വേറിട്ട കാഴ്ചകൾ; ഇത് പുതുമകൾ നിറച്ച സമകാലികവീട്
Mail This Article
ഇപ്പോൾ സമകാലിക ശൈലിയിലുള്ള വീടുകളുടെ വസന്തകാലമാണ്. പക്ഷേ വേഗം ആവർത്തനവിരസമാകുന്നു എന്നൊരു പ്രശ്നവും ഇതിലുണ്ട്. സമകാലിക ശൈലിയിൽ പുതുമകൾ പരീക്ഷിച്ചാണ് പുതുതലമുറ ആർക്കിടെക്ട്സ് ഈ പരിമിതി മറികടക്കുന്നത്. അത്തരത്തിൽ നിർമിച്ച ഒരു വീടാണിത്.
കണ്ണൂർ കൂത്തുപറമ്പയിലാണ് എബിൻ-നീതു ദമ്പതികളുടെ ഈ സ്വപ്നഭവനം. പല ഡിസൈനിലുള്ള സ്‌ക്രീനുകളാണ് പുറംകാഴ്ചയിലെ ഹൈലൈറ്റ്. ജിഐ+സിഎൻസി ഡിസൈൻ കട്ടിങ്-പെയിന്റ് ഫിനിഷ് നൽകിയാണ് വിവിധ സ്ക്രീനുകൾ ഒരുക്കിയത്. ഇതിനൊപ്പം വലിയ മുഴുനീള ജാലകങ്ങളും സിമന്റ് ടെക്സ്ചർ ഭിത്തിയുമുണ്ട്. നാച്ചുറൽ സ്റ്റോൺ വിരിച്ച് മുറ്റമൊരുക്കി.
പോർച്ച് , സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേറിയ, ഒരു കിടപ്പുമുറി, ബാത്റൂം എന്നിവയാണ് താഴെയുള്ളത്. മുകളിൽ ഹോം തിയറ്റർ, രണ്ടു കിടപ്പുമുറി, ബാത്റൂം, ലിവിങ്, ബാൽക്കണി എന്നിവയുമുണ്ട്. മൊത്തം 3214 ചതുരശ്രയടിയാണ് വിസ്തീർണം.
അകത്തേക്ക് കടക്കുമ്പോൾ ആദ്യമെത്തുന്ന ഇടംതന്നെ ഏറ്റവും മനോഹരമായി ഒരുക്കി. ഡബിൾഹൈറ്റിലാണ് ഫോർമൽ ലിവിങ്. അകത്തേക്ക് കയറുമ്പോൾത്തന്നെ വിശാലമായ ഒരിടത്തെത്തിയ പ്രതീതി ലഭിക്കുന്നു. ഗ്രില്ലില്ലാത്ത മുഴുനീള ഗ്ലാസ് ജാലകമാണ് ഇവിടെ ഹൈലൈറ്റ്. ഇതുവഴി നാച്ചുറൽ ലൈറ്റ് സമൃദ്ധമായി ഉള്ളിലെത്തുന്നു. ടിവി വോളിൽ ടെക്സ്ചർ പെയിന്റ് ചെയ്ത് മനോഹരമാക്കി.
മെറ്റൽ ഫ്രയിമിൽ വുഡൻ പ്ലാങ്ക് വിരിച്ചാണ് സ്‌റ്റെയർ നിർമിച്ചത്. കൈവരികളും മെറ്റൽ ഫിനിഷിലാണ്. സ്റ്റെയറിന് സമീപമാണ് ഡബിൾഹൈറ്റ് കോർട്യാർഡ്. ഇതിന്റെ ഭിത്തിയിലും ജാളി സ്‌ക്രീനുകളുണ്ട്. ഇതുവഴി ദിവസത്തിന്റെ പലനേരത്തും നിഴൽവെട്ടങ്ങൾ വീടിനുള്ളിൽ നൃത്തംചെയ്യുന്നു. ബുദ്ധ വിഗ്രഹവും ഇൻഡോർ പ്ലാന്റുകളും ഇവിടെ പോസിറ്റിവിറ്റി നിറയ്ക്കുന്നു.
മറ്റിടങ്ങളിൽനിന്ന് വേറിട്ടുനിൽക്കുംവിധം ഡൈനിങ് സ്‌പേസ് ഒരുക്കി. നിലത്ത് വുഡൻ ഫിനിഷ് ടൈൽ വിരിച്ചു. വുഡൻ തീമിലുള്ള ഫോൾസ് സീലിങ്ങും ലൈറ്റുകളും നൽകി. മാർബിൾ ടോപ്പുള്ള സിംപിൾ ടേബിളാണ് ക്രമീകരിച്ചത്.
താഴെയുള്ള ലിവിങ് സ്‌പേസിനുസമാനമായി അപ്പർ ലിവിങ് ക്രമീകരിച്ചു. സമീപമുള്ള ഡബിൾഹൈറ്റ് ഇരുനിലകളെയും ബന്ധിപ്പിക്കുന്ന ഇടമാണ്. ഡോൾബി ശബ്ദമികവിലൊരുക്കിയ ഹോം തിയറ്ററും ഇവിടെയുണ്ട്.
ഒരു റിസോർട് ആംബിയൻസ് ലഭിക്കുംവിധമാണ് കിടപ്പുമുറികൾ ഒരുക്കിയത്. വുഡൻ ഫോൾസ് സീലിങ്, വാം ടോൺ ലൈറ്റുകൾ, വോൾ പാനലിങ്, മെറ്റൽ വർക്ക്സ് എന്നിവയെല്ലാം കിടപ്പുമുറികൾ കമനീയമാക്കുന്നു. ഫുൾ ലെങ്ത് വാഡ്രോബ്, വെറ്റ്-ഡ്രൈ ഏരിയ വേർതിരിച്ച ബാത്റൂം എന്നിവയുമുണ്ട്.
ഗ്രീൻ+ വുഡ് തീമിലൊരുക്കിയ കിച്ചൻ രസകരമാണ്. മറൈൻ പ്ലൈ+ ലാമിനേറ്റ് ഫിനിഷിൽ ക്യാബിനറ്റ് ഒരുക്കി. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. ചെറിയൊരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഇവിടെയുണ്ട്.
വൈകുന്നേരം പുറംഭിത്തിയിലും ലാൻഡ്സ്കേപ്പിലുമുള്ള ലൈറ്റുകൾ കൺതുറക്കുന്നതോടെ വീടിന്റെ ഭംഗി വീണ്ടും വർധിക്കുന്നു.
Project facts
Location- Kuthuparamba, Kannur
Plot- 14 cent
Area- 3214 Sq.ft
Owner- Abhin & Neethu
Architect- Rikhina Akhil
Rikhina Akhil Architects, Kannur
Y.C- 2023