ADVERTISEMENT

തൃശൂർ ഇരിങ്ങാലക്കുടയിൽ തന്റെ വീടിനു സമീപമുള്ള മൂന്നര സെന്റിൽ ഷിപ്പിങ് കണ്ടെയിനറുകൾ കൊണ്ടൊരു വീട് ഉണ്ടാക്കിയിരിക്കുകയാണ് ഐസിഎൽ ഫിൻകോർപ് ഉടമ കെ.ജി അനിൽകുമാർ. ഇവർക്കായി പല കെട്ടിടങ്ങളും രൂപകൽപന ചെയ്ത ഡോ. തോമസ് മാഞ്ഞൂരാനാണ് ഈ കണ്ടെയിനർ ഹോമിന്റെ ശിൽപി.

ഏകദേശം 20 അടി നീളവും 7 അടി വീതം വീതിയും ഉയരവുമുള്ള മൂന്ന് കണ്ടെയിനറുകൾ ചേർത്തുവച്ചാണ് 800 ചതുരശ്രയടിയുള്ള ഈ ഇരുനിലവീട് നിർമിച്ചത്.

ലിവിങ്, ഡൈനിങ്, കിച്ചൻ, ഒരു കിടപ്പുമുറി, അറ്റാച്ഡ് ബാത്റൂം എന്നിവയാണ് താഴെ. മുകളിൽ ഒരു കിടപ്പുമുറി, അറ്റാച്ഡ് ബാത്റൂം, ഓപ്പൺ ബാൽക്കണി. ഇത്രയുമാണ് ഈ വീട്ടിലുള്ളത്.

container-home-view

താഴെ രണ്ടു കണ്ടെയിനറും മുകളിൽ ഒരു കണ്ടെയിനറും ആയിട്ടാണ് വിന്യാസം. ആദ്യം 6 കോൺക്രീറ്റ് തൂണുകൾ നിർമിച്ചു. ശേഷം ലോറിയിൽ കൊണ്ടുവന്ന കണ്ടെയിനർ ക്രെയിൻ ഉപയോഗിച്ച് ഈ തൂണുകളിൽ ലോക്ക് ചെയ്തുവച്ചാണ് ഇത് നിർമിച്ചത്. ആവശ്യമുണ്ടെങ്കിൽ ഭാവിയിൽ എടുത്തുമാറ്റാൻ സാധിക്കും എന്നതാണ് സവിശേഷത.

ബാക്കി കാര്യങ്ങൾ തോമസ് മാഞ്ഞൂരാൻ വിശദീകരിക്കുന്നു. 

ചൂടുകൂടിയ കേരളത്തിലെ കാലാവസ്ഥയിൽ കണ്ടെയിനർ വീട് ഉചിതമാകുമോ എന്നതായിരുന്നു പലരുടെ സംശയം. ചൂടിനെ ഫലപ്രദമായി പ്രതിരോധിക്കാൻ നിരവധി മാർഗങ്ങളുണ്ട്. ഇവിടെ ചുവരിലും സീലിങ്ങിലും ഫൈബർ സിമന്റ് ബോർഡ് പൊതിഞ്ഞശേഷം അതിനുമുകളിൽ XLPE (പോളി എത്ലീൻ ഷീറ്റ്) ഒട്ടിച്ചു. ഇത് ചൂടിനെ 95 ശതമാനവും പ്രതിരോധിക്കുന്നു. അതിനാൽ ഉള്ളിൽ നട്ടുച്ചയ്ക്കും ചൂടറിയില്ല.

container-home

അകത്തേക്ക് കയറുന്ന ഭാഗത്ത് ചൂടിനെ പ്രതിരോധിക്കുന്ന ഗ്ലാസാണ് ഇട്ടത്. ഡൈനിങ്ങിൽ ഇൻബിൽറ്റ് സീറ്റിങ് നൽകി. ആവശ്യാനുസരണം അകത്തളം പുനഃക്രമീകരിക്കാനുമാകും.  ചെറിയ കിച്ചൻ സ്‌പേസാണ്. പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിൽ ക്യാബിനറ്റ് ഒരുക്കി..

കാസ്റ്റ് അയൺ സ്പൈറൽ ഗോവണിയിലൂടെയാണ് മുകളിലേക്ക് കയറുന്നത്. മുകളിലെ കിടപ്പുമുറിയിൽ ഹൈഡ്രോളിക് കട്ടിലാണ് കൊടുത്തത്. ഇത് അനായാസം ഉയർത്തി ഭിത്തിയോട് ചേർത്തുവയ്ക്കാം.

വീടിനോട് ചേർന്ന് പരിപാലനം കണക്കിലെടുത്ത് ആർട്ടിഫിഷ്യൽ ഗ്രാസ് വിരിച്ച് മെറ്റൽ ഫർണിച്ചർ സ്ഥാപിച്ചു. ഒരു വാട്ടർ ഫൗണ്ടനും ഇവിടെയുണ്ട്.

ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാഞ്ഞതുകൊണ്ട് 6 മാസമെടുത്താണ് ഇത് പണിതത്. സാധാരണഗതിയിൽ 3 മാസം കൊണ്ട് കണ്ടെയിനർ വീട് പണിയാം. ചതുരശ്രയടിക്ക് 1000 മുതൽ 1500 രൂപയ്ക്ക് പൂർത്തിയാക്കാനാകും. രാത്രിയിൽ ലൈറ്റുകൾ തെളിയുമ്പോൾ കണ്ടെയിനർ വീടിന്റെ ഭംഗി വീണ്ടും വർധിക്കുന്നു.

 

Project facts

Location- Iringalakuda

Area- 800 Sq.ft

Owner- KG Anilkumar

Illusions Magic of Interiors, Thrissur

English Summary- Shipping Container House- Home Tour Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com