ഇത് അമ്മയ്ക്കായി പുനർജനിച്ച വീട്; ചെലവ് 10 ലക്ഷം!
Mail This Article
ഫൊട്ടോഗ്രഫറായ ഉണ്ണി കോട്ടയ്ക്കൽ തന്റെ അമ്മയുടെ സ്മരണാർഥമാണ് തൃശൂരിൽ ഈ വീട് നിർമിച്ചത്. നാശമില്ലാത്ത പുനരുജ്ജീവനം എന്ന ആശയമാണ് ഇവിടെ നടപ്പാക്കിയത്. അതായത് വീടിന്റെ 95 % നിർമാണ സാമഗ്രികളും പഴയ വീടുകൾ പൊളിച്ചിടത്തു നിന്ന് ശേഖരിച്ചതാണ്.
പഴയൊരു ഓട്ടുകമ്പനി പൊളിച്ചപ്പോൾ കിട്ടിയ ഇഷ്ടിക കഴുകിയെടുത്ത് ഉപയോഗിച്ചാണ് ഭിത്തി കെട്ടിയത്. മേൽക്കൂര ജിഐ ട്രസ് ചെയ്ത് ഓട് വിരിച്ചു. ഇതും പഴയ ഓട് പോളിഷ് ചെയ്തെടുത്തതാണ്.
സിറ്റൗട്ട്, ലിവിങ്-ഡൈനിങ് ഹാൾ, നടുമുറ്റം, രണ്ടു കിടപ്പുമുറി, അടുക്കള എന്നിവയാണ് 900 ചതുരശ്രയടിയിൽ ഒരുക്കിയത്. ഓപ്പൺ ഹാളാണ് വീടിന്റെ ശ്രദ്ധാകേന്ദ്രം. ഇവിടെ ലിവിങ്-ഡൈനിങ്-കിച്ചൻ പരസ്പരബന്ധിതമായി വിന്യസിച്ചു. ഗ്രീൻ ഓക്സൈഡ് കൊണ്ടാണ് ഫ്ളോറിങ്.
ബജറ്റ് വീട്ടിൽ പ്രതീക്ഷിക്കാത്ത കൗതുകങ്ങളും അകത്തളത്തിൽ ഹാജരുണ്ട്. തടി കൊണ്ടുള്ള കസേരയും മേശയും, ആട്ടുകട്ടിൽ, തൂക്കുവിളക്കുകൾ, ആർട്ട് വർക്കുകൾ..ഇവയെല്ലാം പൊളിച്ച വീടുകളിൽ നിന്നും ശേഖരിച്ചതാണ്.
വീടിന്റെ ശ്വാസകോശമായി പ്രവർത്തിക്കുന്നത് നടുമുറ്റമാണ്. തുറന്ന മേൽക്കൂരയിലൂടെ കാറ്റും വെളിച്ചവും മഴയും നിലാവുമെല്ലാം വീടിനകത്തേക്ക് എത്തുന്നു. നടുമുറ്റത്ത് ഇൻഡോർ പ്ലാന്റും പെബിൾസും വിരിച്ചു.
കിടപ്പുമുറികൾ ലളിതമായി ഒരുക്കി. വാഡ്രോബുകൾ തടി കൊണ്ടാണ്. അടുക്കളയിലും പഴയ കബോർഡുകൾ പ്രയോജനപ്പെടുത്തി.
ഏത് നട്ടുച്ചയ്ക്ക് വീട്ടിലേക്ക് കയറിയാലും നല്ല കുളിർമ അനുഭവിക്കാനാകും. തടിയുടെയും ഓടിന്റെയും നടുമുറ്റത്തിന്റെയുമൊക്കെ മാന്ത്രികത ഇവിടെയാണ്. ഏറ്റവും വലിയ ഹൈലൈറ്റ് സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം വെറും 10 ലക്ഷം രൂപയ്ക്ക് വീട് പൂർത്തിയായി എന്നതാണ്.
ചെലവ് ചുരുക്കിയ ഘടകങ്ങൾ
- ഇഷ്ടിക, ഓട്, ഫർണിച്ചർ തുടങ്ങി 95% സാമഗ്രികളും പുനരുപയോഗിച്ചു.
- ചതുരശ്രയടി കുറച്ചു പരമാവധി സ്ഥലലഭ്യത നൽകി.
- മിനിമൽ അലങ്കാരങ്ങൾ. ഫോൾസ് സീലിങ് ഒഴിവാക്കി.
- ഫ്ലോറിങ്ങിനു ടൈൽ ചെയ്യാതെ ഓക്സൈഡ് വിരിച്ചു.
ഓരോ വീടും കെട്ടിപ്പൊക്കുന്നത് പ്രകൃതിയുടെ നെഞ്ചത്ത് ഒരാണി കൂടിയടിച്ചാണ്. എന്നാൽ ഈ ആഘാതം പുനരുപയോഗത്തിലൂടെ കുറയ്ക്കാനാകും.കേരളത്തിൽ നൂറു കണക്കിന് പഴയ വീടുകൾ പൊളിച്ചു കളയുന്നുണ്ട്. ഇവയിലെ വസ്തുക്കൾ പുനരുപയോഗിക്കാൻ കഴിഞ്ഞാൽ പ്രകൃതിയോട് ചെയ്യുന്ന വലിയ കരുതൽ ആകും. ഒപ്പം ചെലവും കുറയ്ക്കാൻ കഴിയും. അതിന്റെ മികച്ച ഉദാഹരണമാണ് ഈ വീട്. ഇനി കേരളത്തിനാവശ്യവും ഇത്തരം വീടുകളാണ് എന്ന് ഈ കാലഘട്ടം നമ്മെ ഓർമപ്പെടുത്തുന്നു.
Project facts
Location- Thrissur
Plot- 5 cents
Area- 900 sqft
Owner – Unni Kottakkal
Architect- Vinod Kumar
DD Architects, Thrissur
Mob- 0487 2382310
Budget- 10 Lakhs
Y.C – 2020
Image Courtesy- Ruba Sathish
English Summary- Low Cost House Plan Thrissur