അടുക്കളയിൽ പാചകവാതകം ചോർന്നാൽ, തീപിടിച്ചാൽ ചെയ്യേണ്ട കാര്യങ്ങൾ
Mail This Article
പാചകവാതകത്തിനു മണമില്ലെങ്കിലും അതിൽ ഈഥൈൽ മെർകാപ്റ്റൻ കൂട്ടിക്കലർത്തിയാണു വിതരണത്തിന് എത്തിക്കുന്നത്. അതിനാൽ ഗ്യാസ് ലീക്കുണ്ടായാൽ മണംകൊണ്ട് അറിയാനാകും. വായുവിനെക്കാൾ ഭാരം കൂടുതലായതിനാൽ എൽപിജി നിലത്തുതന്നെ നിൽക്കും. അടച്ചിട്ട അടുക്കളയിലാണു ഗ്യാസ് ലീക്കുണ്ടാകുന്നതെങ്കിൽ തറയോടു ചേർന്ന ഭാഗം മുഴുവനും പാചകവാതകം പടർന്നിരിക്കും. പാചകവാതക ചോർച്ച ശ്രദ്ധയിൽപെട്ടാൽ ആദ്യം വാതിലുകളും ജനലുകളും സാവധാനം തുറക്കുക. ഇലക്ട്രിക്കൽ സ്വിച്ചുകൾ പ്രവർത്തിപ്പിക്കരുത്. ചെറിയ സ്പാർക്കിൽനിന്നു പോലും തീപിടിത്തമുണ്ടാകാം. എത്രയും വേഗം വീടിനുള്ളിൽനിന്നു പുറത്തുകടക്കുക. അഗ്നിരക്ഷാ സേനയുടെ സഹായം തേടുക.
വസ്ത്രത്തിനു തീപിടിച്ചാൽ
അടുക്കളയിൽ പാചകം ചെയ്യുന്നതിനിടെ വസ്ത്രത്തിനു തീപിടിക്കാൻ സാധ്യതയേറെ; പ്രത്യേകിച്ചും സാരിത്തുമ്പ്, ചുരിദാറിന്റെ ഷാൾ ഇവ അലക്ഷ്യമായി ഇട്ടിട്ടുണ്ടെങ്കിൽ. അടുപ്പത്തുനിന്നു ശ്രദ്ധ തെറ്റി എന്തെങ്കിലും എടുക്കാനായി പിന്നിലേക്കു തിരിയുമ്പോഴാണ് റിസ്ക്. തീ ആദ്യം പടരുന്നത് പിന്നിൽ ആയതിനാൽ ഉടൻ അറിയണം എന്നില്ല. ഇങ്ങനെ തീപിടിച്ചാൽ അടുത്ത് ആളുണ്ടെങ്കിൽ എത്രയും വേഗം ഒരു പുതപ്പു കൊണ്ടുവന്നു മൂടുക.
ഒറ്റയ്ക്കാണെങ്കിൽ കൈകൾ കൊണ്ടു രണ്ടു കണ്ണും സുരക്ഷിതമായി മൂടിയ ശേഷം നിലത്തു കിടന്നുരുളുക. ഇപ്രകാരം ചെയ്യുമ്പോൾ ഓക്സിജൻ ലഭ്യത ഇല്ലാതായി തീ താനേ അണയും. ഇത് അറിയാത്തവർ പരിഭ്രമിച്ച് ഇറങ്ങി ഓടാറുണ്ട്, കൂടുതൽ വായു/ഓക്സിജൻ ലഭിക്കുന്നതിനാൽ തീ ആളിക്കത്താൻ ഇതിടയാക്കും.
ഓർത്തിരിക്കാൻ
∙ പാചകം ചെയ്യുമ്പോൾ എളുപ്പം തീ പിടിക്കുന്ന നൈലോൺ വസ്ത്രങ്ങൾ ധരിക്കരുത്.
∙ സാരി, ഷാൾ എന്നിവ ഇളകിയാടാതെ ശ്രദ്ധിക്കുക.
∙ പാചകം ചെയ്യുമ്പോൾ ഏപ്രണുകൾ ധരിക്കുന്നതു ശരീരത്തിൽ പൊള്ളലേൽക്കാതിരിക്കാനും സഹായിക്കും.
English Summary- Gas Leakage, Fire in Kitchen- Remedial Measures