ഇതുപോലെ ഒരു വീട് ഞങ്ങൾക്കും വേണം; ഇത് കാണുന്നവർ കൊതിക്കുന്നു! പ്ലാൻ
Mail This Article
തൊടുപുഴയ്ക്കടുത്ത് കോലാനി എന്ന സ്ഥലത്താണ് ആരുടേയും കണ്ണുടക്കുന്ന ഈ വീട് സ്ഥിതി ചെയ്യുന്നത്. ട്രഡീഷണൽ+ കൊളോണിയൽ വീടുകളുടെ ഭംഗി സമന്വയിക്കുന്നതാണ് വീടിന്റെ ഹൈലൈറ്റ്. വീടിന്റെ ചരിഞ്ഞ മേൽക്കൂരകളിലാണ് ആദ്യം കണ്ണുടക്കുക. ഫ്ലാറ്റ് റൂഫ് വാർത്തശേഷം ജിഐ ട്രസ് വർക്ക് ചെയ്ത് സെറാമിക് ഓട് വിരിക്കുകയായിരുന്നു. ഇതിലൂടെ മുകൾനിലയിൽ യൂട്ടിലിറ്റി സ്‌പേസും ലഭ്യമായി. ചൂട് കുറയ്ക്കാൻ ജിഐ ട്രെസിന് മുകളിൽ വി-ബോർഡ് പാനലിങ് നൽകിയശേഷമാണ് ഓട് വിരിച്ചത്.
റോഡ് നിരപ്പിൽ നിന്നും പത്തടിയോളം ഉയരത്തിലുള്ള പ്ലോട്ടാണിത്. ഇവിടെ ഭൂമിയുടെ സ്വാഭാവികത നിലനിർത്തിയാണ് വീടുപണിതത്. ഗെയ്റ്റിൽ നിന്നും വീട്ടിലേക്കുള്ള ഡ്രൈവ് വേയിലും ലാൻഡ്സ്കേപ്പിലും ചരിവ് നിലനിർത്തി ബഫലോ ഗ്രാസ് വിരിച്ചു. ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വീടായതിനാൽ പുറത്തെ പച്ചപ്പിലേക്കുള്ള കാഴ്ചകളിലേക്ക് തുറക്കുന്ന ധാരാളം ജാലകങ്ങളും ബാൽക്കണിയും ഇവിടെ ഒരുക്കിയിട്ടുണ്ട്.
കാർ പോർച്ച്, പൂമുഖം, ഫോയർ, ലിവിങ്, ഡൈനിങ്, പ്രെയർ സ്‌പേസ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, ബാൽക്കണി, യൂട്ടിലിറ്റി സ്‌പേസ് എന്നിവയാണ് 3200 ചതുരശ്രയടിയിൽ ഒരുക്കിയത്.
ഒരേസമയവും ലാളിത്യവും കമനീയതയും നിറയുംവിധമാണ് അകത്തളങ്ങൾ അണിയിച്ചൊരുക്കിയത്. തേക്കിന്റെ പ്രൗഡിയിലാണ് ഫർണിച്ചർ, കബോർഡ്, വാഡ്രോബ് എന്നിവയെല്ലാം. അതേസമയം മെറ്റൽ വർക്കിന്റെ ലാളിത്യവും ഉള്ളിൽ കാണാം. സ്റ്റെയർകേസ്, ഫോൾസ് സീലിങ് എന്നിവയെല്ലാം മെറ്റൽ വർക്കിൽ ഒരുക്കിയത് കൗതുകകരമാണ്. ഫ്ലോറിങ്ങിൽ വൈവിധ്യം പിന്തുടർന്നു. ലപ്പോത്ര ഫിനിഷുള്ള ഗ്രാനൈറ്റും വുഡൻ, വൈറ്റ് ഫിനിഷുള്ള വിട്രിഫൈഡ് ടൈലുമാണ് നിലത്ത് വിരിച്ചത്.
