ADVERTISEMENT

വീണ്ടും അടുക്കളയെപ്പറ്റി തന്നെ. ഭാര്യയ്ക്ക്  ഉചിതമായ അടുക്കള. ഭാര്യയുടെ ഉയരത്തിനനുസരിച്ചുള്ള അടുക്കള. ഭാര്യയുടെ സൗകര്യം നോക്കിയുള്ള അടുക്കള ഭാര്യയുടെ കൈയെത്തും ദൂരത്തുള്ള അടുക്കള എന്നൊക്കെ പറയുമ്പോളുണ്ടാകുന്ന ചില ജൻഡർ ഇഷ്യൂസുണ്ട്. പക്ഷേ സ്ത്രീയുടെ ഉയരം ആണുങ്ങളുടെ അതായത് ഭർത്താവിന്റെ ഉയരത്തേക്കാൾ കുറഞ്ഞു നിൽക്കുന്ന വീടുകളാണ് കേരളത്തിൽ ഏറ്റവും കൂടുതലുള്ളത് എന്നതുകൊണ്ടും

കേരളത്തിലെ വീട്ടടുക്കളകളിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ തന്നെയാണ് പാചകം ചെയ്യുന്നത് എന്നതുകൊണ്ടും സ്ത്രീയുടെ സൗകര്യമായിരിക്കണം ഓരോ അടുക്കളകളിലും ഉണ്ടാവേണ്ടത് എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമൊന്നുമില്ല. മാത്രമല്ല നല്ല അടുക്കളയെപ്പറ്റി, അടുക്കള എങ്ങനെയാകണം എന്നതിനെപ്പറ്റി സ്ത്രീകളോളം ഭാവനയും ആധികാരികതയും എന്തായാലും ആണുങ്ങൾക്കില്ല എന്ന് ഉറച്ച് വിശ്വസിക്കുന്ന ആളുമാണ് ഞാൻ. മനഃപൂർവ്വമല്ലാത്ത അധിക്ഷേപത്തിൽ പുരുഷൻമാർ എന്നോട് പൊറുക്കണം കേട്ടോ!.

മറ്റൊരു തരത്തിൽ പറഞ്ഞാൽ അത് വ്യക്തമാകും. വീട്ടിലെ അടുക്കളകളിൽ ഏറ്റവും കൂടുതൽ ജോലി ചെയ്ത് പാചകം ചെയ്ത് കാണപ്പെടുന്നത് പൊതുവെ സ്ത്രീകളാണ് എന്ന് പറഞ്ഞാൽ ഏത് ഉത്തരാധുനിക പുരുഷനും അത് നിരസിക്കാനാവില്ല നിഷേധിക്കാനുമാവില്ല. അതുകൊണ്ടാണ് അടുക്കളയെപ്പറ്റി ആധികാരികമായി പറയാനുള്ള അവകാശം അവർക്കാണെന്ന് ഞാൻ പറയുന്നത്. 

 

ഞാൻ പറയാൻ ശ്രമിക്കുന്ന കാര്യം പക്ഷെ അതൊന്നുമല്ല. മറ്റൊരു കാര്യമാണ്. അടുക്കള എവിടെ സ്ഥാപിക്കണം എന്നതിനെപ്പറ്റിയാണ് ചർച്ചാവിഷയം. അക്കാര്യത്തെപ്പറ്റി ഒട്ടേറെ അഭിപ്രായങ്ങൾ നിലവിലുണ്ട്. അടുക്കള വീടിന്റെ പുറകുവശത്താവണം. അടുക്കള വീടിന്റെ മുമ്പിലാവരുത്.

