ഇത് പച്ചപ്പിനുനടുവിലെ സ്വർഗം! സൂപ്പർവീട്
Mail This Article
തൃശൂർ കൊരട്ടിയിലെ കുന്നിൻമുകളിലുള്ള 46 സെന്റിൽ, വെല്ലുവിളികൾ അതിജീവിച്ച് സ്വപ്നഭവനം ഒരുക്കിയ കഥയാണിത്..
ചെങ്കുത്തായ പ്രദേശത്ത് കൃത്യമായ ആകൃതിയില്ലാത്ത പ്ലോട്ടായിരുന്നു പ്രധാന വെല്ലുവിളി. സമകാലിക ബോക്സ് മാതൃകയിലാണ് എലിവേഷൻ. വ്യത്യസ്ത ഇടങ്ങളിൽനിന്ന് വ്യത്യസ്‌ത കാഴ്ചയാണ് വീടിനുലഭിക്കുക. തട്ടുകളായി കിടക്കുന്ന പ്ലോട്ടിന്റെ സ്വാഭാവികത നിലനിർത്തി പണിതതിനാൽ വീടിനുള്ളിലും രണ്ടുതട്ടുകളുണ്ട്. ഭാരംകുറഞ്ഞ, പ്രകൃതിസൗഹൃദമായ AAC ബ്രിക്ക് ഉപയോഗിച്ചാണ് വീട് നിർമിച്ചത്.
വെള്ള നിറത്തിന് പ്രാമുഖ്യം നൽകി ഓപ്പൺ നയത്തിലാണ് അകത്തളങ്ങൾ ഒരുക്കിയത്. അതിനാൽ അകത്തേക്ക് പ്രവേശിക്കുമ്പോൾ വിശാലത അനുഭവവേദ്യമാകുന്നു.
സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, ബാത്‌റൂംസ്, ബാൽക്കണി എന്നിവയാണ് 3270 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.
ഒരു റിസോർട്ടിന്റെ ലോബിയിൽ കാണുംവിധമുള്ള അപ്ഹോൾസ്റ്ററി ഫർണിച്ചറാണ് ഫോർമൽ ലിവിങ്ങിൽ. ഓപ്പൺ ഹാളിന്റെ ഭാഗമാണ് ബാൽക്കണിയുള്ള ഫാമിലി ലിവിങ്. വോൾ മൗണ്ടഡ് ടിവിയും ലോഞ്ചർ സോഫയും ഇവിടെ ഹാജരുണ്ട്.
വ്യത്യസ്തമായ കസ്റ്റമൈസ്ഡ് ഡൈനിങ് സെറ്റാണ് മറ്റൊരാകർഷണം. ചെയറുകൾക്കുപകരം അപ്ഹോൾസ്റ്ററി ചെയ്ത ബെഞ്ചുകളാണ് ഇവിടെ.
വിശാലമാണ് പ്രെയർ ഏരിയ. ചുവരുകൾ എക്സ്പോസ്ഡ് റബിൾ ഫിനിഷിലാണ്. മേൽക്കൂര ഗ്രില്ലിട്ട് അടച്ചുറപ്പേകി.
റിസോർട്ട് ഫിലിങ് ലഭിക്കുംവിധമാണ് കിടപ്പുമുറികൾ. പലതിനും പുറത്തെ പച്ചപ്പിലേക്ക് തുറക്കുന്ന ബാൽക്കണിയും ഇവിടേക്ക് കടക്കുന്ന സ്ലൈഡിങ് ഗ്ലാസ് വിൻഡോയുമുണ്ട്. ഹെഡ്‌സൈഡ് ഭിത്തി ഹൈലൈറ്റ് ചെയ്തും വോൾപേപ്പർ, ടെക്സ്ചർ പെയിന്റ്, സീലിങ് എന്നിവയിലൂടെയുമാണ് മുറികൾ അലങ്കരിച്ചത്.
പുതിയകാലത്തിന് യോജിച്ച ഒതുങ്ങിയ അടുക്കളയാണ്. ഇവിടേക്കുള്ള എൻട്രിയിൽ ബ്രേക്ക്ഫാസ്റ്റ് കൗണ്ടറുണ്ട്. മൾട്ടിവുഡ്+ പിയു ഫിനിഷിലാണ് ക്യാബിനറ്റ്.
ദൂരകാഴ്ചയിൽ, വീട് പച്ചപ്പിനു നടുവിലൊരുക്കിയ പക്ഷിക്കൂട് പോലെതോന്നും.
Project facts
Location- Koratty, Thrissur
Plot- 46 cent
Area- 3270 Sq.ft
Owner- Kiran Johny
Architects- Rahul Nair, Akshay Gokul
Noir, Kochi
Y.C- 2023