ADVERTISEMENT

ഓട്ടം, ചാട്ടം, ജിം, വര്‍ക് ഔട്ട്, ഡയറ്റ് എന്നിങ്ങനെ ഭാരം കുറയ്ക്കാന്‍ നമ്മളില്‍ പലരും പഠിച്ച പണി പതിനെട്ടും പയറ്റാറുണ്ട്. എന്നാല്‍ ഇതൊന്നുമില്ലാതെ പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ നിങ്ങളുടെ ഭാരം കുറയാന്‍ തുടങ്ങിയാല്‍, 'ഇതിപ്പോ ലാഭായല്ലോ' എന്ന് കരുതി സന്തോഷിക്കരുത്. അകാരണമായ ഭാരനഷ്ടം ചിലപ്പോള്‍ അര്‍ബുദം പോലുള്ള മാരക രോഗങ്ങളുടെ ലക്ഷണമാകാം. അകാരണമായി ഭാരക്കുറവ് അനുഭവപ്പെട്ടവര്‍ക്ക് ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ അര്‍ബുദം നിര്‍ണ്ണയിക്കാനുള്ള സാധ്യത അധികമാണെന്ന് ഡാന-ഫാര്‍ബര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു. 

അന്നനാളി, വയര്‍, കരള്‍, ബൈലിയറി ട്രാക്ട്, പാന്‍ക്രിയാസ്, ശ്വാസകോശം, വന്‍കുടല്‍, മലാശയം എന്നിവയുമായി ബന്ധപ്പെട്ട അര്‍ബുദങ്ങള്‍, നോണ്‍-ഹോജ്കിന്‍ ലിംഫോമ, മള്‍ട്ടിപ്പിള്‍ മെലനോമ, ലുക്കീമിയ പോലുള്ള അര്‍ബുദങ്ങള്‍ എന്നിവയെല്ലാം ഭാരനഷ്ടവുമായി ബന്ധപ്പെട്ടിരിക്കുന്നതായി പഠനറിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ സ്തനാര്‍ബുദം, ജെനിറ്റോയൂറിനറി അര്‍ബുദം, തലച്ചോറിനെ ബാധിക്കുന്ന അര്‍ബുദം, മെലനോമ എന്നിവയുമായി ഭാരനഷ്ടത്തിനു ബന്ധം കണ്ടെത്താന്‍ സാധിച്ചില്ലെന്ന് ഗവേഷകര്‍ പറയുന്നു. 

ഹ്യൂമൻ പാപിലോമ വൈറസിൽനിന്ന്  രക്ഷനേടാൻ  ബോധവൽക്കരണത്തിന് തുടക്കമിട്ട് അബുദാബി പൊതുആരോഗ്യവിഭാഗം. Image Credits: simarik/Istockphoto.com
Representative image. Photo Credit: Simarik/istockphoto.com

1976ല്‍ ആരംഭിച്ച നഴ്‌സസ് ഹെല്‍ത്ത് പഠനത്തിലെയും 1986ല്‍ ആരംഭിച്ച ഹെല്‍ത്ത് പ്രഫഷണല്‍സ് ഫോളോ അപ്പ് പഠനത്തിലെയും ഡേറ്റ ഉപയോഗിച്ചാണ് ഗവേഷണം നടത്തിയത്. 30നും 55നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ആദ്യ പഠനത്തിലും 40നും 75നും ഇടയില്‍ പ്രായമുള്ള പുരുഷന്മാര്‍ രണ്ടാം പഠനത്തിലും ഉള്‍പ്പെടുന്നു. പഠനത്തില്‍ ഉള്‍പ്പെട്ട 1,57,474 പേര്‍ 2016 വരെ നിരീക്ഷിക്കപ്പെട്ടു. 

അര്‍ബുദത്തിന്റെ ആദ്യ ഘട്ടങ്ങളിലും അവസാന ഘട്ടങ്ങളിലും സമാനമായ തോതിലുള്ള ഭാരനഷ്ടം നിരീക്ഷിച്ചതായി ഗവേഷകര്‍ പറയുന്നു. ജേണല്‍ ഓഫ് ദ അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷനില്‍ ഗവേഷണഫലം പ്രസിദ്ധീകരിക്കപ്പെട്ടു. അര്‍ബുദത്തിനു പുറമേ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രശ്‌നങ്ങള്‍, ക്രോണ്‍സ് ഡിസീസ്, ഹൃദയാഘാതം, അഡ്രിനല്‍ ഗ്രന്ഥിയെ ബാധിക്കുന്ന അഡിസണ്‍സ് രോഗം, പാര്‍ക്കിന്‍സണ്‍സ് രോഗം, എയ്ഡ്‌സ്, പെപ്റ്റിക് അള്‍സര്‍, അള്‍സറേറ്റവ് കോളിറ്റിസ്, വിഷാദരോഗം, ദന്തരോഗങ്ങള്‍, സീലിയാക് രോഗം, പ്രമേഹം, പാന്‍ക്രിയാസ് വീര്‍ക്കല്‍, അമിത മദ്യപാനം, ലഹരിമരുന്ന് ഉപയോഗം, മറവിരോഗം, ഡിസ്ഫാജിയ എന്നിവയും ശരീരഭാരം കുറയ്ക്കാം. അകാരണമായി ഭാരനഷ്ടം അനുഭവപ്പെടുന്നവര്‍ ഡോക്ടറെ ഉടനടി കണ്ട് ആവശ്യമായ പരിശോധനകള്‍ നടത്തേണ്ടതാണ്. 

കാൻസറിനെ തോൽപ്പിച്ച കൊച്ചുമിടുക്കി: വിഡിയോ

English Summary:

Unintended weightloss can be a symptom of cancer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com