ബാൽക്കണി വീടിന്റെ സ്വർഗമാക്കാം! ഈ വിദ്യകൾ പരീക്ഷിച്ചു നോക്കൂ

home-balcony
Representative Image: Photo credit:mtreasure /istock.com
SHARE

വീടിന്റെ ഭാഗമാണെങ്കിലും പലപ്പോഴും അകത്തളം അലങ്കരിക്കുന്നത് പോലെ പലരും ബാൽക്കണിക്ക് പ്രാധാന്യം നൽകാറില്ല. എന്നാൽ ബഹുനിലകെട്ടിടങ്ങളിൽ ജീവിക്കുന്നവർക്ക് പുറംകാഴ്ചകൾ കാണാനും തുറസ്സായ ഇടത്ത് അല്പസമയം സ്വസ്ഥമായി ഇരിക്കാനും സൗകര്യമൊരുക്കുന്ന ബാൽക്കണികൾ ഏറെ അനുഗ്രഹം തന്നെയാണ്. സാധാരണഗതിയിൽ ഒരു ചെറിയ ടേബിളോ ചാരുകസേരയോ മാത്രമാവും ബാൽക്കണികളിൽ ഇടം പിടിക്കുക. എന്നാൽ അല്പം ഒന്നു മനസ്സുവച്ച് അലങ്കരിച്ചെടുത്താൽ വീട്ടിലെ തന്നെ ഏറ്റവും ആകർഷകമായ ഇടമാക്കി ബാൽക്കണിയെ മാറ്റിയെടുക്കാനാവും.

ലളിതമായ ഫർണിച്ചറുകൾ

ബാൽക്കണിയിലേക്ക് തിരഞ്ഞെടുക്കുന്ന ഫർണിച്ചറുകൾ അധികം സ്ഥലം കവരുന്നവ ആവരുത്. മൃദുലമായതും കാഴ്ചയ്ക്ക് വ്യത്യസ്തതയുള്ളതുമായ ഫർണിച്ചറുകളാണ് ഏറ്റവും അനുയോജ്യം. ഫോൾഡ് ചെയ്യാവുന്ന തരം കസേരകളും ഉയരം കുറഞ്ഞ കോഫി ടേബിളുകളുമൊക്കെ ഉൾപ്പെടുത്താം. ഇവയ്ക്ക് പുറമേ ഇല ചെടികൾ കൂടി ബാൽക്കണികളുടെ ഏതെങ്കിലുമൊക്കെ ഭാഗത്ത് ഉൾപ്പെടുത്തിയാൽ ഒരു പോസിറ്റീവ് എനർജി ലഭിക്കും.

നിറമുള്ള അലങ്കാര വസ്തുക്കൾ

home-balcony-view
Representative Image: Photo credit:Explora_2005 /istock.com

ബാൽക്കണികൾ പെയിന്റ് ചെയ്യുമ്പോൾ ഇളംനിറങ്ങൾ തിരഞ്ഞെടുക്കുന്നതാണ് ഉചിതം.  അതിനുശേഷം വർണ്ണവൈവിധ്യം നിറഞ്ഞ വസ്തുക്കൾകൊണ്ട് അവിടം അലങ്കരിക്കാം. മെറ്റലിൽ നിർമ്മിച്ച ഷോ പീസുകളോ, കരകൗശല വസ്തുക്കളോ, കുഷ്യനുകളോ, വിവിധ നിറങ്ങളിൽ പെയിന്റ് ചെയ്ത ചെടിച്ചട്ടികളോ,  ഒക്കെ ഉൾപ്പെടുത്താം. അലങ്കാരവസ്തുക്കളുടെ ഭംഗി എടുത്തറിയാനും ബാൽക്കണിയിൽ കൂടുതൽ സ്ഥലം വിസ്തൃതി തോന്നിപ്പിക്കാനും ഇത് സഹായിക്കും.

