വീട്ടിൽ ലൈറ്റിങ് ക്രമീകരിക്കുമ്പോൾ അബദ്ധങ്ങൾ ഒഴിവാക്കാം
Mail This Article
പ്രായോഗികതയ്ക്കു മുൻഗണന നൽകി വേണം വീടിനകത്തെ വെളിച്ചം ക്രമീകരിക്കുന്നത്. ഓരോ ലൈറ്റും എന്തിനു വേണ്ടി നൽകുന്നുവോ ആ ധർമം കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ കഴിയണം. ഉദാഹരണത്തിന്, പൂമുഖത്തു ഭംഗിയുള്ളൊരു ലൈറ്റ് നൽകിയെന്നിരിക്കട്ടെ. ഡോർ ബെല്ലും വരുന്നയാളുടെ മുഖവുമൊന്നും കൃത്യമായി കാണാൻ ആ ലൈറ്റ് സഹായിച്ചില്ലെങ്കിൽ വെളിച്ചത്തിന്റെ ക്രമീകരണം പരാജയമായി എന്നാണർത്ഥം.
കിച്ചൻ, സ്റ്റഡി ഏരിയ എന്നിവിടങ്ങളിലെല്ലാം കൃത്യമായ വെളിച്ച സംവിധാനം അത്യന്താപേക്ഷിതമാണ്. ടാസ്ക് ലൈറ്റുകളാണ് ഇത്തരം ഏരിയകളിൽ ആവശ്യം. അടുക്കളയിൽ നിഴൽ അധികം വീഴാത്ത രീതിയിൽ വേണം വെളിച്ചമൊരുക്കാൻ. പ്രായമായവരുടെ മുറികളിൽ ലൈറ്റ് നൽകുമ്പോഴും ഏറെ ശ്രദ്ധിക്കണം. അധികം സ്വിച്ചുകൾ അത്തരം മുറികളിൽ നൽകിയാൽ ഉപയോഗിക്കുന്നവർക്ക് ബുദ്ധിമുട്ട് തോന്നാൻ സാധ്യതയുണ്ട്. ചെറിയ കുട്ടികളുള്ള വീട്ടിൽ ടേബിള്‍ ലാംപും പെഡസ്ട്രിയൻ ലാംപും നൽകുന്നതും പ്രായോഗികമല്ല. ഇത് അപകടം വരുത്തി വയ്ക്കും. അതുപോലെ തന്നെയാണ് ബാത്റൂമിൽ സ്വിച്ചുകളും പ്ലഗുകളും നൽകുന്നതും ഈർപ്പം കൂടിയ സ്ഥലമായതിനാൽ ഷോക്കേൽക്കാനും അപകടങ്ങൾക്കുമൊക്കെയുള്ള സാധ്യത കൂടുതലാണ്.
പൂർണമായും കൃത്രിമ വെളിച്ചത്തെ മാത്രം ആശ്രയിക്കുന്ന രീതിയിൽ ആയിരിക്കരുത്. ഒരു വീട്ടിലെ ലൈറ്റിങ്, പകൽവേളകളിൽ സ്വാഭാവിക വെളിച്ചം നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ കഴിയണം. നല്ല രീതിയിലുള്ള പ്ലാനിങ് ആണ് ഇതിനു വേണ്ടത്. സൂര്യപ്രകാശം കടന്നു വരാത്ത മുറികൾ വേണ്ടെന്നു വയ്ക്കാൻ കഴിയണം. ജനലുകളും കിളിവാതിലുകളും വെന്റിലേറ്ററുകളുമെല്ലാം നൽകി സൂര്യവെളിച്ചത്തിന്റെ പൊൻപ്രഭ പകൽസമയത്ത് വീടിനെ പ്രകാശപൂരിതമാക്കട്ടെ, സ്റ്റെയർ കെയ്സിനു മുകളിലായി സ്കൈലൈറ്റുകൾ നൽകി വീടിന്റെ പ്രധാന ഏരിയകളിലെല്ലാം വെളിച്ചമെത്തിക്കുന്ന രീതിയും ഇപ്പോൾ സാധാരണമാണ്.
ഗോവണിയുടെ ഭിത്തിയുടെ താഴെ ഒന്നോ രണ്ടോ എൽഇഡി സ്പോട്ട് ലൈറ്റ് കൊടുത്ത് അപകടങ്ങൾ ഒഴിവാക്കാം. പ്രായമായവരുടെ മുറിയിലും ഇത്തരം ലൈറ്റുകൾ ആവശ്യമാണ്.
English Summary- Lighting arrangement in House Interior- Things to know