മേക്കപ്പ് മാറ്റാതെയാണോ വ്യായാമം ചെയ്യുന്നത്? നല്ല ശീലമല്ലെന്ന് പഠനങ്ങൾ

Mail This Article
മുഖത്ത് മേക്കപ്പ് ഇടുന്നവരെല്ലാം നിര്‍ബന്ധമായും പിന്തുടരുന്ന ഒരു നിയമമുണ്ട്. രാത്രി ഉറങ്ങുന്നതിന് മുന്‍പ് എല്ലാ മേക്കപ്പും നീക്കം ചെയ്യും. മുഖത്തെ സുഷിരങ്ങള്‍ അടയാതിരിക്കാനും മുഖക്കുരു ഉള്‍പ്പെടെയുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ വരാതിരിക്കാനുമാണ് ഈ മുന്‍കരുതല്‍. എന്നാല്‍ ഈ കരുതല്‍ ഉറങ്ങുന്നതിന് മുന്‍പ് മാത്രമല്ല വ്യായാമം ചെയ്യുന്നതിന് മുന്‍പും വേണമെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
കോസ്‌മെറ്റിക് ഫൗണ്ടേഷന്‍ ഇടുന്നത് പോലും വ്യായാമം ചെയ്യുമ്പോള്‍ ചര്‍മ്മത്തെയും സുഷിരങ്ങളെയും ബാധിക്കാമെന്ന് ജേണല്‍ ഓഫ് കോസ്‌മെറ്റിക് ഡെര്‍മറ്റോളജിയില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു. ആരോഗ്യവാന്മാരായ 43 കോളജ് വിദ്യാര്‍ഥികളിലാണ് പഠനം നടത്തിയത്. ഇതില്‍ 20 പേര്‍ ആണ്‍കുട്ടികളും 23 പേര്‍ പെണ്‍കുട്ടികളുമായിരുന്നു.

ഇവരുടെ മുഖത്തിന്റെ ഒരു പാതിയില്‍ നെറ്റിയിലും കവിളിലുമൊക്കെ ഫൗണ്ടേഷന്‍ ക്രീം പുരട്ടുകയും മറുപാതി ഒന്നും ചെയ്യാതെ വിടുകയും ചെയ്‌തു. വ്യായാമത്തിനു ശേഷം മുഖത്തില്‍ എല്ലായിടത്തും ഈര്‍പ്പം വര്‍ധിച്ചെങ്കിലും മേക്കപ്പ് ചെയ്‌ത ഭാഗത്ത് ഇത് അല്‍പ്പം കൂടുതലായിരുന്നതായി ഗവേഷകര്‍ നിരീക്ഷിച്ചു. വ്യായാമത്തിന് ശേഷം ചര്‍മ്മത്തിലെ സുഷിരങ്ങളുടെ വലുപ്പം മേക്കപ്പ് ഇടാത്ത ഭാഗത്ത് വര്‍ധിച്ച അത്ര മേക്കപ്പ് ഇല്ലാത്ത ഭാഗത്ത് വികസിക്കുന്നില്ലെന്നും ഗവേഷകര്‍ പറയുന്നു. മുഖത്തെ എണ്ണയുടെ സാന്നിധ്യം മേക്കപ്പ് ഇടാത്ത സ്ഥലത്ത് വര്‍ധിക്കുകയും മേക്കപ്പ് ഇട്ട സ്ഥലത്ത് കുറയുകയും ചെയ്‌തു.
ഇക്കാരണങ്ങളാല്‍ വ്യായാമം ചെയ്യുന്നതിന് മുന്‍പ് കഴിവതും മേക്കപ്പ് ഒഴിവാക്കണമെന്നും തീരെ ഒഴിവാക്കാന്‍ പറ്റാത്തവര്‍ ലഘുവായ മേക്കപ്പും എണ്ണയില്ലാത്ത സൗന്ദര്യവര്‍ധക ഉത്‌പന്നങ്ങളും ഉപയോഗിക്കണമെന്നും ഗവേഷണറിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.
നെഞ്ചുവേദന അനുഭവപ്പെട്ടാൽ ആദ്യം ചെയ്യേണ്ടത്: വിഡിയോ