പ്രകൃതിദത്ത അലങ്കാരങ്ങൾ

പ്രകൃതിദത്തമായി ലഭിക്കുന്ന  വസ്തുക്കൾ മാത്രം ഉൾപ്പെടുത്തിയും ബാൽക്കണി അതിമനോഹരമാക്കാം. മുളയിലോ ചൂരലിലോ നിർമ്മിച്ച കസേരകളും വോൾ ഹാംഗിങ്ങുകളും മറ്റ് അലങ്കാര വസ്തുക്കളും വ്യത്യസ്ത നിറങ്ങളിലുള്ള ചെടികളും ഒക്കെ ഇതിനായി തിരഞ്ഞെടുക്കാം. പ്ലാസ്റ്റിക് ടേബിളുകൾക്കും ഷെൽഫുകൾക്കും പകരം തടിയിൽ നിർമ്മിച്ചവ ഉൾപ്പെടുത്താം. നഗരത്തിരക്കുകൾക്ക് ഇടയിലും പ്രകൃതിയോട് ചേർന്നുനിൽക്കുന്ന അനുഭവം ലഭിക്കാൻ ഇത് സഹായിക്കും.

വെർട്ടിക്കൽ ഗാർഡൻ

ഗാർഡനിങ് ഏറെ ഇഷ്ടപ്പെടുന്ന, എന്നാൽ മുറ്റത്ത് ആവശ്യത്തിന് സ്ഥലവിസ്തൃതി ഇല്ലാത്തവർക്ക് ഒരു അനുഗ്രഹമാണ് വെർട്ടിക്കൽ ഗാർഡനുകൾ. ബാൽക്കണിയിൽ സ്ഥലപരിമിതി ഉള്ളവർക്കും അവിടം മോടി പിടിപ്പിക്കാനും പച്ചപ്പുനിറയ്ക്കാനും വെർട്ടിക്കൽ ഗാർഡനുകളെ ആശ്രയിക്കാം. ഭിത്തിയുടെ വലിപ്പത്തിനനുസരിച്ച്  അതിൽ ചേർത്തുവയ്ക്കാവുന്ന തരം പോട്ട് ഹോൾഡറുകൾ സ്ഥാപിച്ച് അതിൽ ചെടിച്ചട്ടികൾ മനോഹരമായി അടുക്കി വയ്ക്കുക. ഹാങ്ങിങ് പ്ലാന്റർ കപ്പുകൾ ഉപയോഗിച്ചാൽ അധികം സ്ഥലം കവരാതെ ധാരാളം ചെടികളും വച്ചുപിടിപ്പിക്കാൻ സാധിക്കും.

ഷെയ്ഡ് നൽകാം

ഓപ്പൺ ബാൽക്കണികളാണ് ഉള്ളതെങ്കിൽ വൈകുന്നേരങ്ങളിൽ മാത്രമാവും അവ ഉപയോഗിക്കാൻ സാധിക്കുക. എന്നാൽ അവയ്ക്ക് മനോഹരവും ലളിതവുമായ ഒരു ഷെയ്ഡ് നൽകിയാൽ ബാൽക്കണിയുടെ ലുക്ക് മാറുകയും ഏത് വേനലിലും വെയിലേൽക്കാതെ അവിടം ഉപയോഗിക്കാനാവുകയും ചെയ്യും. വ്യത്യസ്ത നിറങ്ങളിലും ഡിസൈനിലുമുള്ള മേലാപ്പ് തിരഞ്ഞെടുത്താൽ വീടിനുള്ളിൽ തന്നെ പുതുമയുള്ള ഒരു സ്ഥലം ഒരുക്കിയെടുക്കാനാവും.

ഫ്ലോറിങ് 

വീടിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും വ്യത്യസ്തമായി അല്പം കൂടി മോടിയോടെ ബാൽക്കണികളുടെ തറ ഒരുക്കുന്നത് വിശ്രമിക്കാൻ ഏറ്റവും അനുയോജ്യമായ, പുതുമയുള്ള ഇടമായി അവിടം തോന്നിപ്പിക്കാൻ സഹായിക്കും. ഇതിനായി തറയിൽ വുഡൻ പാനലിങ് നൽകുന്നത് മുതൽ ആർട്ടിഫിഷ്യൽ ഗ്രാസ് മാറ്റ് വരെ ഉപയോഗിക്കാം. ബാൽക്കണിയിൽ ഉപയോഗിക്കുന്ന ഫർണിച്ചറുകളും അലങ്കാരവസ്തുക്കളും  ഫ്ലോറിംഗിനോട് യോജിച്ചു പോകുന്നതായാൽ ബാൽക്കണിയുടെ ഭംഗി ഇരട്ടിയാകും.

English Summary- Give a Makeover to House Balcony- Decor Tips

മികച്ച ആർക്കിടെക്റ്റുകളെ തിരയുകയാണോ? ഇപ്പോൾ തന്നെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS