ADVERTISEMENT

പഴമയുടെ ഭംഗി നിലനിർത്തിക്കൊണ്ടു പുതിയകാല സൗകര്യങ്ങളിലേക്ക് തറവാടിനെ മാറ്റിയെടുത്ത കഥ കാസർകോട് സ്വദേശി വിജയ് പങ്കുവയ്ക്കുന്നു.

traditional-house-thulasithara

120 വർഷത്തെ പഴക്കമുള്ള തറവാട് ഒരുപാട് ഓർമകളുടെ കൂടാരം കൂടിയാണ്. രണ്ടു തലമുറകളുടെ ചിരിയും കണ്ണീരും സ്വപ്നങ്ങളും മുഖരിതമായിരുന്ന വീട്. കിഴക്കിനിയും പടിഞ്ഞാറ്റിനിയുമുള്ള രണ്ടുകെട്ടു മാതൃകയിലാണ് നിർമാണം. കാലപ്പഴക്കത്തിൽ ക്ഷീണതകൾ ഉണ്ടായപ്പോഴും പൊളിച്ചു കളയാൻ മനസ്സ് അനുവദിച്ചില്ല. ഞങ്ങൾ ജോലിസംബന്ധമായി പുണെയിലാണ് താമസം. ആ സമയത്താണ് ആർക്കിടെക്ട് ശ്യാംകുമാറിന്റെ ഒരു പ്രോജക്ട് കാണുന്നത്. അതാണ് കഥയിലെ വഴിത്തിരിവ്. വീട് പുതുക്കിപ്പണിതു തരാമോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹത്തിനും നൂറുവട്ടം സമ്മതം.

traditional-house-kasargod-view

മരങ്ങളും ചെടികളും തണൽ വിരിക്കുന്ന 24 സെന്റ് പ്ലോട്ടാണുള്ളത്. മഴവെള്ളം കിനിഞ്ഞിറങ്ങുംവിധമാണ് കരിങ്കല്ല് കൊണ്ട് മുറ്റം ഒരുക്കിയത്. പ്രധാന വാതിലിനു നേരെ ദർശനമായുള്ള തുളസിത്തറ വീടിന്റെ ഐശ്വര്യം വർധിപ്പിക്കുന്നു. രണ്ടു നിലകളിലായി രണ്ടു കിടപ്പുമുറികൾ, അടുക്കള, ചുറ്റുവരാന്ത, ഹാൾ എന്നിവയായിരുന്നു തറവാട്ടിൽ ഉണ്ടായിരുന്നത്. അധികം പൊളിച്ചു പണികൾ ഇല്ലാതെ അകത്തളങ്ങൾ മിനുക്കിയെടുക്കുകയാണ് ചെയ്തത്. ഒപ്പം മുറികൾ കൂട്ടിച്ചേർക്കുകയും ചെയ്തു. 2470 ചതുരശ്രയടിയാണ് പുതിയ വിസ്തീർണം. രണ്ടു കിടപ്പുമുറികൾ, മോഡുലാർ കിച്ചൻ, ലിവിങ് -ഡൈനിങ് ഹാൾ എന്നിവയാണ് കൂട്ടിച്ചേർത്തത്. മുറികൾക്ക് അറ്റാച്ഡ് ബാത്റൂം സൗകര്യം നൽകി പരിഷ്കരിച്ചു. പുറംചുവരുകളിലെ ചെങ്കല്ല് മിനുക്കിയെടുക്കുക മാത്രമേ ചെയ്തുള്ളൂ. ചുറ്റുമതിലും കെട്ടിയത് ചെങ്കല്ല് കൊണ്ടാണ്.

ഉത്തരമലബാറിലെ തറവാടുകളിൽ ചുറ്റിലും വരാന്തകൾ നൽകാറുണ്ട്. വെയിലിന്റെ ചൂട് നേരിട്ട് അകത്തളങ്ങളിലേക്ക് പ്രസരിക്കുന്നതിൽനിന്നും ചുറ്റുവരാന്തകൾ സംരക്ഷിക്കുന്നു. ഞങ്ങളുടെ തറവാടിന്റെ നാലു ചുറ്റിലും  വരാന്തകളുണ്ടായിരുന്നു. അതിൽ പൂമുഖത്തും പിൻഭാഗത്തുമുള്ള വരാന്തകൾ നിലനിർത്തിയിട്ടുണ്ട്. ബാക്കി വരാന്തകൾ അകത്തളങ്ങളോട് വിളക്കിച്ചേർത്തു. മുറികൾ കൂട്ടിച്ചേർത്ത ഭാഗത്ത് ട്രസ് വർക്ക് ചെയ്ത് പഴയ ഓട് വിരിച്ചു.

