ഇനി സ്ഥലമില്ല എന്നുപറയരുത്; ഇത് 3.2 സെന്റിലെ സാധാരണക്കാരന്റെ 'കൊട്ടാരം'!
Mail This Article
കണ്ണൂർ സ്വദേശിയായ ദീപുവും ഭാര്യ ജയ്സനയും കൊച്ചിയിൽ ഭൂമി മേടിച്ചു വീടു പണിതതിന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു...
ജോലിസംബന്ധമായാണ് ഞങ്ങൾ കണ്ണൂർ നിന്നും കൊച്ചിയിലേക്ക് കൂടുമാറുന്നത്. കുറേക്കാലത്തെ വാടകജീവിതത്തിനുശേഷം സ്വന്തമായി ഒരു കൂട് വേണമെന്ന് തോന്നിയതായിരുന്നു വഴിത്തിരിവ്. അറിയാമല്ലോ, മണ്ണിനു പൊന്നുവിലയാണ് കൊച്ചിയിൽ. ഞങ്ങളുടെ ബജറ്റ് വച്ച് പാലാരിവട്ടത്ത് 3.2 സെന്റ് ഭൂമി വാങ്ങി. അതോടെ വീടിന്റെ ബജറ്റ് കർശനമായി നിയന്ത്രിക്കാൻ തീരുമാനിച്ചു. 35 ലക്ഷത്തിന് മുകളിൽ ഒരു രൂപ പോലും ചെലവഴിക്കില്ല എന്ന് തീരുമാനമെടുത്തു.
അന്വേഷണം ഡിസൈൻ ഷിന്റോയിലേക്കെത്തി. ഞങ്ങൾക്ക് ചെടികൾ വളരെയിഷ്ടമാണ്. പച്ചപ്പിനെ പരമാവധി വീടിനുള്ളിൽ നിറയ്ക്കണം, ഒപ്പം കാറ്റും വെളിച്ചവും നന്നായി കടക്കണം, ചെറിയ പ്ലോട്ടിൽ, ഞെരുങ്ങിയ ബജറ്റിൽ, ഞെരുക്കമില്ലാത്ത വീട്...ആവശ്യങ്ങളുടെ നീണ്ടപട്ടിക ഞങ്ങൾ മുന്നോട്ടുവച്ചു. ഷിന്റോ അതിൻപ്രകാരം പ്ലാൻ വരച്ചു. ഡിസൈൻ ചെയ്തു. വളരെയധികം മുൻവിധികളോടെയാണ് പണിതുടങ്ങിയത്. ഈ ചെറിയ പ്ലോട്ടിൽ ഞങ്ങളുടെ ആഗ്രഹങ്ങൾ എല്ലാം പ്രാവർത്തികമാക്കാൻ കഴിയുമോ എന്നതായിരുന്നു ആശങ്ക. പക്ഷേ ഞങ്ങൾ പ്രതീക്ഷിച്ചതിലും ഭംഗിയായി ഷിന്റോ സ്വപ്നക്കൂട് ഒരുക്കിത്തന്നു.
ബോക്സ് ആകൃതിയാണ് എലവേഷനിൽ നൽകിയത്. ഫ്ലാറ്റ് റൂഫ് വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കാനും സാധിക്കുന്നു. ഓപ്പൺ ടെറസിൽ ജിഐ കൊണ്ട് പർഗോള നൽകി. ഇതിനു താഴെ ഞങ്ങളുടെ സ്വപ്നമായിരുന്ന ഗാർഡൻ ക്രമീകരിച്ചു.
പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, ഒരു കിടപ്പുമുറി എന്നിവയാണ് താഴത്തെ നിലയിൽ ക്രമീകരിച്ചത്. മുകൾനിലയിൽ രണ്ടു കിടപ്പുമുറികൾ, ലിവിങ്, വിനോദമുറി, ബാൽക്കണി, ടെറസ് ഗാർഡൻ എന്നിവയും സജ്ജീകരിച്ചു. ഒരിഞ്ചു സ്ഥലം പോലും വെറുതെ കളയരുത് എന്നു ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു.
