ഫ്രീസറിൽ ഇനി ഐസ് കുമിഞ്ഞു കൂടില്ല: ഇതാണ് പരിഹാരം
Mail This Article
റഫ്രിജറേറ്ററിന്റെ ഫ്രീസറിനുള്ളിൽ ഉപയോഗശൂന്യമായി കിടക്കുന്ന സ്ഥലത്ത് ഐസ് കുമിഞ്ഞു കൂടുന്നത് പലരും നേരിടുന്ന പ്രശ്നമാണ്. ഫ്രിജിനുള്ളിൽ സൂക്ഷിച്ചിരിക്കുന്ന ആഹാരപദാർഥങ്ങളുടെ രുചിയെയും ഘടനയെയുമൊക്കെ ഇത് ബാധിച്ചെന്നും വരും. ശരിയായി അടച്ചു സൂക്ഷിക്കാത്ത ഭക്ഷണ സാധനങ്ങൾ ഫ്രിജിനുള്ളിൽ ഉണ്ടെങ്കിൽ പറയുകയും വേണ്ട. ഫ്രിജിനുള്ളിൽ ഐസ് ഇത്തരത്തിൽ രൂപപ്പെടാതിരിക്കാനും വലിയതോതിൽ രൂപപ്പെട്ടവ നീക്കം ചെയ്യാനും ചില മാർഗങ്ങളുണ്ട്.
ഫ്രീസർ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന സമയത്ത് ഉള്ളിലേക്ക് പ്രവേശിക്കുന്ന വായുവിലെ ഈർപ്പമാണ് ഐസ് അടിഞ്ഞുകൂടുന്നതിന്റെ പ്രധാന കാരണം. ഈ ഈർപ്പം ഫ്രീസറിനുള്ളിലെ ചുവരുകളും കോയിലുകളും ഉൾപ്പെടെയുള്ള തണുത്ത പ്രതലങ്ങളിൽ ചേർന്ന് ഘനീഭവിച്ച് ഉറഞ്ഞുപോകുന്നു. ഇന്നിറങ്ങുന്ന പല റഫ്രിജറേറ്ററുകളും ഫ്രോസ്റ്റ് ഫ്രീയായാണ് നിർമിക്കപ്പെടുന്നതെങ്കിലും ചില സാഹചര്യങ്ങളിൽ ഇവയിലും ഐസ് രൂപീകൃതമാകാനുള്ള സാധ്യതയുണ്ട്. ഫ്രിഡ്ജിന്റെ അകത്തെ താപനിലയിൽ കാര്യമായ മാറ്റം വരുമ്പോഴോ ഏതെങ്കിലും കാരണവശാൽ അധികമായി ഈർപ്പം അകത്തു കടന്നു കൂടുമ്പോഴോ ഇത് സംഭവിക്കാം.
അടിക്കടി ഫ്രിജിന്റെ വാതിൽ തുറക്കാതിരിക്കുന്നതും അധികനേരം തുറന്നിടാതിരിക്കുന്നതുമാണ് ഇത് ഒഴിവാക്കാനുള്ള പ്രധാന മാർഗം. ഭക്ഷണപദാർത്ഥങ്ങൾ നന്നായി ചൂടാറിയതിനു ശേഷം മാത്രം ഫ്രിഡ്ജിനുള്ളിൽ വയ്ക്കാൻ ശ്രദ്ധിക്കണം. അല്ലാത്തപക്ഷം ചൂട് നീരാവി ഫ്രിജിനുള്ളിൽ നിറയുകയും ഐസ് രൂപംകൊള്ളാൻ കാരണമാവുകയും ചെയ്യും. ഫ്രീസറിൽ വയ്ക്കാനായി പ്രത്യേകം തയ്യാറാക്കിയ കണ്ടെയ്നറുകൾ ലഭ്യമാണ്. കഴിയുമെങ്കിൽ അവ തന്നെ തിരഞ്ഞെടുക്കാൻ ശ്രമിക്കുക. സാധാരണ പാത്രങ്ങളാണ് ഉപയോഗിക്കുന്നതെങ്കിലും എയർ ടൈറ്റ് ആയിട്ടുള്ളവയാണ് എന്ന് ഉറപ്പുവരുത്തണം.
