ചെലവ് 29 ലക്ഷം; ഇടത്തരക്കാർക്ക് എളുപ്പം മാതൃകയാക്കാം ഈ വീട്! പ്ലാൻ
Mail This Article
മലപ്പുറം മഞ്ചേരിയിൽ കീശ ചോരാതെ പരമാവധി സൗകര്യങ്ങൾ സൗകര്യങ്ങളുള്ള വീട് ഒരുക്കിയതിന്റെ വിശേഷങ്ങൾ ഉടമസ്ഥൻ ബിനോയ് പങ്കുവയ്ക്കുന്നു.
ഞാൻ സ്വകാര്യ സ്ഥാനത്തിൽ ജോലി ചെയ്യുന്നു. ഭാര്യയും ഒരു കുട്ടിയുമുണ്ട്. ഞങ്ങളുടെ ചെറിയ ആവശ്യങ്ങൾ പരിഗണിക്കുന്ന പരിപാലനം കുറഞ്ഞ നിർമിതിയാണ് വിഭാവനം ചെയ്തത്. നിർമാണച്ചെലവുകൾ റോക്കറ്റ് പോലെ കുതിക്കുന്ന ഈ കാലത്ത്, മുപ്പതുലക്ഷത്തിനുള്ളിൽ അത്യാവശ്യ സൗകര്യങ്ങളുള്ള ഇരുനില വീട് ഒരുക്കണമെന്നതായിരുന്നു ഞങ്ങളുടെ പ്രധാന ഡിമാൻഡ്.
വീതി കുറഞ്ഞ 10 സെന്റ് പ്ലോട്ടിൽ പരമാവധി സ്ഥലം ഉപയുക്തമാക്കാൻ സ്ലോപ് റൂഫ് ഒഴിവാക്കി ഫ്ലാറ്റ് റൂഫ് നൽകി. മുറ്റം ഇന്റർലോക്ക് ചെയ്യാതെ ബേബി മെറ്റൽ വിരിച്ചു .
സിറ്റൗട്ട്, ലിവിങ് കം ഡൈനിങ്, കിച്ചൻ, വർക്കേരിയ, മുകളിലും താഴെയും രണ്ടു വീതം കിടപ്പുമുറികൾ, അപ്പർ ലിവിങ് എന്നിവയാണ് 2100 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.
പ്രധാന വാതിൽ തുറന്നു പ്രവേശിക്കുന്നത് തുറസായ ശൈലിയിൽ ഒരുക്കിയ ലിവിങ്- ഡൈനിങ് ഹാളിലേക്കാണ്. ഇത് വീടിനുള്ളിൽ വിശാലമായ പ്രതീതി ജനിപ്പിക്കുന്നു. സ്വീകരണമുറിയിൽ ഭിത്തി പാനലിങ് ചെയ്ത് ടിവി യൂണിറ്റിനുള്ള പ്രൊവിഷൻ നൽകിയിട്ടുണ്ട്.
വെള്ള നിറമാണ് അകത്തളത്തിലും നിറയുന്നത്. ഇതിനു പിന്തുണ നൽകുന്ന വൈറ്റ് വിട്രിഫൈഡ് ടൈലുകളും നിലത്തുവിരിച്ചു. ഡൈനിങ് ടേബിൾ, ബെഡ് കോട്ട്, മറ്റു ഫർണിച്ചറുകൾ എന്നിവ കുറഞ്ഞ ചെലവിൽ റെഡിമെയ്ഡ് ആയി വാങ്ങി. ജനാലകളിലൂടെ പകൽവെളിച്ചം വീടിനുള്ളിൽ നന്നായി നിറയുന്നുണ്ട്. ബ്ലൈൻഡുകൾ ഒഴിവാക്കി നോർമൽ കർട്ടനുകളാണ് നൽകിയത്.
ജിഐ കൊണ്ടാണ് ഗോവണിയുടെ കൈവരികൾ. ഗോവണിയുടെ വശത്തായി വാഷ് ഏരിയ ക്രമീകരിച്ചു. ഗോവണിയുടെ വശത്തായി ഒരു കിടപ്പുമുറിയുണ്ട്. ഇതിന്റെ പുറംചുവരിൽ കൺസീൽഡ് ശൈലിയിലാണ് പൂജ സ്‌പേസ് ഒരുക്കിയത്.
നാലു മുറികളിലും അറ്റാച്ഡ് ബാത്റൂം നൽകിയിട്ടുണ്ട്.ഹെഡ്ബോർഡിലെ ഒരു ഭിത്തിയിൽ ഹൈലൈറ്റർ നിറങ്ങൾ നൽകി.
അലുമിനിയം ചാനലിൽ ഹൈലം ഷീറ്റ് ഉറപ്പിച്ചാണ് കിച്ചൻ കബോർഡുകളും കിടപ്പുമുറിയിലെ വാഡ്രോബുകളും നിർമിച്ചത്. ഇതിനു മുകളിൽ പെയിന്റ് അടിക്കേണ്ട കാര്യമില്ല. കിച്ചൻ കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.
സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 29 ലക്ഷത്തിനു വീട് പൂർത്തിയായി. പെട്ടെന്ന് ഗൃഹപ്രവേശം നടത്തേണ്ടിയിരുന്നതുകൊണ്ട് കാർ പോർച്ച് പണിതിട്ടില്ല. പോളികാർബണേറ്റ് ഷീറ്റ് വിരിച്ചു ഒരെണ്ണം പണിയുകയാണ് അടുത്ത പ്ലാൻ. ബിനോയ് പറയുന്നു.
ചെലവ് കുറച്ച ഘടകങ്ങൾ
- ഫ്ലാറ്റ് റൂഫിങ് നൽകി. ഇതിലൂടെ ചരിഞ്ഞ മേൽക്കൂരയ്ക്ക് നൽകേണ്ടി വരുമായിരുന്ന ഓട്, ഷിംഗിൾസ് എന്നിവ ലാഭിച്ചു.
- ചുവരുകൾക്ക് കടുംനിറങ്ങൾ ഒഴിവാക്കി വെള്ള നിറം തിരഞ്ഞെടുത്തു.
- സ്വീകരണമുറിയിൽ മാത്രം ഫോൾസ് സീലിങ് നൽകി. ബാക്കിയിടങ്ങളിൽ ലൈറ്റ് പോയിന്റുകൾ നേരിട്ടുനൽകി.
- വാഡ്രോബ്, കബോർഡ് എന്നിവ അലുമിനിയം ഫാബ്രിക്കേഷൻ ചെയ്തു.
Project Facts
Location- Manjeri, Malappuram
Area- 2100 SFT
Plot- 10 cent
Owner- Binoy
Designer- Shafeeq P
SM Associates Manjeri
Mob- 99955 25620
Budget- 29 Lakhs
Completion year- 2019
ചിത്രങ്ങൾ- അഖിൻ കൊമാച്ചി