ADVERTISEMENT

പ്രായമായെന്നു കരുതി വീട്ടിൽ വെറുതെയിരുന്നു വിശ്രമിക്കാൻ വാസുദേവൻ പിള്ളയ്ക്കും (82) ഭാര്യ ശാന്തകുമാരിയമ്മയ്ക്കും (73) മനസ്സുവന്നില്ല. ഒരു നാടിന്റെ മുഖച്ഛായ മാറ്റാനായി അവർ മുന്നിട്ടിറങ്ങിയപ്പോൾ, ഒരു കാലത്ത് മാലിന്യകേന്ദ്രമായി ദുർഗന്ധം പടർത്തിയിരുന്ന റോഡരിക് ഇന്ന് സുഗന്ധം പകരുന്ന പൂക്കളാൽ സമൃദ്ധം. പത്തനംതിട്ട മല്ലപ്പള്ളി കൊറ്റനാട് പഞ്ചായത്തിലെ ചാലാപ്പള്ളി - കോട്ടാങ്ങൽ റോഡിന്റെ ഇരുവശവും നിറഞ്ഞുകവിഞ്ഞു നിൽക്കുന്ന മനോഹരമായ പൂന്തോട്ടം നാട്ടുകാരുടെയും വഴിയാത്രക്കാരുടെയും പ്രിയപ്പെട്ട സെൽഫി പോയിന്റാണിപ്പോൾ. വിവാഹ ഫോട്ടോഷൂട്ടുകളുടെ ഇഷ്ടലൊക്കേഷനും.

അന്ന് മാലിന്യമെറിഞ്ഞു; ഇന്നു ഫൊട്ടോഷൂട്ട്
വാസുദേവൻ പിള്ളയും ശാന്തകുമാരിയമ്മയും ഏറ്റുമാനൂരിൽ ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോൾ അവിടെ കണ്ട മനോഹരമായ പൂക്കളിൽ നിന്നു കുറച്ച് വിത്തുകൾ ശേഖരിച്ച് വീട്ടുവളപ്പിൽ പാകി കിളിർപ്പിച്ചാണ് വീടിനു സമീപത്തെ വഴിയരികിനെ പൂന്തോട്ടമാക്കാനിറങ്ങിയത്. ഒരുകാലത്ത് റോഡിന്റെ ഇരുവശവും മാലിന്യം തള്ളുന്ന സ്ഥലമായിരുന്നതിനാൽ മൂക്കുപൊത്താതെ ഇതുവഴി സഞ്ചരിക്കാൻ പറ്റാത്ത സ്ഥിതിയായിരുന്നു. വാഹനങ്ങളിൽ പോകുന്നവരടക്കം മാലിന്യങ്ങൾ വലിച്ചെറിയുന്ന കാഴ്ച പതിവായിരുന്നെന്ന് നാട്ടുകാർ ഓർക്കുന്നു. ഇന്ന് ഈ പ്രദേശത്തുകൂടി കടന്നുപോകുമ്പോൾ വിവിധ നിറങ്ങളിലുള്ള പൂക്കൾ നിറഞ്ഞുനിൽക്കുന്ന ഇതേ റോഡരികിൽ ഒന്നു വാഹനം നിർത്തി പൂക്കളുടെ ഭംഗി ആസ്വദിച്ചും ഫൊട്ടോയെടുത്തും പോകാത്തവർ കുറവാണ്. പൂക്കളുടെ അരിയും തൈകളും ഇവിടെ നിന്നു ശേഖരിച്ചു കൊണ്ടുപോകുന്ന നാട്ടുകാരും ധാരാളം.

കൊറ്റനാട് ചാലാപ്പള്ളി പുളിയനാനിക്കൽ വീട്ടിൽ പോകാൻ ഓട്ടോക്കാർക്ക് വഴി ചോദിക്കേണ്ട ആവശ്യമില്ല ഇപ്പോൾ. വഴിയരികിലെ ചെടികൾ മാത്രമല്ല, സ്വന്തം പുരയിടത്തിൽ പച്ചമരുന്നുകൾ, പനിക്കൂർക്ക, എരിക്ക്, ആവണക്ക്, രാമതുളസി, കൃഷ്ണതുളസി, ആടലോടകം, കുറുന്തോട്ടി തുടങ്ങിയവയും നട്ടിട്ടുണ്ട് ഇവർ. കപ്പ, പ്ലാവ്, മാവ്, തെങ്ങ്, ജാതി തുടങ്ങിയവയുമുണ്ട്.

‘പ്രായമായില്ലേ, വീട്ടിൽ അടങ്ങിയിരുന്നുകൂടേ?’
രാവിലെ തന്നെ ഇരുവരും പൂക്കളുടെ പരിപാലനത്തിനായി ഇറങ്ങും. ഇതിനായി ചിലപ്പോൾ ജോലിക്ക് ആളിനെയും നിർത്താറുണ്ട്. ‘വയസ്സുകാലത്ത് വീട്ടിൽ അടങ്ങിയിരിക്കാൻ’ ആദ്യകാലത്ത് നാട്ടുകാരിൽ പലരും ഉപദേശിക്കുമായിരുന്നു. ആദ്യമൊക്കെ കേൾക്കുമ്പോൾ അല്പം പ്രയാസം തോന്നിയിട്ടുണ്ടെങ്കിലും പിന്നീട് അത് വകവയ്ക്കാതായി. അന്നു തള്ളിപ്പറഞ്ഞവർ പോലും ഇപ്പോൾ സ്‌നേഹപ്പൂക്കൾ ചൊരിയുന്നു. കൊറ്റനാട് പഞ്ചായത്തിൽ മാലിന്യമുക്ത കേരളം പദ്ധതിക്ക് നൂതനമാർഗം കാട്ടിയ ഈ ദമ്പതികൾക്ക് അംഗീകാരമായി ഫലകവും ലഭിച്ചിട്ടുണ്ട്. മക്കളായ ഡോ.പി.വി. അനിൽകുമാർ (എംജി സർവകലാശാല), അനിത പ്രസാദ്, അജിത സോമരാജൻ നായർ എന്നിവരുടെ മാനസിക പിന്തുണയും ഇവർക്കുണ്ട്. പൊതുസ്ഥലങ്ങളിൽനിന്നു മാലിന്യത്തെ തുടച്ചുമാറ്റാൻ എല്ലാവരും തങ്ങളാൽ കഴിയുന്നത് ചെയ്യണമെന്നാണ് ഇവർക്ക് അഭ്യർഥിക്കാനുള്ളത്.

ദുർഗന്ധം പടിക്ക് പുറത്ത്; പൂന്തോട്ടമൊരുക്കി ഒല്ലൂർ മാർക്കറ്റ് - വിഡിയോ

English Summary:

The couple turned the garbage dump into a roadside garden

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com