ലിവിങ്, ഡൈനിങ് ഓപ്പൺ ഹാളിന്റെ ഭാഗമാണ്. ഗോവണിയുടെ ആദ്യ ലാൻഡിങ്ങിൽ ഇടത്തട്ടു നൽകി ക്രമീകരിച്ച ഫാമിലി ലിവിങ് ഏരിയയാണ് വീടിന്റെ ഹൈലൈറ്റ്. ഇവിടെ ടിവി യൂണിറ്റ് നൽകി. ഇതിനു പുറത്തേക്കുള്ള ജനലുകളിൽ ചെറിയ കട്ടിങ് ഡിസൈൻ നൽകിയതോടെ പുറംകാഴ്ചയും കൗതുകകരമായി. ഗോവണിയുടെ താഴെ വാഷ് ഏരിയ ക്രമീകരിച്ചു. റസ്റ്റിക് ഫിനിഷുള്ള ടൈലാണ് പ്രധാന ഇടങ്ങളിൽ വിരിച്ചത്.
ഊണുമുറിയുടെ ഒരു വശത്തെ ഭിത്തി മുഴുവൻ ഗ്ലാസ് വാതിലുകൾ നൽകി. സുരക്ഷയ്ക്കായി റോളിങ് ഷട്ടറുകളുമുണ്ട്. ഇത് തുറന്നാൽ ചുറ്റുമതിലാണ്. കിഴക്ക് വശത്തുനിന്നുള്ള കാറ്റും വെളിച്ചവും ഇതിലൂടെ വീടിനകത്തേക്ക് വിരുന്നെത്തുന്നു. പകൽ ഫാനും ലൈറ്റും ഇടേണ്ട കാര്യമേയില്ല. നിയമപ്രകാരമുള്ള നാലടി സ്ഥലം നൽകിയാണ് ചുറ്റുമതിൽ നിർമിച്ചത്. ഇതിനിടയ്ക്കുള്ള സ്ഥലം ഉപയോഗിക്കാനൊരു വഴി കണ്ടു. ചുറ്റുമതിലിൽ ജിഐ ട്യൂബ് കൊണ്ട് പില്ലർ നൽകി ഒരു വെർട്ടിക്കൽ ഗാർഡൻ ക്രമീകരിച്ചു.
സ്റ്റോറേജ് ഞങ്ങൾക്ക് ആവശ്യമായിരുന്നു. അതുകൊണ്ട് കിടപ്പുമുറിയുടെ ഒരു ഭിത്തി മുഴുവൻ വാഡ്രോബിനായി മാറ്റിവച്ചു. മൾട്ടിവുഡ്+ ലാമിനേറ്റ് ഫിനിഷിൽ ഓപ്പൺ കിച്ചൻ ക്രമീകരിച്ചു. വൈറ്റ് സ്റ്റെല്ലാർ സ്റ്റോൺ കൗണ്ടറിൽ വിരിച്ചു.
ഉള്ളത് കൊണ്ട് ഓണം മാത്രമല്ല, വിഷുവും ക്രിസ്മസും കൂടി ആഘോഷിച്ച പ്രതീതിയാണ് ഞങ്ങൾക്ക്..സ്ഥലപരിമിതിയോ ബാഹുല്യമോ അല്ല, ഇടങ്ങൾ എങ്ങനെ ഉപയോഗക്ഷമമാക്കുന്നു എന്നതാണ് പ്രധാനം എന്നു വീടുപണി ഞങ്ങളെ ബോധ്യപ്പെടുത്തിത്തന്നു. ഇത് ചെറിയ പ്ലോട്ടിൽ വീടുപണിയാൻ ആഗ്രഹിക്കുന്ന എല്ലാവർക്കുമായി ഞങ്ങൾ പങ്കുവയ്ക്കുന്നു.
ചെലവ് കുറച്ച ഘടകങ്ങൾ
- എലവേഷൻ ലളിതമായി ഒരുക്കി.
- ചതുരശ്രയടി കുറച്ചു പരമാവധി സ്ഥല ഉപയുക്തത നൽകി.
- അകത്തളങ്ങൾ ലളിതമായി അലങ്കരിച്ചു. ചുവരുകൾക്ക് ഇളംനിറങ്ങൾ നൽകി.
- തടി കൊണ്ടുള്ള ഫർണിഷിങ് പരമാവധി കുറച്ചു. പകരം മൾട്ടിവുഡ് ഉപയോഗിച്ചു.
Project Facts
Location- Palarivattom, Ernakulam
Plot- 3.2 cent
Area- 1380 SFT
Owner- Dipu& Jaisna
Designer- Shinto Varghese
Concept Design Studio, Ernakulam
Mob- 9895821633
Budget- 35 Lakhs
Completion year- Feb 2019