പൂമുഖത്തിരുന്നാൽ പുറത്തെ പച്ചപ്പ് നിറഞ്ഞ കാഴ്ചകൾ ആസ്വദിക്കാം. തുറസ്സായ നയത്തിലാണ് അകത്തളങ്ങൾ ഒരുക്കിയത്. ലിവിങ്- ഡൈനിങ് തമ്മിൽ ക്യൂരിയോ ഷെൽഫ് വഴി വേർതിരിച്ചിരിക്കുന്നു. ഡൈനിങ്ങിൽ നിന്നും പുറത്തെ പാഷ്യോയിലേക്ക് ഇറങ്ങാൻ സ്ലൈഡിങ് ഗ്ലാസ് വാതിലുകൾ നൽകി. ഇവിടെ മെറ്റൽ ഗ്രില്ലുകൾ കൊണ്ട് അധിക സുരക്ഷയുമൊരുക്കി.
സ്റ്റെയർ ഏരിയ ഡബിൾ ഹൈറ്റിൽ ഒരുക്കി. ഇത് ഉള്ളിൽ കൂടുതൽ വിശാലത നൽകുന്നു. കൂടാതെ ഇവിടെനിന്നാൽ താഴത്തെ സ്വീകരണമുറിയുടെ കാഴ്ച ലഭ്യമാകും. മെറ്റൽ ഫ്രയിമിലാണ് കൈവരികൾ. മുകളിലെ സീലിങ്ങിലും മെറ്റൽ ഫ്രയിമുകൾ നൽകിയിട്ടുണ്ട്.
സൗകര്യങ്ങളെല്ലാം സമന്വയിക്കുന്ന മോഡേൺ അടുക്കളയാണ് നൽകിയത്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. കൂടാതെ വർക്കേരിയയും സ്റ്റോർ റൂമും ക്രമീകരിച്ചു.
മൂന്നു കിടപ്പുമുറികൾക്ക് അറ്റാച്ഡ് ബാത്റൂമും ഡ്രസിങ് ഏരിയയും നൽകി. മുകൾനിലയിൽ ബാൽക്കണിയോട് കൂടിയ ഒരു കിടപ്പുമുറിയും ഓപ്പൺ ബാൽക്കണിയും മാത്രമേയുള്ളൂ. ബാക്കി യൂട്ടിലിറ്റി സ്‌പേസാക്കി മാറ്റി. മുകളിലെ കിടപ്പുമുറി ഒരു സ്യൂട്ട് റൂമിന്റെ പ്രതീതിയിൽ ഒരുക്കി . കയർ കൊണ്ടുള്ള കൈവരികളും എൽഇഡി ലൈറ്റിങ്ങും ഇവിടം ആകർഷകമാക്കുന്നു.
വീട് പണിതാൽ അടുത്തതായി ഒരുതുള്ളി മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങാൻ കഴിയാത്ത വിധം മുറ്റം ടൈലിടുന്ന രീതികൾക്ക് ഈ വീട് ഒരു അപവാദമാണ്. മഴവെള്ളം ഭൂമിയിലേക്കിറങ്ങുംവിധം ബേബി മെറ്റൽ വിരിച്ചു മുറ്റം സംരക്ഷിച്ചു. ചുറ്റിലുമുള്ള പച്ചപ്പും ഉള്ളിൽ നിറയുന്ന പോസിറ്റീവ് എനർജിയും ഇവിടെയെത്തുന്ന ആർക്കും അനുഭവവേദ്യമാകും. വീട്ടിലെത്തുന്ന പലരും ഇതുപോലെ ഒരു വീട് തങ്ങൾക്കുണ്ടായിരുന്നെങ്കിൽ എന്ന് ആത്മഗതം ചെയ്യാറുണ്ട്...
Project facts
Location- Kolani, Thodupuzha
Area- 3200 SFT
Owner- KM Simon
Design- Jordy James
Jordik Interiors, Ernakulam
Mob- 98473 03049
Completion year- 2019
English Summary- Traditional Modern House Thodupuzha Plan