ADVERTISEMENT

ആർത്തവകാലത്ത് തുണിയായിരുന്നല്ലോ പണ്ട് സ്ത്രീകൾ ഉപയോഗിച്ചിരുന്നത്. അതിനു ശേഷം സാനിറ്ററി പാഡുകൾ സുലഭമായപ്പോഴും പലരും പേടിയും വ്യക്തമായ അറിവില്ലാത്തതിനാലും തുണി തന്നെയാണ് ഉപയോഗിച്ചത്. കാലം കടന്നു പോയപ്പോൾ ടാംപോണും മെൻസ്ട്രുവൽ കപ്പുമെല്ലാം വിപണികൾ പിടിച്ചെടുത്തു. ഇരുന്നിടത്തു നിന്ന് എഴുന്നേൽക്കുമ്പോൾ ഇട്ടിരിക്കുന്ന വസ്ത്രത്തില്‍ ചോരക്കറ പുരണ്ടോ എന്ന ആശങ്കയും, ഒട്ടും സുഖകരമല്ലാത്ത ഇരിപ്പും കിടപ്പുമെല്ലാം സ്ത്രീകൾ ഒഴിവാക്കിയത് മെൻട്രുവൽ കപ്പിന്റെ വരവോടെയാണ്. ഇന്നും സാനിറ്ററി പാഡുകൾ ഉപയോഗിക്കുന്നവർ കുറവല്ല, എന്നാൽ ആരോഗ്യത്തിനും പരിസ്ഥിതിയ്ക്കുമെല്ലാം പാഡിനേക്കാള്‍ നല്ലത് കപ്പ് തന്നെ.

മാസം തോറും സാനിറ്ററി പാഡുകൾ വാങ്ങുന്ന ചെലവും അത് കൃത്യമായി നശിപ്പിച്ചു കളയുന്നതിലെ പ്രയാസങ്ങളും അനുഭവിച്ചുവരുന്നവർക്ക് ആശ്വാസമാണ് മെൻസ്ട്രുവൽ കപ്പുകൾ. കുടുംബ ബജറ്റിൽ ലാഭമുണ്ടാക്കാനും സഹായിക്കും. ഒരു സ്ത്രീ ഏകദേശം 200 രൂപയാണ് സാനിറ്ററി നാപ്കിൻ വാങ്ങിക്കാൻ ഒരു മാസം ചെലവിടുന്നത്. അങ്ങനെയാവുമ്പോൾ ഒരു വർഷം ചെലവ് 2400 ആണ്. രണ്ട് സ്ത്രീകൾ ഉള്ള വീട്ടിൽ 4800 രൂപയാണ് ഒരു വർഷം ചെലവ്. 5 വർഷത്തേക്ക് 24000 രൂപയാവും. മെൻസ്ട്രുവൽ കപ്പ് ആണെങ്കിൽ 5 വർഷത്തേക്ക് ഒന്ന് മതി. ചെലവ് 500 രൂപയിൽ താഴെ. രണ്ടു സ്ത്രീകൾ ഉള്ള കുടുംബത്തിൽ ആണെങ്കിൽ 1000 രൂപ മതി 5 വർഷത്തേക്ക്, അങ്ങനെയാകുമ്പോൾ ലാഭം 23000 രൂപ .

menstrual-cup-dragana991-istock-com
Representative image. Photo Credit: dragana991/istockphoto.com

മെഡിക്കേറ്റഡ് സിലിക്കൺ വച്ചുണ്ടാക്കുന്ന ഈ കപ്പ് പല വലുപ്പത്തില്‍ ലഭ്യമാണ്. ഏതു രീതിയിൽ വേണമെങ്കിലും ആകൃതി വ്യത്യാസം വരുത്താവുന്ന മെറ്റീരിയൽ ആയതിനാൽ യോനിക്കു‍ള്ളിൽ വയ്ക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല.  ആദ്യ ഉപയോഗത്തിനു മുൻപ് 5–10 മിനുട്ട് തിളച്ചവെള്ളത്തിൽ മുക്കി തുടച്ചെടുക്കണം. രക്തസ്രാവത്തിന്റെ തോത് അനുസരിച്ച് കപ്പ് മാറ്റേണ്ട സമയം വ്യത്യസ്തമായിരിക്കും. എങ്കിലും 8 മണിക്കൂർ ആകുമ്പോഴെങ്കിലും പുറത്തെടുക്കുന്നതാണ് നല്ലത്. രക്തം കളഞ്ഞ് സാധാരണ വെള്ളത്തില്‍ വൃത്തിയായി കഴുകിയെടുത്ത് തിരികെ വയ്ക്കാം. ഒരു കപ്പ് പരമാവധി  10 വർഷം വരെ ഉപയോഗിക്കാവുന്നതാണ്.

menstrual-cup-graphical
ചിത്രം∙മനോരമ

എത്ര കാലം  ഉപയോഗിക്കാം 
ഒരെണ്ണം വാങ്ങിയാൽ 5 മുതൽ 10 വർഷമെങ്കിലും ഉപയോഗിക്കാം (ബ്രാൻഡുകൾ അനുസരിച്ച്). 12 മണിക്കൂർ വരെ കപ്പ് തുടർച്ചയായി ഉപയോഗിക്കാം. കൂടുതൽ ബ്ലീഡിങ് ഉള്ളവർക്ക് നാലഞ്ച് മണിക്കൂർ കൂടുമ്പോൾ പുറത്തെടുത്ത് രക്തം നീക്കം ചെയ്ത ശേഷം ശുദ്ധജലത്തിൽ കഴുകി വീണ്ടും ഉപയോഗിക്കാം. ശാരീരിക പ്രശ്നങ്ങൾ ഉണ്ടായാൽ ഡോക്ടറുടെ സേവനം ഉറപ്പാക്കണം.

English Summary:

Benefits of using Menstrual Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com