അടുക്കള വീടിന്റെ കിഴക്കേ വശത്താവണം. വടക്ക് കിഴക്കായാൽ ഉത്തമം. തെക്കാവരുത്. പടിഞ്ഞാറ് അടുക്കള വരാനേ പാടില്ല. അടുക്കളയെ മറ്റാരും കാണരുത്. അടുക്കളയിൽ നിന്നും ആരെയും കാണരുത്. റോഡിലൂടെ പോകുന്നവർക്ക് അടുക്കള കാണരുത്. വീട്ടിൽ വന്ന് ലിവിങ്ങിൽ   ഇരിക്കുന്ന അതിഥികൾ അടുക്കളയെ നേരിട്ട് കാണരുത്.അടുക്കള മണം അതിഥികളെ അനുഭവിപ്പിക്കരുത്. അങ്ങനെ അടുക്കളയെപ്പറ്റിയുള്ള അഭിപ്രായങ്ങൾക്ക് ഒരു പഞ്ഞവുമില്ലാത്ത സമ്പന്ന നാടാണിത്.

 

വാസ്തവത്തിൽ അടുക്കള വയ്‌ക്കേണ്ടത് എവിടെയാണ്? ഓർക്കണം അടുക്കള, കക്കൂസ് പോലെ തന്നെ വീട്ടിൽ നിന്ന് അകലത്തിൽ പണിത് അവിടെ പാചകം ചെയ്ത് വിഭവങ്ങൾ വീട്ടിലെത്തിച്ച് വിളമ്പികഴിച്ചവരായിരുന്നു നാം. അവരാണിപ്പോൾ നമ്മളായത്. അതായത് വീട്ടിൽ തന്നെ അടുക്കള പണിത് പാചകം ചെയ്ത് അവിടെ തന്നെയിരുന്ന് ഭക്ഷിക്കാനുള്ള ധൈര്യം കാണിച്ചുതുടങ്ങിയത്.

പിന്നീടുള്ള ചർച്ച അടുക്കളയ്ക്കും ഭക്ഷിക്കാനിരിക്കുന്ന ഇടത്തിനും ഇടയിൽ ഒരു ഭിത്തി വേണമോ എന്ന ചോദ്യമാണ്. ആ ചോദ്യവും അന്തരീക്ഷത്തിൽ കത്തി സജീവമായി നിൽക്കുകയാണ്. പലർക്കും പല ഉത്തരങ്ങളാണ്. വീടിനകത്ത് ഭിത്തികളെന്തിന് എന്ന ചോദ്യം ചോദിക്കുന്ന ഉൽപതിഷ്ണുക്കൾ പാരമ്പര്യഭിത്തിവാദക്കാരുമായി ഈ വിഷയത്തിൻമേൽ ഉഗ്രയുദ്ധം ചെയ്യുന്നത് പതിവാണ്.

ഈ കുറിപ്പെഴുത്തുകാരനായ ഞാനെന്തായാലും ഈ വിഷയത്തിൽ ഉൽപതിഷ്ണുക്കളോടൊപ്പം നിൽക്കാനാണ് ഇഷ്ടപ്പെടുന്നത്. ഭിത്തിരഹിത ഭവനം എന്ന് കേട്ടാലേ കലികേറും പലർക്കും. ഭിത്തിരാഹിത്യം സമം ബുദ്ധിരാഹിത്യം എന്നാണ് അക്കൂട്ടർ പറയുന്നത്. മേൽക്കൂരയുടെ ഭാരവിതരണത്തിനാണ് ഭിത്തികൾ എന്ന് പറഞ്ഞാൽ അതിൽ പകുതി ശരിയുണ്ട്. കാരണം

ഭൂമിയിലേക്ക് ഭാരവിതരണം നടത്താൻ മറ്റ് ചില മാർഗ്ഗങ്ങളുണ്ടല്ലോ. അകത്തുള്ള ഇടത്തെ ഇല്ലാതാക്കിയുള്ള ഭിത്തി സമ്പന്ന വീടുകളെന്തിന് നമുക്ക് എന്നതാണ് എന്റെ ചോദ്യം. തുടങ്ങിയ വിഷയത്തിൽ നിന്ന് തെന്നിമാറിയാണിപ്പോൾ യാത്ര ചെയ്യുന്നത്. ഭിത്തിരഹിത ഭവനത്തെപ്പറ്റി ചർച്ചകൾ നടക്കട്ടെ. നമുക്ക് അടുക്കളയെപ്പറ്റി പറയാം.

