ട്രെൻഡ് അറിഞ്ഞ് വീടൊരുക്കാം! ഫർണിഷിങ്ങിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Mail This Article
ഫർണിഷിങ് പ്രധാനമായും രണ്ടു തരത്തിലാണ് ഉള്ളത്. സോഫ്റ്റ് ഫർണിഷിങ്ങും ഹാർഡ് ഫർണിഷിങ്ങും കസേരകൾ, മേശ, സോഫ, കട്ടിൽ എന്നിവയുടെയെല്ലാം നിർമാണം ഹാർഡ് ഫർണിഷിങ്ങിലാണ് വരുന്നത്. എന്നാൽ കർട്ടൻ, കുഷൻ, ബെഡ്ഷീറ്റ്, കാർപെറ്റ്, റഗ്, ഡോർമാറ്റ് എന്നിവയെല്ലാം സോഫ്റ്റ് ഫർണിഷിങ്ങിന്റെ ഭാഗമാണ്. കർട്ടനുകളുടെ നിറം, ഭിത്തിയിൽ പ്രദർശിപ്പിച്ചിരിക്കുന്ന പെയിന്റിങ്ങുകൾ, നിറങ്ങൾ, ഫർണിച്ചറുകളുടെയും മറ്റും ശൈലി തുടങ്ങിയവയെല്ലാം വീടിന്റെ ഫർണിഷിങ്ങിൽ വരുന്ന കാര്യങ്ങളാണ്.
ഫർണിഷിങ്ങിന് പൊതുവായ ഒരു തീം കൊണ്ടു വരുന്നതാണ് ഇപ്പോഴത്തെ രീതി. ഇതിനായി, കാഴ്ചയില്‍ ഒരുപോലെ ഇരിക്കുന്ന എന്തെങ്കിലും ഒന്ന് എല്ലാ ഭാഗങ്ങളിലും നിലനിർത്താറുണ്ട്. ഒരേ കോമ്പിനേഷനിലുള്ള പെയിന്റോ ഒരേ പാറ്റേണിലുള്ള ഫർണിച്ചറോ ആണ് ഇതിന് ഉപയോഗിക്കുന്നത്. ഇങ്ങനെ ഡിസൈൻ ഒരു തുടർച്ച വരുത്തുന്നത് മൊത്തത്തിലുള്ള തീമിനും ഗുണം ചെയ്യും. അത്യാവശ്യത്തിനുള്ള ചെയറുകളും മറ്റുമായി മിനിമലിസ്റ്റിക് രീതിയാണ് ഇപ്പോൾ ട്രെൻഡ്. ഫർണിച്ചറുകളുടെ അതിപ്രസരം ഇന്റീരിയറിന്റെ ശോഭ കെടുത്തും. അത്യാഡംബരങ്ങൾ ഒഴിവാക്കിയാൽതന്നെ ഫർണിഷിങ്ങിനു വേണ്ടിവരുന്ന ചെലവ് നല്ലൊരളവു വരെ കുറയ്ക്കാൻ സാധിക്കും.
വേണം ലേ ഔട്ട്
വീടിനു പ്ലാൻ എന്ന പോലെ ഇന്റീരിയറിനും ഒരു ലേഔട്ട് നിർബന്ധമാണ്. ഫർണിച്ചറുകളുടെ സ്ഥാനം, എണ്ണം, അളവുകൾ എന്നിവയെല്ലാം കൃത്യമായി രേഖപ്പെടുത്തിയ പ്ലാൻ ആണ് ഇത്. ഇതുപ്രകാരം സോഫകൾ എവിടെ നൽകണം, ഡൈനിങ് ടേബിളിന്റെ സ്ഥാനം എവിടെയാവണം, ബെഡ് റൂമിൽ കട്ടിലിനും വാഡ്രോബിനും എവിടെ ഇടം കൊടുക്കണം എന്നിങ്ങനെയുള്ള കാര്യങ്ങളിലൊക്കെ കൃത്യമായ ആശയങ്ങളിലെത്തിച്ചേരാൻ സാധിക്കും.
ത്രീഡി ഫർണിച്ചർ ലേ ഔട്ടുകൾ, ഇന്റീരിയർ ജോലികൾ മുഴുവൻ കഴിഞ്ഞാൽ മുറിയുടെ അകം എങ്ങനെയിരിക്കുമെന്ന് കാണിച്ചു കൊടുക്കുന്ന രീതിയിലാണ് തയാറാക്കപ്പെടുന്നത്. ത്രീഡി സോഫ്റ്റ് വെയറുകളുടെ സഹായത്തോടെയാണ് ഇത്തരം ഇന്റീരിയർ ലേ ഔട്ടുകൾ തയാറാക്കുന്നത്. ആർക്കിടെക്ടുകളും ഇന്റീരിയര്‍ ഡിസൈനർമാരും ഇന്റീരിയർ ജോലികൾ തുടങ്ങുന്നതിനു മുൻപു തന്നെ ഇത്തരം ലേ ഔട്ടുകൾ തയാറാക്കി ക്ലയന്റിനു നൽകാറുണ്ട്. ക്ലയന്റും ആർക്കിടെക്ടും തമ്മിലുള്ള ആശയവിനിമയം കുറേക്കൂടി എളുപ്പവും സുഗമവും ആക്കാൻ ഈ ലേ ഔട്ടുകൾ സഹായിക്കും. ഈ ലേ ഔട്ടിന് അനുസരിച്ചാണ് വീടിന്റെ ഇലക്ട്രിക്കൽ ലേ ഔട്ടും ക്രമീകരിക്കുന്നത്.
English Summary- Interior Furnishing- Things to Know