ഫ്രിജിന്റെ ഡോർ സീലുകൾ കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് വായു കടന്നുകൂടാനുള്ള സാധ്യതയില്ല എന്ന് ഉറപ്പുവരുത്തണം. അഴുക്കുകൾ സീലിലെ പാളികൾക്കിടയിൽ ഉണ്ടെങ്കിൽ അല്പം സോപ്പും വെള്ളവും ഉപയോഗിച്ച് അത് തുടച്ചുനീക്കണം. ഇത്തരത്തിൽ തുടച്ചശേഷം സീലിൽ പൂപ്പൽ ഉണ്ടാക്കാതിരിക്കാൻ വാതിൽ അടയ്ക്കുന്നതിനു മുൻപ് നന്നായി ഉണങ്ങിയ നിലയിലാണെന്ന് ഉറപ്പുവരുത്തുക. ഫ്രീസറിന്റെ വെന്റുകൾ ഇടയ്ക്കിടെ പരിശോധിച്ച് വൃത്തിയാക്കുന്നത് ശരിയായ വായു സഞ്ചാരം നിലനിർത്താൻ സഹായിക്കുന്നു. ഈ വെൻ്റുകൾക്ക് തടസ്സമുണ്ടാകുന്ന തരത്തിൽ സാധനങ്ങൾ ഫ്രിഡ്ജിനുള്ളിൽ വയ്ക്കരുത്. വെൻ്റുക്കൾക്ക് സമീപം ഐസ് രൂപപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഫ്രീസർ ഡീഫ്രോസ്റ്റ് ചെയ്ത ശേഷം വെന്റുകൾ വൃത്തിയാക്കുക.
ഫ്രീസറിന്റെ ഉൾഭാഗം വൃത്തിയായി സൂക്ഷിക്കുക എന്നതാണ് പ്രധാനപ്പെട്ട മറ്റൊരു കാര്യം. അടുക്കോടെയും ചിട്ടയോടെയും ഫ്രിജ് സൂക്ഷിക്കുക. ഓരോതരം ഭക്ഷണവും സൂക്ഷിച്ചു വയ്ക്കുന്നതിന് അനുയോജ്യമായ ബാഗുകളും പാത്രങ്ങളും ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. ഉദാഹരണത്തിന് ശീതീകരിച്ച ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കാൻ പ്രത്യേക ബാഗുകളും അവ ഫ്രിജിനുള്ളിൽ തന്നെ തൂക്കിയിടാൻ ബൈൻഡർ ക്ലിപ്പുകളും ഉപയോഗിക്കാം.
അടിഞ്ഞുകൂടിയ ഐസ് നീക്കം ചെയ്യാൻ:
ഐസ് അടിഞ്ഞുകൂടിയ നിലയിലാണ് ഫ്രീസറെങ്കിൽ ലളിതമായ മൂന്ന് ഘട്ടങ്ങളിലൂടെ അവ നീക്കം ചെയ്യാം. ഐസ് അധികമായി ഇല്ലെങ്കിലും ഫ്രീസർ വൃത്തിയാക്കാനായി ഈ മാർഗ്ഗങ്ങൾ സ്വീകരിക്കാവുന്നതാണ്. ആദ്യമായി റഫ്രിജറേറ്റർ അൺപ്ലഗ് ചെയ്യണം. അതിനുശേഷം റഫ്രിജറേറ്റിലെയും ഫ്രീസറിലെയും എല്ലാ സാധനങ്ങളും പുറത്തെടുത്തു വയ്ക്കുക. ഫ്രീസറിലെ ഐസ് ഉരുകി തുടങ്ങിയ ശേഷം വെള്ളം വലിച്ചെടുക്കാൻ പാകത്തിലുള്ള തുണിയോ സ്പോഞ്ചോ ഉപയോഗിക്കാം. എല്ലാ ഷെൽഫുകളും ഡ്രോയറുകളും ഇന്റീരിയർ പ്രതലങ്ങളും ചെറു ചൂടുവെള്ളവും മൈൽഡ് സോപ്പ് ലായനിയുംകൊണ്ട് തുടയ്ക്കാം. അതിനുശേഷം നന്നായി ഉണങ്ങിയ ടവ്വൽ ഉപയോഗിച്ച് ഈ പ്രതലങ്ങൾ തുടച്ച് ഉണക്കിയെടുക്കുക. റഫ്രിജറേറ്ററിന്റെയും ഫ്രീസറിന്റെയും വാതിലുകൾ തുറന്നിട്ട് വായു സഞ്ചാരം ഉറപ്പാക്കി തന്നെ ഉണക്കിയെടുക്കുക. അല്ലാത്തപക്ഷം ദുർഗന്ധം തങ്ങിനിൽക്കാൻ ഇടയാകും. ഉൾഭാഗം നന്നായി ഉണങ്ങിയ ശേഷം ഫ്രീസറിന്റെ ഡോറുകൾ അടച്ച് ഉപയോഗിച്ചു തുടങ്ങാം.
ഐസ് നീക്കം ചെയ്യാൻ മൂർച്ചയുള്ള വസ്തുക്കൾ ഒരുകാരണവശാലും ഉപയോഗിക്കരുത്. ഐസുരുക്കാനായി ഹെയർ ഡ്രയർ പോലെയുള്ള വസ്തുക്കളും ഉപയോഗിക്കാൻ പാടില്ല.