അടുക്കളയിൽ നിന്നാൽ വീടിന്റെ മുൻഭാഗവും ഗേറ്റും കാണണ്ടേ? കാണുന്നതല്ലേ നല്ലത്? അങ്ങനെ കാണുന്ന തരത്തിൽ അടുക്കള ലൊക്കേറ്റ് ചെയ്യുന്നതല്ലേ നല്ലത്. അങ്ങനെ ചെയ്താൽ പലതുണ്ട് ഗുണം. ഏറ്റവും കൂടുതൽ തുറസായ സ്ഥലത്തേക്ക് ജനാല തുറക്കുന്നതിനാലും ചെടികളുടെയും പൂക്കളുടെയും സാന്നിധ്യം കൂടുതലായതിനാലും പടികയറി വരുന്ന അപരിചിതരെയോ പരിചിതരെയോ കാണാമെന്നതിനാലും വീട്ടിനകത്താളുണ്ട് എന്ന് പുറത്തുള്ളവർക്ക് തോന്നലുണ്ടാക്കാനും മുറ്റത്ത് ഓടികളിക്കുന്ന കുട്ടികളെ കാണാമെന്നതിനാലും പുറകിലെവിടെയെങ്കിലും ആരും കാണാതെ ആരെയും കാണാതെ അടുക്കള ഉണ്ടാക്കുന്നതിനേക്കാൾ വീടിന്റെ ഉമ്മറത്ത് അടുക്കള വരുന്നതല്ലേ നല്ലത്?

യെസ് അതാണ് നല്ലത് എന്നാണ് ഞാൻ കരുതുന്നത്. മുൻഭാഗത്താകുമ്പോൾ മറ്റൊരു ഗുണമുണ്ട്. ലിവിങ്ങിലിരിക്കുന്ന അതിഥികളോടോ അല്ലാത്തവരോടോ സംസാരിച്ചുകൊണ്ട് പാചകം ചെയ്യാൻ സൗകര്യവുമുണ്ട്. ഇത് പറയാനാണോ താനിത്ര ചുറ്റ് ചുറ്റിയതെന്ന് ചോദിക്കരുത്. ഓരോ മാറ്റവും സംഭവിക്കുന്നത് ദീർഘമായ യാത്രകളും അനുഭവങ്ങളും പാഠങ്ങളും പാളീച്ചകളും പൊളിച്ചെഴുത്തുകളും

ഒക്കെ സംഭവിച്ചുകൊണ്ടാണല്ലോ. അടുക്കള എവിടെയായാലെന്ത് പാചകം ചെയ്യുന്ന വിഭവങ്ങൾക്ക് നല്ല രുചിയുണ്ടായാൽ മതിയല്ലോ എന്ന നിഷ്പക്ഷവാദക്കാരോട് ഏറ്റുമുട്ടാൻ ഈ ചന്തുവില്ല മക്കളേ. പക്ഷേ ഒരു കാര്യമുണ്ട്. അടുക്കള മുമ്പിൽ സ്ഥാപിച്ചാൽ പ്രശ്നവുമുണ്ട്. പിരിവുകാരെ ഭയന്ന് വാതിലടച്ച് ആരെയും കാണാതെ അവർ പോകുന്നതുവരെ  വീട്ടിലിരിക്കാനാവില്ല എന്നത് ഒരു പ്രശ്നം തന്നെയാണ്. പിരിവ് ശല്യം നിസ്സാരമായ പ്രശ്നമല്ലല്ലോ ചിലയിടത്തെങ്കിലും...

English Summary- Kitchen in Kerala House- Some Thoughts-Veedu Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com