പകലും രാത്രിയിലും വേറിട്ട ലുക്ക്; ഹിറ്റായി വീട്
Mail This Article
പാലക്കാട് പട്ടാമ്പിയിലാണ് ഈ വീട്. സമകാലിക ബോക്സ് മാതൃകയിലാണ് എലിവേഷൻ. കാർ പോർച്ച് മുൻവശത്തായി നെടുനീളത്തിൽ ബോക്സ് ആകൃതിയിൽത്തന്നെ ഒരുക്കിയിരിക്കുന്നു. വെള്ള നിറമാണ് കൂടുതൽ ഇടങ്ങളിലും. എലിവേഷനിൽ ഹൈലൈറ്റ് ചെയ്യാൻ വുഡൻ ഫിനിഷ്ഡ് ടൈൽ പതിച്ചു.
14 സെന്റിൽ പരമാവധി മുറ്റം വിട്ട് പിന്നിലേക്കിറക്കിയാണ് വീടുപണിതത്. പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ലേഡീസ് ലിവിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിൽ. മുകളിൽ രണ്ടുകിടപ്പുമുറികൾ ലിവിങ്, ബാൽക്കണി എന്നിവയുമുണ്ട്. മൊത്തം 3900 ചതുരശ്രയടിയാണ് വിസ്തീർണം.
പ്രവാസികളായ വീട്ടുകാർ നാട്ടിലെത്തുമ്പോൾ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയായി ഒത്തുകൂടലിന്റെ മേളമാകും. ഇതിനായി നിരവധി ഇടങ്ങൾ വീട്ടിൽ ഒരുക്കി. സിറ്റൗട്ടിൽ കൂടുതൽ പേർക്ക് ഒരുമിച്ചിരിക്കാൻ പാകത്തിൽ ഇൻബിൽറ്റ് ഇരിപ്പിടമൊരുക്കി.
ലിവിങ്- ഡൈനിങ് വേർതിരിക്കുന്ന ഭിത്തിയിൽ ഇൻബിൽറ്റ് അക്വേറിയം നൽകി. പർഗോള ബീമുകൾ കൊണ്ട് പാർടീഷനും സ്വകാര്യതയുമേകിയാണ് ഫാമിലി ലിവിങ്. ഇവിടെ ടിവി യൂണിറ്റ് നൽകി.
എല്ലാം കയ്യൊതുക്കത്തിലുള്ള ഐലൻഡ് കിച്ചനാണ് ഇവിടെ. ലാമിനേറ്റ് ഫിനിഷിലാണ് ക്യാബിനറ്റ്. കിച്ചൻ എൻട്രിയിൽ ബ്രേക്ക്ഫാസ്റ്റ് കൗണ്ടറുമൊരുക്കി.
നാലു കിടപ്പുമുറികളും വ്യത്യസ്ത തീമിലൊരുക്കി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സ്‌പേസുകൾ സജ്ജീകരിച്ചു. താഴത്തെ ഒരു കിടപ്പുമുറിയിൽ മെസനൈൻ ഫ്ലോർ നൽകി കുട്ടികളുടെ കളിസ്ഥലമൊരുക്കിയത് ശ്രദ്ധേയമാണ്.
വീടിന്റെ പിൻവശത്ത് വയലാണ്. ഇവിടെനിന്നുള്ള കാറ്റും കാഴ്ചകളും ആസ്വദിക്കാൻ പാകത്തിൽ പിൻവശത്തും സിറ്റൗട്ട് ഒരുക്കി. കൂടാതെ സ്വകാര്യതയോടെ സ്വിമ്മിങ് പൂളും ഇവിടെയാണ്. മുറ്റം ബാംഗ്ലൂർ സ്റ്റോൺ വിരിച്ചലങ്കരിച്ചു. രാത്രിയിൽ ലൈറ്റുകൾ തെളിയുമ്പോഴാണ് വീടിന്റെ ഭംഗി കൂടുതൽ ദൃശ്യമാവുക.
Project facts
Location- Pattambi
Plot- 14 cent
Area- 3900 Sq.ft
Owner- Reys
Design- Dens Architects, Kochi