ട് ഏക മകളുടെ ഒപ്പം നഗരത്തിലെ ഫ്‌ളാറ്റിൽ പാർക്കാൻ വന്ന വിധവയായ അമ്മയ്ക്ക് പരാതിയും പരിഭവങ്ങളും ധാരാളം. തൊട്ടതിനും പിടിച്ചതിനുമൊക്കെ ദേഷ്യം.
മക്കൾ ജോലി ചെയ്യുന്ന ഇടങ്ങളിലേക്ക് ഇങ്ങനെ വയോജനങ്ങൾ പോകേണ്ട സാഹചര്യം കേരളത്തിൽ പലപ്പോഴും ഉണ്ടാകാറുണ്ട്. അന്യദേശങ്ങളിൽ ജോലിക്കായി സ്ഥിരതാമസമാക്കിയ മക്കളുടെ ആവശ്യങ്ങൾക്കായി അങ്ങോട്ട് താൽക്കാലികമായി പോകുന്നവരുണ്ട്. കുട്ടികളെ നോക്കലും പ്രസവ ശുശ്രുഷയുമൊക്കെ ഇതിൽ പെടും. പരിചാരകരുടെ പണി തന്നുവെന്ന പരിഭവം വേണ്ട. ഇതൊക്കെയാണ് ജീവിത സായാഹ്നത്തിലെ സന്തോഷമെന്ന മനോഭാവം ഉണ്ടാകണം. ചെയ്യാവുന്നതൊക്കെ ചെയ്തും ചുമതലകൾ ഏറ്റെടുത്തുമൊക്കെ സംതൃപ്തി കണ്ടെത്താൻ ശ്രദ്ധിക്കണം.
സ്ഥിരമായി താമസം മാറേണ്ടി വരുന്നവരുമുണ്ട്. മാതാപിതാക്കൾ ഒറ്റയ്ക്ക് താമസിക്കുന്നതിന്റെ വെല്ലുവിളികളും അവർ ഒപ്പമുണ്ടെങ്കിലുള്ള സഹായങ്ങളുമൊക്കെ മക്കൾ ചൂണ്ടിക്കാണിക്കും. അതിലെ ശരികൾ ഉൾക്കൊള്ളാൻ ശ്രമിക്കണം. മുതിർന്ന പൗരന്മാർക്കുമുണ്ടായേക്കും വിഷമങ്ങളുടെ ലിസ്റ്റ്. ചിരപരിചിതമായ പരിസരത്തിൽ നിന്നു പറിച്ചു മാറ്റപ്പെടുമ്പോഴുള്ള വിഷമങ്ങളുണ്ടാകും. മരണം വരെ എന്റെ വീട്ടിൽ തന്നെ കഴിയണമെന്നു വിചാരിക്കുന്ന കടുംപിടുത്തക്കാരുമുണ്ടാകും. ഇതിനെയൊക്കെ മയപ്പെടുത്താതെ പറ്റില്ല.
ഇത്തരത്തിലുള്ള വീടുമാറ്റങ്ങളും നാടുവിടലുമൊക്കെ അനിവാര്യമാകുന്ന കാലഘട്ടമാണിതെന്ന യാഥാർഥ്യം അംഗീകരിക്കണം.
എവിടെ ചെന്നാലും അതാണ് എന്റെ മധുര മനോജ്ഞ ഭവനമെന്ന മനോഭാവം രൂപപ്പെടുത്താൻ മനസ്സൊരുക്കണം. നിരാശയോടെയല്ല, ആഹ്ലാദത്തോടെയാണ് പോകേണ്ടത്. അധീശഭാവം കൈവെടിയാം. ആ വീട്ടിലെ എല്ലാ കാര്യങ്ങളുടെയും നായകത്വം മക്കൾ വഹിക്കട്ടെ. മാർഗനിർദേശങ്ങൾ മാത്രം നൽകാം.
ജീവിത സാഹചര്യത്തിൽ വ്യത്യാസങ്ങൾ ഉണ്ടാകാം. മുറ്റമില്ല, കിണറ്റിലെ വെള്ളമില്ല, മുങ്ങിക്കുളിക്കാൻ കുളമില്ല എന്നൊക്കെയുള്ള പരിഭവങ്ങൾ വെടിഞ്ഞ് പുതിയ സാഹചര്യങ്ങളുമായി ഇണങ്ങാൻ ശ്രമിക്കണം. ചെറിയ തോതിലെങ്കിലും പുതിയ സാമൂഹിക ബന്ധങ്ങളുണ്ടാക്കണം. വീടും കൂടും എവിടെയായാലും 'ഹാപ്പി'യായിരിക്കണം എന്നതാകട്ടെ പുതിയകാല ജീവിതമന്ത്രം.
(എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ സീനിയർ സൈക്യാട്രിസ്റ്റ് ആണ് ലേഖകൻ.)
പ്രമേഹം ചികിത്സിച്ചു മാറ്റാമോ: വിഡിയോ