traditional-house-kasargod-inside

തേക്ക്, മഹാഗണി, ഈട്ടി തുടങ്ങിയ തടിപ്പണികളാൽ സമ്പന്നമായിരുന്നു തറവാടിന്റെ അകത്തളങ്ങൾ. പഴയ തടി പുനരുപയോഗിച്ചാണ് ഫർണിഷിങ് ചെയ്തത്. പൊളിച്ചു കളഞ്ഞ ഭാഗങ്ങളുടെ കല്ലുകൾ ഒരെണ്ണം പോലും നഷ്ടമാകാതെ പുനരുപയോഗിച്ചിട്ടുണ്ട്. ഇത് ചെലവ് കുറയ്ക്കാൻ സഹായിച്ചു.

traditional-house-kasargod-nadumuttam

വീട്ടിൽ ഞങ്ങൾക്ക് ഏറ്റവും ഗൃഹാതുരത പകരുന്നത് നടുമുറ്റമാണ്. മഴയിൽ വെയിലും വീടിനുള്ളിലേക്ക് വിരുന്നെത്തുന്നു. വള്ളിച്ചെടികൾ തലനീട്ടി എത്തിനോക്കുന്നു. ഇവിടെയിരുന്ന് മഴ നനയുന്നത്, മഴ കാണുന്നത് അസാധ്യ ഫീലാണ്.

traditional-house-kasargod-kitchen

സ്റ്റോറേജ് സൗകര്യത്തിനായി വാഡ്രോബുകളും പുതിയ കിടപ്പുമുറികളിൽ സജ്ജീകരിച്ചു. പുതിയ കാലത്തിന്റെ സൗകര്യങ്ങളുള്ള അടുക്കള ഒരുക്കി. അലൂമിനിയം ഫാബ്രിക്കേഷൻ ചെയ്താണ് കബോർഡുകൾ നിർമിച്ചത്. 

traditional-house-kasargod-njali

വാസ്തുപ്രകാരം ക്രോസ് വെന്റിലേഷൻ ലഭിക്കുംവിധമാണ് തറവാടിന്റെ ഇടങ്ങൾ ചിട്ടപ്പെടുത്തിയിരുന്നത്. ചുട്ടുപൊള്ളുന്ന ഈ വേനൽക്കാലത്തും വീടിനുള്ളിൽ മനം നിറയ്ക്കുന്ന തണുപ്പ് പൊതിഞ്ഞുനിൽക്കുന്നു. 

നഗരത്തിന്റെ കോലാഹലങ്ങളിൽനിന്നും വീടിന്റെ ആശ്ലേഷത്തിലേക്ക് ഓടിയെത്താനായി ഇപ്പോൾ മനസ്സ് കൊതിക്കുകയാണ്.

മാറ്റങ്ങൾ ഒറ്റനോട്ടത്തിൽ

shyam-gf
  • രണ്ടു കിടപ്പുമുറി, മോഡുലാർ കിച്ചൻ, ലിവിങ് -ഡൈനിങ് ഹാൾ എന്നിവ കൂട്ടിച്ചേർത്തു. 
  • കൂട്ടിച്ചേർത്ത ഭാഗം ഫ്ളാറ്റ് റൂഫ് ചെയ്ത ശേഷം ട്രസ് ചെയ്ത് ഓടിട്ടു.
  • കാവി നിലത്ത് ടെറാക്കോട്ട ടൈലുകൾ വിരിച്ചു.
  •  മോഡുലാർ ശൈലിയിൽ അടുക്കള പരിഷ്കരിച്ചു.
shyam-ff

Project Facts

Location- Bellikoth, Kasaragod

Plot- 24 cent

Area- 2470 SFT

Owner- Vijay 

Architect- Shyamkumar Puravankara

Forms & Spaces, Kanhangad

Mob- 9895404502

Completion year- 2018

ചിത്രങ്ങൾ- പ്രഹ്ലാദ് ഗോപകുമാർ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com