മെന്‍സ്‌ട്രുവല്‍ കപ്പ് ഏത് വലുപ്പത്തിലുള്ളത് തിരഞ്ഞെടുക്കണം? അറിയാം ഈ കാര്യങ്ങള്‍
Mail This Article
ആര്‍ത്തവ കാലത്ത് സാനിറ്ററി പാഡുകള്‍ക്ക് പകരം മെന്‍സ്‌ട്രുവല്‍ കപ്പ് ഉപയോഗിക്കുന്ന സ്‌ത്രീകളുടെ എണ്ണം വർധിച്ചു വരികയാണ്. ആരോഗ്യത്തിനും പരിസ്ഥിതിക്കുമെല്ലാം ഇണങ്ങിയത്, സൗകര്യപ്രദം, ചെലവു കുറവ് എന്നിങ്ങനെ മെന്‍സ്‌ട്രുവല്‍ കപ്പിനെ ആകര്‍ഷകമാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. എന്നാല്‍ പുതുതായി മെന്‍സ്‌ട്രുവല്‍ കപ്പ് വാങ്ങുന്നവരെ പലപ്പോഴും കുഴക്കുന്ന പ്രശ്‌നമാണ് ഏത് വലുപ്പം തിരഞ്ഞെടുക്കണം എന്നത്. മെന്‍സ്‌ട്രുവല്‍ കപ്പ് പല വലുപ്പത്തില്‍ ലഭ്യമാണ്. പൊതുവേ കാണപ്പെടുന്നത് ചെറുതും വലുതുമായ രണ്ട് തരം കപ്പുകളാണ്. ചെറുതിനെ 1, എ എന്നെല്ലാം വിളിക്കും. വലുതിനെ 2 അഥവാ ബി എന്നും വിളിക്കും. എന്നാല്‍ ചില ബ്രാന്‍ഡുകള്‍ക്ക് പല ശ്രേണിയില്‍പ്പെട്ട മെന്‍സ്‌ട്രുവല്‍ കപ്പുകള്‍ ലഭ്യമാണ്. ഇത് വാങ്ങുന്നവര്‍ക്ക് ആശയക്കുഴപ്പം ഉണ്ടാക്കാറുണ്ട്.
പൊതുവേ സ്‌മോള്‍ സൈസില്‍ ലഭ്യമായ കപ്പുകളുടെ വ്യാസം 39 മുതല്‍ 49 മില്ലിമീറ്റര്‍ വരെയാണ്. കപ്പ് തിരഞ്ഞെടുക്കുമ്പോള്‍ ആദ്യം പരിഗണിക്കേണ്ടത് പ്രായമാണ്. പ്രായം സ്‌ത്രീകളുടെ പെല്‍വിക് ഫ്‌ളോര്‍ പേശികളുടെ മുറുക്കത്തെ സ്വാധീനിക്കും. പൊതുവേ ചെറിയ വലുപ്പത്തില്‍പ്പെട്ടവ 30 വയസ്സില്‍ താഴെയുള്ളവര്‍ക്കും വലിയ സൈസുകള്‍ 30ന് മുകളിലുള്ളവര്‍ക്കും അനുയോജ്യമാണ്.
അടുത്തതായി പരിഗണിക്കേണ്ടത് പ്രസവിച്ചിട്ടുണ്ടോ അല്ലെങ്കില്‍ ഗര്‍ഭിണിയാണോ എന്നതാണ്. പ്രസവം പെല്‍വിക് ഫ്‌ളോര്‍ പേശികളെ ദുര്‍ബലമാക്കാറുണ്ട്. ഇതിനാല്‍ പ്രസവിച്ചവര്‍ക്കും ഗര്‍ഭിണികള്‍ക്കും വലിയ കപ്പുകള്‍ ആവശ്യമാണ്. പ്രസവിക്കാത്തവര്‍ക്ക് ചെറിയ കപ്പുകള്‍ അനുയോജ്യമായിരിക്കും. സെര്‍വിക്‌സ് അഥവാ ഗര്‍ഭാശയമുഖത്തിന്റെ ഉയരമാണ് മെന്‍സ്‌ട്രുവല്‍ കപ്പിന്റെ വലുപ്പം നിശ്ചയിക്കുന്ന അടുത്ത ഘടകം. ഉയരം കൂടിയ ഗര്‍ഭാശയമുഖമുള്ളവര്‍ ചെറിയ കപ്പുപയോഗിച്ചാല്‍ അത് പുറത്തെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടാം. യോനിയിലേക്ക് വിരല്‍ കടത്തി ഗര്‍ഭാശയമുഖം എത്ര ഉയരത്തിലാണെന്ന് കണ്ടെത്താവുന്നതാണ്.
സ്ഥിരമായി വ്യായാമം ചെയ്യുന്നവരില്‍ പെല്‍വിക് ഫ്‌ളോര്‍ പേശികള്‍ മുറുകിയിരിക്കുമെന്നതിനാല്‍ ഇവര്‍ക്ക് ചെറിയ കപ്പ് മതിയാകും. ആര്‍ത്തവ സമയത്ത് മിതമായ തോതിലുള്ള രക്തപ്രവാഹമുള്ളവര്‍ക്ക് ചെറിയ കപ്പും ശക്തമായ തോതിലുള്ള രക്തപ്രവാഹമുള്ളവര്‍ക്ക് വലിയ കപ്പും വേണ്ടി വരാം. ചെറിയ കപ്പുകള്‍ 25 മുതല്‍ 27 മില്ലിലീറ്റര്‍ രക്തം ഉള്‍ക്കൊള്ളുമ്പോള്‍ വലിയ കപ്പുകളില്‍ 30 മില്ലിലീറ്റര്‍ വരെ രക്തം ശേഖരിക്കാം.
സ്ഥിരമായി ഉപയോഗിച്ച് തുടങ്ങുമ്പോള്‍ ഏതു വലുപ്പത്തിലുള്ള കപ്പാണ് നിങ്ങള്‍ക്ക് അനുയോജ്യമെന്ന് തിരിച്ചറിയാന്‍ സാധിക്കും. കപ്പ് ചെറുതാണെങ്കില്‍ രക്തം ലീക്ക് ചെയ്യുന്നതും നീക്കം ചെയ്യാന്‍ നേരം എത്തിപ്പിടിക്കാന്‍ ബുദ്ധിമുട്ടുന്നതായും അനുഭവപ്പെടാം. കപ്പ് വലുതാണെങ്കില്‍ കൃത്യമായി ഉള്ളിലേക്ക് വയ്‌ക്കാന്‍ ബുദ്ധിമുട്ട് നേരിടും. കപ്പ് വളരെ വലുതായാല്‍ യോനിക്ക് ചുറ്റുമുള്ള കോശസംയുക്തങ്ങളില്‍ അമിത മര്‍ദ്ദം ചെലുത്തി മൂത്രത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്താനും സാധ്യതയുണ്ട്.